തുലാഭാരത്തിനിടെ അപകടം: അന്വേഷണം വേണമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍.
തുലാഭാരത്തട്ട് പൊട്ടിവീഴുന്നത് താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്നും കാര്യങ്ങള്‍ എല്ലാം അറിയുന്നത് നല്ലതാണെന്നും എണ്‍പത്താറുകാരിയായ തന്റെ അമ്മയ്ക്കും ഇതേ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ തരൂരിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട അദ്ദേഹം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തു.
വിഷു ദിവസം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരത്തിനിടെയാണ് ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരുക്കേറ്റത്. രണ്ടു മുറിവുകളിലായി 11 തുന്നലുകള്‍ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളും പ്രവര്‍ത്തകരും അപകട സമയത്ത് തരൂരിന്റെ ഒപ്പമുണ്ടായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ തമ്പാനൂര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു.
തരൂരിനു പരുക്കേറ്റ സംഭവത്തില്‍ പൊലിസ് ക്ഷേത്രജീവനക്കാരുടെ മൊഴിയെടുത്തു. അമിത ഭാരം മൂലം ത്രാസിന്റെ കൊളുത്ത് അടര്‍ന്ന് മാറുകയായിരുന്നെന്നാണ് പൊലിസിന്റെ നിയമനം.
അടുത്ത ദിവസങ്ങളിലൊന്നും ത്രാസിന്റെ കൊളുത്ത് മാറ്റുകയോ മറ്റ് അറ്റകുറ്റപ്പണികള്‍ എന്തെങ്കിലും നടത്തുകയോ ചെയ്തിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ശശി തരൂരിന്റെ മൊഴി പൊലിസ് രേഖപ്പെടുത്തും.
അതിനിടെ ശശി തരൂരിനെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു. മന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമായിക്കൊണ്ടിരിക്കുന്ന മാന്യതയുടെ പ്രതീകമാണെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."