കനത്ത മഴയും വെള്ളപ്പൊക്കവും: വെള്ളം കയറിയ കുന്ദമംഗലം എക്‌സൈസ് ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റി
കുന്ദമംഗലം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വെള്ളം കയറിയ കുന്ദമംഗലം എക്‌സൈസ് ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റി. കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിലാണ് ചെത്തുക്കടവ് പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഓഫിസില്‍ വെള്ളം കയറിയത്.
ഓഫിസിനുള്ളില്‍ വെള്ളം കയറിയതോടെ കിട്ടിയ സാധനങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റിയിട്ടിരിക്കുകയാണ്. കോടതിയില്‍ ഹാജരാക്കേണ്ട തൊണ്ടി മുതല്‍ അടക്കമുള്ള രേഖകള്‍ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഓഫിസിനുള്ളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുറേ സാധനങ്ങള്‍ ജീവനക്കാര്‍ മാറ്റിയെങ്കിലും വെള്ളത്തില്‍ പാമ്പിനെ കണ്ടതോടെ ജീവനക്കാര്‍ ഭയന്നു. ഇതോടെ ഓഫിസിലുണ്ടായിരുന്ന പല സാധനങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി വെള്ളം കുറഞ്ഞപ്പോള്‍ വയലില്‍ നിന്നുംമറ്റും കുറേ സാധനങ്ങള്‍ കിട്ടിയെങ്കിലും പല സാധനങ്ങളും നഷ്ടപ്പെട്ടതായി ജീനക്കാര്‍ പറയുന്നു. വെള്ളം കയറിയ ഓഫീസില്‍ നിന്ന് മാറ്റിയ സാധനങ്ങള്‍ ഇപ്പോള്‍ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചോര്‍ന്നൊലിക്കുന്ന ഈ കെട്ടിടത്തില്‍ ഫയലുകള്‍ മുറിയില്‍ കൂട്ടിയിരിക്കുകയാണ്. ഓണം പ്രമാണിച്ച് വ്യാജ വാറ്റുകാര്‍ക്കെതിരേ കര്‍ശന പരിശോധന നടത്തേണ്ട ഈ സമയത്ത് എക്‌സൈസ് പരിശോധന നിലച്ചതോടെ വ്യാജ വാറ്റ് വര്‍ധിച്ചതായി പരാതിയുണ്ട്. ചെത്തുക്കടവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഓഫിസിന് കുന്ദമംഗലത്ത് പണി പൂര്‍ത്തീകരിച്ച മിനി സിവില്‍ സ്‌റ്റേഷനില്‍ ഓഫിസ് അനുവദിച്ചിട്ടുണ്ട്. പണി പൂര്‍ത്തീകരിച്ച മിനി സിവില്‍ സ്‌റ്റേഷനില്‍ ഉദ്ഘാടനം നടത്തുന്നതിന് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ കാത്തിരിക്കുകയാണ്. വൈദ്യുതി കണക്ഷന് വേണ്ടി ആവശ്യമായ തുക വൈദ്യുതി ബോര്‍ഡില്‍ അടച്ചിട്ടുണ്ട്. വൈദ്യുതി ലഭിക്കുന്നതിനായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലത്ത് കൂടി കേബിള്‍ കൊണ്ടുപോകുന്നതിന് അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി വൈദ്യുതി ബോര്‍ഡ് ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഈ അനുമതി ലഭിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ വൈദ്യുതി കണക്ഷന്‍ ഉടന്‍ നല്‍കാന്‍ സാധിക്കുമെന്ന് കുന്ദമംഗലം സബ് ഡിവിഷന്‍ എഞ്ചിനീയര്‍ അജിത്ത് പറഞ്ഞു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ നിന്ന് നശിക്കാതെ കിട്ടിയ രേഖകള്‍ സൂക്ഷിക്കാന്‍ മിനി സിവില്‍ സ്‌റ്റേഷനില്‍ എക്‌സൈസ് വകുപ്പിന് അനുവദിച്ച ഓഫിസില്‍ സൗകര്യം ഒരുക്കണമെന്നാണ് എക്‌സൈസ് ഓഫിസിലെ ജീവനക്കാരുടെ ആവശ്യം. ഇല്ലെങ്കില്‍ ബാക്കി വന്ന ഫയലുകളും തൊണ്ടി മുതലുകളും ഇവിടെ കിടന്ന് നശിക്കും. ഇപ്പോള്‍ എക്‌സൈസ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് സ്വകാര്യ വ്യക്തിയുടെ ഔദാര്യത്തിലാണ്. ഇവിടെ നിന്ന് ഒഴിഞ്ഞു കൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
അധികൃതര്‍ കണ്ണു തുറന്നില്ലെങ്കില്‍ ഇനിയും എക്‌സൈസ് വകുപ്പിന്റെ പല കേസുകളുടെയും രേഖകള്‍ നഷടപ്പെടാന്‍ സാധ്യതയുണ്ട്. കലക്ടര്‍ അടക്കമുള്ളവര്‍ ശ്രമിച്ചാല്‍ റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള മിനി സിവില്‍ സ്‌റ്റേഷനില്‍ എക്‌സൈസ് ഓഫിസിന് അനുവദിച്ച ഓഫിസില്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ തല്‍ക്കാലം അനുമതി നല്‍കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."