ദേശീയ നേതാക്കളുടെ പട വയനാട്ടിലേക്ക്
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് ദേശീയ നേതാക്കളുടെ പട വരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ മൂന്നു മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം വയനാട്ടിലെത്തും.
വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യാന്‍ എത്തുന്നത് ദേശീയ രാഷ്ട്രീയത്തില്‍ പ്രധാന പാര്‍ട്ടികളുടെയെല്ലാം താക്കോല്‍ സ്ഥാനത്തിരിക്കുന്ന നേതാക്കളാണ്. യു.ഡി.എഫിനായാണ് ഏറ്റവും കൂടുതല്‍ നേതാക്കള്‍ ചുരം കയറാനിരിക്കുന്നത്. എല്‍.ഡി.എഫിനായി കേന്ദ്രത്തിലെ പ്രധാന നേതക്കളെല്ലാം വരും ദിവസങ്ങളില്‍ ചുരം കയറുന്നുണ്ട്. എന്‍.ഡി.എയ്ക്കായി അമിത് ഷാ അടക്കമുള്ള നേതാക്കളും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ വയനാട്ടിലെത്തും.
ഇന്ന് രാഹുല്‍ഗാന്ധി വയനാട് മണ്ഡലത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ സംബന്ധിക്കും. 20ന് കേരളത്തിലെത്തുന്ന പ്രിയങ്കഗാന്ധി 21ന് വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.
21ന് മാനന്തവാടിയില്‍ നടക്കുന്ന പൊതുയോഗത്തിലും വൈകിട്ട് ഏറനാട് മണ്ഡലത്തില്‍ നടക്കുന്ന കൊട്ടിക്കലാശത്തിലുമായിരിക്കും പ്രിയങ്കഗാന്ധി സാനിധ്യമറിയിക്കുക. വരും ദിവസങ്ങളില്‍ നവജ്യോത് സിങ് സിദ്ധു, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന് പൈലറ്റ് അടക്കമുള്ള കോണ്‍ഗ്രസിലെ ഗ്ലാമര്‍ മുഖങ്ങളും വയനാട് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ രാഹുല്‍ഗാന്ധിക്കായി പ്രചാരണത്തിനെത്തും.
നാളെ സുല്‍ത്താന്‍ ബത്തേരിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെത്തും. യെച്ചൂരിക്കു പിന്നാലെ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് എന്നിവരും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കായി വോട്ടു പിടിക്കാന്‍ ചുരം കയറി വരുന്നുണ്ട്.
എന്‍.ഡി.എയ്ക്കായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, വരുണ്‍ ഗാന്ധി, ഹേമമാലിനി, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എന്നിവരും മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വോട്ടഭ്യര്‍ഥിച്ച് എത്തും.
കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് വക്താവും ചലച്ചിത്ര താരവുമായ ഖുഷ്ബു എന്നിവരും ജില്ലയിലെത്തി സ്ഥാനാര്‍ഥികള്‍ക്കായി വോട്ടഭ്യര്‍ഥിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ദേശീയ നേതാക്കള്‍ക്ക് പുറമെയാണ് ഇത്രയധികം നേതാക്കള്‍ വയനാട് മണ്ഡലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."