നാടിന്റെ നൊമ്പരമായി അജ്മല്‍; കണ്ണീരണിഞ്ഞ് വള്ളിത്തോട്
പേര്യ: പേര്യ 38ലെ തയ്യുള്ളതില്‍ അയ്യൂബ്-റസീന ദമ്പതികളുടെ മകന്‍ അജ്മലിന്റെ വിയോഗം നാടിന്റെ നൊമ്പരമായി. കണ്ണീരണിഞ്ഞാണ് കുരുന്നിന്റെ ജനാസ വള്ളിത്തോടുകാര്‍ ഒരുനോക്ക് കണ്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായ അജ്മലിനായി നാട് ഒന്നാകെ ഊണും ഉറക്കവും മറന്ന് അന്വേഷണത്തിലായിരുന്നു. നാല് ദിവസത്തെ തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച രാവിലെ വരയാല്‍ 42ലെ തോട്ടില്‍ നിന്ന് അജ്മലിന്റെ മൃതദേഹം കിട്ടിയത്. പ്രദേശത്തെ ഒരു വീട്ടമ്മ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാളാട് നിന്ന് തിരച്ചിലിനെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് മൃതദേഹം തോട്ടില്‍ നിന്നെടുത്തത്. തിങ്കളാഴ്ച വൈകീട്ട് 5.45ഓടെയാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടിലെത്തിച്ചത്. നാടിന്റെ നാനാഭാഗത്തു നിന്നും നൂറുകണക്കിനാളുകളാണ് ഇവിടേക്ക് തങ്ങളുടെ പൊന്നോമനയെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടീലേക്ക് നടന്നുപോകുമ്പോള്‍ കാല്‍വഴുതി കുത്തിയൊലിച്ച് ഒഴുകുന്ന വള്ളിത്തോട്ടില്‍ വീഴുകയായിരുന്നു അജ്മല്‍. ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതിനാല്‍ ഇത് ആരും അറിഞ്ഞിരുന്നില്ല. എത്തേണ്ട സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കുട്ടി തോട്ടില്‍ അകപ്പെട്ടതെന്ന നിഗമനത്തില്‍ നാട്ടുകാര്‍ എത്തിയത്. ഇതോടെ പൊലിസും അഗ്നിശമനസേനയും നാട്ടുകാരും തോട്ടില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ചെരിപ്പും, തൊപ്പിയും തോടരികില്‍ നിന്ന് വെള്ളിയാഴ്ച തന്നെ കിട്ടിയതോടെ തോട്ടില്‍ അകപ്പെട്ടെന്നത് ഉറപ്പിച്ചു. എന്നാല്‍ രണ്ടുദിവസം തിരച്ചില്‍ നടത്തിയിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ജില്ലാ ഭരണകൂടം നേവിയുടെ സഹായം തേടുകയായിരുന്നു. ജില്ലയിലെ വിവിധ പ്രദേശത്ത് നിന്ന് എത്തിയ സന്നദ്ധപ്രവര്‍ത്തകരും തിരച്ചിലില്‍ പങ്കാളിയായിരുന്നു. പേരിയ 38ല്‍ നിന്ന് കേവലം 100 മീറ്റര്‍ മാത്രം അകലെയാണ് അയ്യൂബിന്റെ വീട്.
ചെറിയ നടപ്പാലം കടന്ന് തോടരികിലൂടെയാണ് വീട്ടീലേക്ക് പോകുന്ന വഴി. ഇവിടെയുള്ള ഏഴോളം വീട്ടുകാര്‍ ഈ വഴി തന്നെയാണ് കാലങ്ങളായി യാത്ര ചെയ്യുന്നത്. ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള വള്ളിത്തോട് ജുമാമസ്ജിദില്‍ പലപ്പോഴും ഒറ്റയ്ക്കായിരുന്ന കുട്ടി പോയിരുന്നത്. പേരിയ 38ല്‍ പോയി നിത്യേന രാവിലെ പാല് വാങ്ങുന്നത് അജ്മല്‍ ഈ വഴി പോയി തന്നെയാണ്. എറണാകുളത്ത് സ്വകാര്യ കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അയ്യൂബ് ഒന്നര മാസം കൂടുമ്പോള്‍ മാത്രമാണ് വീട്ടിലെത്തുന്നത്. വെള്ളിയാഴ്ച രാവിലെ പള്ളിയിലേക്ക് അജ്മല്‍ പ്രാര്‍ഥനക്കായി പോകുമ്പോള്‍ ഉപ്പ കഴിഞ്ഞ പെരുന്നാളിന് വാങ്ങിയ പുതിയ വസ്ത്രങ്ങളാണ് ധരിച്ചത്. മുന്‍പ് പെരുന്നാളിന് മാത്രമാണ് ഈ വസ്ത്രം ഉപയോഗിച്ചത്. പള്ളിയില്‍ പോകാനും, പാലു വാങ്ങാന്‍ പോകാനും ഒരു സൈക്കിള്‍ വാങ്ങിത്തരണമെന്ന് അജ്മല്‍ ആവശ്യപ്പെട്ടതായി അയ്യൂബ് പറഞ്ഞു. ഈയൊരു ആഹ്രഹം സാധിച്ച് കൊടുക്കാന്‍ കഴിയാത്തതിന്റെ വേദനയിലാണ് അയ്യൂബ്. അജ്മലിനെ കാണാതായത് മുതല്‍ ജില്ലാ ഭരണകൂടവും ജനപ്രധിനിധികളും തിരച്ചിലിനായി എല്ലാം മറന്ന് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ നാല് ദിവസവും സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി.
ദുരന്തമുഖങ്ങളില്‍ സാന്ത്വനമായി വിഖായ
പേരിയ: ദുരന്തമുഖങ്ങളില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സാന്ത്വനമാകുകയാണ് എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഖായ ആക്ടീവ് വിങ് പ്രവര്‍ത്തകര്‍. വെള്ളിയാഴ്ച കാണാതായ അജ്മിലിനായി ഞായറാഴ്ച സ്ഥലത്തെത്തിയ ഇവര്‍ വൈകിട്ട് വരെ തിരച്ചിലില്‍ പങ്കാളികളായി. ജലീല്‍ വൈത്തിരി, റഷീദ് കല്ലുവയല്‍, റസാഖ് തോല്‍പ്പെട്ടി, റഫീഖ് തോല്‍പ്പെട്ടി, മുജീബ് അമ്പലച്ചാല്‍, അനസ് അമ്പലച്ചാല്‍, സിറാജുദ്ധീന്‍ കമ്പളക്കാട്, ഷെമീര്‍ കമ്പളക്കാട്, മുഹമ്മദലി വെള്ളമുണ്ട, കബീര്‍ മുസ്‌ലിയാര്‍ വടുവന്‍ചാന്‍, മുജീബ് അഞ്ചുകുന്ന്, ഷെരീഫ് മീനങ്ങാടി എന്നിവരാണ് വിഖായ ആക്ടീവ് വിങിലെ പ്രവര്‍ത്തകര്‍.
ദുരന്തമുഖത്ത്
നിഴലിച്ചത് വള്ളിത്തോടിന്റെ മതസാഹോദര്യം
പേരിയ: അജ്മലിനെ കാണാതായ വാര്‍ത്ത പരന്നതോടെ വള്ളിത്തോടുകാര്‍ ഒറ്റ മനസായി പ്രാര്‍ഥനിയലായിരുന്നു. പിഞ്ചോമനക്ക് അപകടങ്ങളൊന്നും വരുത്തല്ലേയെന്ന്. തോടിന് സമീപത്ത് നിന്ന് ചെരിപ്പും തൊപ്പിയും ലഭിച്ചതറിഞ്ഞതോടെ നാടൊന്നടങ്കം തോട്ടില്‍ തിരച്ചിലിനിറങ്ങി. കിലോമീറ്ററുകളോളം ഇരു കരയിലും അവര്‍ തങ്ങളുടെ പിയ്ര പുത്രനായി തിരച്ചില്‍ നടത്തി. തിരച്ചിലിനായി ജില്ലയുടെയും തലസ്ഥാനത്തിന്റെയും പലഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തും അവര്‍ കൂടെ നിന്നു.
തിരച്ചില്‍
പുനരാരംഭിച്ചത് കുട കിട്ടിയതോടെ
പേരിയ: വെള്ളിയാഴ്ച കാണാതായ അജ്മലിനായി രണ്ട് ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാവാത്തതോടെയാണ് നേവിയുടെ സഹായം ജില്ലാ ഭരണകൂടം തേടിയത്.
തുടര്‍ന്ന് ഞായറാഴ്ച നേവിയുടെ മുങ്ങല്‍ വിദഗ്ധരെത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഇവര്‍ക്കൊപ്പം തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലിസില്‍ നിന്നുള്ള ആറംഗ സംഘവും, എസ്.കെ.എസ്.എസ്.എഫ് വിഖായ ആക്റ്റീവ് അംഗങ്ങളും, കല്‍പ്പറ്റയിലെ തുര്‍ക്കി ജീവന്‍ രക്ഷാസമിതി അംഗങ്ങളും വാളാട്, പേര്യ 36ലെ സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും തിരച്ചില്‍ തുടര്‍ന്നു. എന്നാല്‍ വൈകിട്ടായിട്ടും ഒരു തുമ്പും കിട്ടിയില്ല. ഇതോടെ കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകുമോ എന്ന ചര്‍ച്ചയും പൊന്തിവന്നു. ഇതോടെ തിരച്ചില്‍ നിര്‍ത്താനുള്ള തയാറെടുപ്പിലായിരുന്നു എല്ലാവരും. ഇതിനിടെയാണ് പാലത്തില്‍ നിന്നു അരക്കിലോമീറ്റര്‍ അകലത്തില്‍ തോട്ടില്‍നിന്ന് കുട്ടിയുടെ കുട ലഭിക്കുന്നത്.
ഇവിടെ തിരച്ചില്‍ നടത്തുകയായിരുന്ന വിഖായ പ്രവര്‍ത്തകര്‍ക്കാണ് കുട കിട്ടിയത്. ചളിയില്‍ പുതഞ്ഞ് കിടന്ന കുട പുറത്തെടുത്ത് നിവര്‍ത്തിയപ്പോള്‍ അജ്മലിന്റെ പേര് കുടയില്‍ എഴുതിയത് കണ്ടു. തുടര്‍ന്ന് കുട റവന്യൂ ഉദേ്യാഗസ്ഥനെ ഏല്‍പ്പിച്ചു. ഇതോടെ കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടെന്നും കുട്ടിയെ കണ്ടെത്തുന്നത് വരെ തിരച്ചില്‍ തുടരാനും തീരുമാനിക്കുകയായിരുന്നു. പിന്നീട് ഇന്നലെ രാവിലെ വീണ്ടും തിരച്ചില്‍ തുടരുന്നതിനിടെയാണ് നാല് കിലോമീറ്റര്‍ ഇപ്പുറത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."