ചാംപ്യന്‍സ് ലീഗ്: കെയ്നില്ലാതെ ടോട്ടനം, ആധിപത്യം തുടരാന്‍ ലിവര്‍പൂള്‍
ലണ്ടന്‍: ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാര് ഇറങ്ങുന്നു. ഇന്നത്തെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടനവും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. പ്രീമിയര്‍ ലീഗില്‍ രണ്ടും മൂന്നും സ്ഥാനത്ത് നില്ക്കുന്ന ടീമുകളാണ് രണ്ടും.
അതിനാല്‍ ഇന്ന് ലണ്ടനിലെ ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നല്ലൊരു സൂപ്പര്‍ ക്ലാസിക് പ്രതീക്ഷിക്കാം. ആദ്യ മത്സരത്തില്‍ ടോട്ടനം ഒരു ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു. ആദ്യ പാദത്തില്‍ ദക്ഷിണ കൊറിയന്‍ താരം മിന്നിന്റെ ഗോളിന്റെ കരുത്തിലായിരുന്നു ടോട്ടനം വെന്നിക്കൊടി പാറിച്ചത്. ഇന്നത്തെ മത്സരത്തില്‍ സമനില പിടിച്ചാല്‍ ടോട്ടനത്തിന് സെമിയിലേക്ക് ചുവടുറപ്പിക്കാം. ആദ്യ പാദത്തില്‍ ടീമിനൊപ്പമുണ്ടായിരുന്ന നായകന് ഹാരി കെയ്ന്‍ ഇല്ലാത്തത് ടോട്ടനത്തിന് ഇന്ന് കനത്ത തിരിച്ചടിയാകും. പരുക്കേറ്റ കെയ്ന്‍ വിശ്രമത്തിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ അവസാന മത്സരത്തില്‍ കെയ്ന്‍ ഇല്ലാതെ ഇറങ്ങിയ ടോട്ടനം എതിരില്ലാത്ത നാലു ഗോളിനായിരുന്നു ഹഡേഴ്സ് ഫീല്‍ഡിനെ തകര്‍ത്തത്.
ഹാരി കെയ്ന്‍ ഇല്ലെങ്കിലും ടീമിന് റിസല്‍ട്ടുണ്ടാക്കാന്‍ കഴിയുമെന്ന് ഇത് തെളിയിക്കുന്നു. ആദ്യ പാദത്തില്‍ പരാജയം രുചിച്ച സിറ്റി ഇന്ന് കടുത്ത സമ്മര്‍ദത്തിലായിരിക്കും ഇറങ്ങുക. മറ്റൊരു ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളും പോര്‍ട്ടോയും തമ്മില്‍ ഏറ്റുമുട്ടും. ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ പോര്‍ട്ടോയെ തകര്‍ത്തിരുന്നു. കെയ്റ്റയുടെയും ഫിര്മിഞ്ഞോയുടെയും ഗോളിലായിരുന്നു ആദ്യ പാദത്തില്‍ ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്.
മികച്ച ഫോമില്‍ നില്ക്കുന്ന ലിവര്‍പൂളിനെ പിടിച്ച് കെട്ടണമെങ്കില്‍ പോര്‍ട്ടോ മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും. പ്രീമിയര്‍ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ ഇന്ന് കളത്തിലിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."