കുന്നമംഗലം വയല്‍ റോഡില്‍ വിള്ളല്‍; നാട്ടുകാരില്‍ ആശങ്ക
മേപ്പാടി: ചെമ്പ്രമലയുടെ താഴ്വാര പ്രദേശമായ കുന്നമംഗലം വയലില്‍ റോഡില്‍ വിള്ളല്‍ വീണത് നാട്ടുകാരില്‍ ആശങ്കക്ക് കാരണമായി.
കുന്നമംഗലം വയല്‍ കാപ്പംകൊല്ലി റോഡില്‍ നൂറ് മീറ്ററോളം നീളത്തിലാണ് വലിയ വിള്ളല്‍ രൂപപെട്ടത്. നാല് ദിവസം മുന്‍പ് ചെറിയ തോതില്‍ കണ്ട വിള്ളല്‍ ഇപ്പോള്‍ വലുതായി വരുന്നതായി പ്രദേശവാസികള്‍ പറയുന്നു. പത്ത് വര്‍ഷം മുന്‍പ് അപൂര്‍വ പ്രതിഭാസമായ പൈപ്പിങ് അനുഭവപ്പെട്ട പ്രദേശമാണിത്. അന്ന് ഭൂമി നിരങ്ങി നീങ്ങുകയും വീടുകളില്‍ വിള്ളല്‍ വീഴുകയും ഉണ്ടായി. ഭൂമിക്കടിയിലൂടെയുള്ള ജലപ്രവാഹമാകാം പ്രതിഭാസത്തിന് കാരണമെന്നായിരുന്നു വിദഗ്ധരുടെ കണ്ടെത്തല്‍. പ്രദേശത്ത് ജനജീവിതം സുരക്ഷിതമല്ലെന്നും കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മാറി താമസിക്കുന്നതിനായി മുക്കംകുന്നില്‍ ഭൂമി നല്കി. എന്നാല്‍ പ്രദേശവാസികള്‍ മാറി താമസിക്കാന്‍ തയാറായില്ല. വാസയോഗ്യമായ ഭൂമിയല്ല തങ്ങള്‍ക്ക് ലഭിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇപ്പോള്‍ പ്രദേശത്തെ റോഡില്‍ രൂപപ്പെട്ടതിന് സമാനമായ വിള്ളലാണ് അന്നും ആദ്യം ഉണ്ടായത്. തുടര്‍ന്നാണ് വീടുകള്‍ക്ക് വിള്ളല്‍ വീഴുകയും കൃഷിയിടം നിരങ്ങി നീങ്ങുകയും ചെയ്തത്.
തുടര്‍ന്ന് ഭൂമി നിരങ്ങിനീങ്ങിയതിന്റെ കാരണം കണ്ടെത്താന്‍ കേന്ദ്ര സംഘം സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്നാണ് പൈപ്പിങ് പ്രതിഭാസമാകാം ഉണ്ടായതെന്ന നിഗമനത്തില്‍ എത്തിയത്. മേപ്പാടി പഞ്ചായത്തിലെ ഏഴ്, പതിനഞ്ച് വാര്‍ഡുകളില്‍ ഉള്‍പെടുന്ന പ്രദേശത്താണ് കനത്ത മഴയെ തുടര്‍ന്ന് ഭൂമി നിരങ്ങി നീങ്ങുകയും വിള്ളല്‍ വീഴുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."