പൊന്നാര്യന്‍ കൊയ്യും പൊന്നാനി പദ്ധതി ഇനി നൂറ് ഏക്കറിലേക്ക്
പൊന്നാനി: പൊന്നാര്യന്‍ കൊയ്യും പൊന്നാനി പദ്ധതി വ്യാപിപ്പിക്കുന്നു. നൂറേക്കര്‍ കൃഷിയിടം ഇനി കതിരണിയും. ഇതിന്റെ ഭാഗമായി വിരിപ്പ് നെല്‍കൃഷിക്കുള്ള വിത്തുകള്‍ വിതരണം ചെയ്തു.
കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്ത കൈവരിക്കാന്‍ നഗരസഭ നടപ്പാക്കിയ പൊന്നാര്യന്‍കൊയ്യും പൊന്നാനി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി തരിശിട്ടുകിടക്കുന്ന പാടങ്ങളെ കൃഷിയോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തില്‍ അമ്പതേക്കര്‍ പാടശേഖരത്താണ് കൃഷിയിറക്കിയത്. രണ്ടാം ഘട്ടത്തില്‍ ഇത് നൂറ് ഏക്കറിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
തരിശായി കിടക്കുന്ന പാടശേഖരങ്ങള്‍ക്ക് ഗ്രീന്‍ റോയല്‍റ്റി പ്രഖ്യാപിച്ച് നഗരസഭ ഭരണസമിതി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് നഗരസഭ പരിധിയിലെ വിവിധയിടങ്ങളിലായി നൂറേക്കറില്‍ കൃഷി ഇറക്കാന്‍ ആലോചിക്കുന്നത്. 2016-17 പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് വിരുപ്പ് കൃഷിക്കുള്ള നെല്‍വിത്തുകളും പയര്‍ വിത്തും വിതരണം ചെയ്തു.
ഒന്‍പത് ഇനം വിത്തുകയാണ് നല്‍കിയത്. മസൂരി, തെക്കന്‍ ചീര, തൊണ്ണൂറാന്‍, ചെങ്കഴമ, തവളക്കണ്ണന്‍ തുടങ്ങിയ നെല്‍വിത്തുകളാണ് വിതരണം ചെയ്തത്. നഗരസഭയിലെ 46 കര്‍ഷകര്‍ക്കാണ് നെല്‍വിത്തുകള്‍ നല്‍കിയത്. പൊന്നാനി ബിയ്യം ചെറുവായ്ക്കര സകൂളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ സി. പി.മുഹമ്മദ് കുഞ്ഞി കര്‍ഷകനായ സജി തേറയിലിന് വിത്ത് കൈമാറി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ധന്യ പതിയാരത്ത്, ഹഫ്‌സത്ത്, കൃഷി ഓഫീസര്‍ വാസുദേവന്‍, കൃഷി അസിസ്റ്റന്റ് സുരേഷ്, കര്‍ഷകരായ രജീഷ് ഊപ്പാല, കമല മേനോന്‍, വി.വി.സലാം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."