രാമക്ഷേത്ര തറക്കല്ലിടല്‍ ചടങ്ങില്‍ ഉമാഭാരതി പങ്കെടുക്കില്ല
'പ്രധാനമന്ത്രിയടക്കമുള്ളവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക'
ലക്‌നൗ: നാളെ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര നിര്‍മാണത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും അനിശ്ചിതത്വത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പങ്കെടുക്കുമെന്നറിയിച്ച പരിപാടിക്കു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കടക്കം കൊവിഡ് സ്ഥിരീകരിച്ചതാണ് ഇതിനു കാരണം.
കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ അമിത് ഷാ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷവും അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചില കേന്ദ്രമന്ത്രിമാര്‍ നിരീക്ഷണത്തില്‍ പോകുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിരുന്നു.അതേസമയം, കൊവിഡ് വ്യാപനം കാരണം താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി നേതാവും ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതിയുമായ ഉമാഭാരതി ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ചടങ്ങിലെ അതിഥികള്‍ പിരിഞ്ഞുപോയ ശേഷം താന്‍ അയോധ്യയിലെത്തുമെന്നും ഉമാഭാരതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഭോപ്പാലില്‍നിന്ന് അവര്‍ പുറപ്പെട്ടുവെന്നാണ് വിവരം. അമിത് ഷായ്ക്കു കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യസ്ഥിതിയില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഉമാഭാരതി ട്വീറ്റ് ചെയ്തു.
അതേസമയം, ബാബരി പൊളിച്ച കേസിലെ പ്രതികളും ബി.ജെ.പി നേതാക്കളുമായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരെ ചടങ്ങിലേക്കു ക്ഷണിച്ചില്ലെന്ന വാര്‍ത്ത നേരത്തെ വിവാദമായിരുന്നു. പിന്നീട് ഇവര്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചടങ്ങില്‍ പങ്കെടുക്കുമെന്നു ട്രസ്റ്റ് ഭാരവാഹികള്‍ അറിയിക്കുകയും ചെയ്തു.
രാമരാജ്യത്തിലേക്കുള്ള ആദ്യപടിയെന്ന് ശിവരാജ് സിങ് ചൗഹാന്‍
ഭോപ്പാല്‍: നരേന്ദ്രമോദിക്കു കീഴില്‍ ഇന്ത്യ രാമരാജ്യമാകുന്നതിന്റെ ആദ്യപടിയാണ് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍. അതിനാല്‍ ക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തുടക്കംകുറിക്കുന്ന ദിവസം വീടുകളില്‍ വിളക്കുകള്‍ കത്തിച്ചും ഹനുമാന്‍ ചാലിസ ചൊല്ലിയും സന്തോഷം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കൊവിഡ് സ്ഥിരീകരിക്കപ്പെട്ട ചൗഹാന്‍, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. നേരത്തെ, രാമക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചും പ്രശംസിച്ചും മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥും ദിഗ് വിജയ് സിങ്ങും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."