അധ്യയന വര്‍ഷം തുടങ്ങാന്‍ വൈകുന്നത് വിദൂര വിദ്യാഭ്യാസ രംഗത്തും ആശങ്ക
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ വൈകുന്നത് വിദൂര വിദ്യാഭ്യാസ രംഗത്തും ആശങ്കയുണ്ടാക്കുന്നു. കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകളിലെ ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് (ഒ.ഡി.എല്‍) കോഴ്‌സുകളുടെ അംഗീകാരം യു.ജി.സി താല്‍ക്കാലികമായി നിര്‍ത്തിയതിനാല്‍ ഈ വര്‍ഷത്തെ പ്രവേശനം അനിശ്ചിതമായി വൈകുകയാണ്.
ഇതിനു പുറമേ റഗുലര്‍ ക്ലാസുകളുടെ നാല്‍പത് ശതമാനമെങ്കിലും ഓണ്‍ലൈനില്‍ നടത്തണമെന്ന യു.ജി.സി മാര്‍ഗനിര്‍ദേശമുള്ളതിനാല്‍ വിദൂര-ഓപ്പണ്‍ വിദ്യാഭ്യാസ കോഴ്‌സുകളെ ഓണ്‍ലൈന്‍ പഠനവുമായി സമന്വയിപ്പിക്കാന്‍ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരാനാണ് യു.ജി.സി തയാറെടുക്കുന്നത്.
2020-21 വര്‍ഷത്തേക്കുള്ള വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ പുതുതായി അംഗീകരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തന്നെ യൂനിവേഴ്‌സിറ്റികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എങ്കിലും അടുത്തിടെയാണ് യു.ജി.സി ഈ അപേക്ഷകള്‍ നിരസിച്ചതായി യൂനിവേഴ്‌സിറ്റികളെ അറിയിച്ചത്. പുതിയ ഇന്റഗ്രേറ്റഡ് ഒ.ഡി.എല്‍ കോഴ്‌സുകളും ഓണ്‍ലൈന്‍ പഠനത്തിനായി പുതിയ നയവും കൊണ്ടുവന്നുകഴിഞ്ഞാല്‍ യൂനിവേഴ്‌സിറ്റികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. പുതിയ വിജ്ഞാപനമനുസരിച്ച് യു.ജി.സി അംഗീകാരം ലഭിക്കുന്നതിനും ക്ലാസുകള്‍ ആരംഭിക്കുന്നതിനും മാസങ്ങളെടുക്കുമെന്ന് വിദൂരവിദ്യാഭ്യാസ രംഗത്തെ അധ്യാപകര്‍ പറയുന്നു. കാലിക്കറ്റ്, കണ്ണൂര്‍, കേരള സര്‍വകലാശാലകളില്‍ ഒ.ഡി.എല്‍ കോഴ്‌സുകളിലേക്ക് പ്രതിവര്‍ഷം പ്രവേശനം നേടുന്നത് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ്. പ്രവേശനം അനിശ്ചിതത്വത്തിലായതോടെ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്.
എന്നാല്‍ സാധാരണ റഗുലര്‍ ക്ലാസുകള്‍ ആരംഭിച്ച് കഴിഞ്ഞു തുടങ്ങുന്ന വിദൂര വിദ്യാഭ്യാസ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ഇത്തവണ നേരത്തേ തന്നെ ആരംഭിച്ച് സാധാരണ സമയത്ത് അവസാനിക്കുന്ന രീതിയില്‍ ക്രമീകരിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഓപ്പണ്‍, വിദൂര പഠന കോഴ്‌സുകളുടെ മാനദണ്ഡങ്ങളില്‍ ഇളവു വരുത്താന്‍ യു.ജി.സി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ 3.26 ഓ അതില്‍ കൂടുതലോ സി.ജി.പി.എ (ക്യുമുലേറ്റീവ് ഗ്രൈഡ് പോയിന്റ് ആവറേജ്) ഉള്ള നാക് (എന്‍.എ.എ.സി) അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഒ.ഡി.എല്‍ കോഴ്‌സുകള്‍ നല്‍കാന്‍ അനുമതിയുള്ളത്. കുറഞ്ഞ സ്‌കോര്‍ ഉള്ളവര്‍ താല്‍ക്കാലിക അംഗീകാരം നേടേണ്ടതുണ്ട്. യു.ജി.സി ഈ മാനദണ്ഡം 3.0 സി.ജി.പി.എ ആയി കുറക്കാനാണ് ആലോചിക്കുന്നത്. കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ക്ക് യഥാക്രമം 3.13, 3.03 എന്നിങ്ങനെയാണ് സി.ജി.പി.എ. ഈ മാനദണ്ഡം വന്നാലും 2.19 നാക് സ്‌കോറുള്ള കണ്ണൂര്‍ സര്‍വകലാശാല കോഴ്‌സുകള്‍ തുടങ്ങാന്‍ താല്‍ക്കാലിക അംഗീകാരത്തിന് വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."