ഖത്തറില്‍ ഇറക്കുമതി കാര്‍ഷിക ഉല്‍പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കി
ദോഹ: ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി. കീടനാശിനികളുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് അഞ്ച് മധ്യപൂര്‍വ രാജ്യങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും ഇറക്കുമതി യു.എ.ഇ നിരോധിച്ചതിന് പിന്നാലെയാണ് ഖത്തറും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഇറക്കുമതിക്ക് പൂര്‍ണനിരോധനം ഏര്‍പ്പെടുത്താന്‍ ഖത്തര്‍ തയാറായിട്ടില്ല. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിശോധനാ നടപടികള്‍ സ്വീകരിക്കുന്നത്.
ലെബനന്‍,ഒമാന്‍,ഈജിപ്ത്,ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളിലും പഴങ്ങളിലുമുള്ള കീടനാശിനിയുടെ സാന്നിധ്യം പരിശോധിച്ച ശേഷം മാത്രമേ വിപണിയില്‍ എത്തിക്കാനുള്ള അനുമതി നല്‍കാവൂവെന്ന് രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലേക്കും പൊതുജനാരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഈജിപ്തില്‍ നിന്നുള്ള വ്യത്യസ്ത ഇനം മുളക്, ജോര്‍ദാനില്‍ നിന്നുള്ള കാബേജ്, കോളിഫ്‌ളവര്‍, ലെറ്റൂസ്, കൂസ, ബീന്‍സ്, വഴുതന, പെപ്പര്‍, ലെബനില്‍ നിന്നുള്ള ആപ്പിള്‍, ഒമാന്‍ മധുര തണ്ണിമത്തന്‍, കാരറ്റ്, റോക്കറ്റ് സാലഡ് എന്നിവ കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം.
ഇറക്കുമതി ചെയ്യുന്ന എല്ലാ പച്ചക്കറി, പഴവര്‍ഗങ്ങളും സുരക്ഷിതമെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. സംയുക്ത മനുഷ്യ ഭക്ഷ്യനിയന്ത്രണ കമ്മിറ്റി മുഖേന ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ചേര്‍ന്നാണ് നടപടി സ്വീകരിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ കീടനാശിനിയുടെ സാന്നിധ്യം തിരിച്ചറിയാനായി 510 ഓളം പച്ചക്കറി, പഴം സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 67 സാമ്പിളുകള്‍ തിരിച്ചയച്ചിരുന്നു.
പച്ചക്കറി, പഴം ഇറക്കുമതിയില്‍ കര്‍ശന നടപടി സ്വീകരിച്ചതോടെ ചെറുകിട വിപണിയില്‍ ഇവക്ക് ക്ഷാമം നേരിടുമെന്നും വിലയില്‍ വ്യത്യാസമുണ്ടാകുമെന്നുമാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."