പൊസൊളികയിലെ റോഡ് അടച്ച് അയിത്തം: 19ന് കലക്ടറേറ്റ് മാര്‍ച്ച്; ഓഗസ്റ്റില്‍ അനിശ്ചിതകാല നിരാഹാരം
കാസര്‍കോട്: ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പൊസൊളികയിലെ കുടുംബങ്ങള്‍ക്ക് അയിത്തമാരോപിച്ച് സ്വകാര്യ വ്യക്തി റോഡ് നിഷേധിക്കുന്ന സംഭവത്തില്‍ നാട്ടുകാര്‍ സമരസഹായസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന്. പൊസൊളിക-മാലങ്കി റോഡ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള സമരത്തിന്റെ ആദ്യഘട്ടമായി 19ന് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഓഗസ്റ്റ് ആദ്യവാരത്തില്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്നും സമരസഹായ സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1973 മുതല്‍ നാട്ടുകാര്‍ ഉപയോഗിച്ച് വരുന്നതാണ് റോഡെന്നും 1983ല്‍ ബെള്ളൂര്‍ പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഈ റോഡ് പഞ്ചായത്തിന്റെതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നിട്ടും റോഡിലൂടെ വഴി നടക്കാന്‍ പോലും അനുവദിക്കാത്തതില്‍ ഗൂഡാലോചനയുണ്ടെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. നൂറിനടുത്ത് പട്ടിജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് ഇപ്പോള്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തത് കാരണം രോഗികളെയടക്കം എടുത്ത് രണ്ടര കിലോമീറ്റര്‍ നടന്ന് കൊണ്ടുപോകേണ്ട അവസ്ഥയുണ്ടാക്കിയിട്ടുണ്ട്.
റാഡ് അനുവദിക്കുന്നതുവരേ നടത്തുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നതിന് സമര സമിതിയും സമരസമിതിയെ സഹായിക്കുന്നതിന് നിയമസഹായ സമിതിയും രൂപീകരിച്ചിട്ടുണ്ട്. വീടിന്റെ മുന്നിലൂടെ നടന്ന് പോകുന്നത് സ്വകാര്യ വ്യക്തിക്ക് ദോഷമുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് വഴി നടക്കാന്‍ പോലും അനുവദിക്കാത്തതെന്ന് സമരസമിതി നേതൃത്വം ആരോപിച്ചു. പഞ്ചായത്ത് ആസ്തി വിവരകണക്കില്‍ രേഖപ്പെടുത്തിയിട്ടും ആര്‍.ഡി.ഒ ഇങ്ങനെയൊരു റോഡ് പഞ്ചായത്തിനുണ്ടെന്ന് കാണിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും റോഡ് അനുവദിക്കാത്തത് അംഗീകരിക്കാനാവില്ല.
അങ്കണവാടിയിലേക്ക് പോകുന്ന കുട്ടികളടക്കം 50ഓളം വിദ്യാര്‍ഥികളുപയോഗിക്കുന്ന റോഡാണ് ഇപ്പോള്‍ സ്വകാര്യവ്യക്തി അടച്ചിട്ടിരിക്കുന്നതെന്നും സ്ഥലംമാറി പോയ കലക്ടര്‍ കെ. ജീവന്‍ബാബു ഇക്കാര്യത്തില്‍ കൈക്കൊണ്ട നിലപാട് ദലിതര്‍ക്ക് അനുകൂലമല്ലെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംഭവത്തിന്റെ ഗൗരവം ബോധിപ്പിക്കും. മന്ത്രി എ.കെ ബാലന്‍, ദേശിയ ഗോത്രവര്‍ഗ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യു, സമരസമിതി നേതാക്കളായ കെ. ജയന്‍, വി. ഉഷ, എച്ച്. സീതാരാമന്‍, എച്ച്. നീല, എച്ച്. രാജീവി, ടി. സരസ്വതി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."