ആള്‍ക്കൂട്ട കൊലപാതകങ്ങളും സുപ്രിംകോടതി നിലപാടും
ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് കര്‍ശനമായ ഭാഷയില്‍ ഇന്നലെ സുപ്രിംകോടതി വിധി പ്രസ്താവിച്ചിരിക്കുകയാണ്. രാജ്യത്ത് നടന്ന്‌കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളാല്‍ ജനങ്ങള്‍ മരവിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സര്‍ക്കാരിനെതിരേയുള്ള അതിരൂക്ഷമായ വിമര്‍ശനത്തില്‍ കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട ആക്രമണം അംഗീകരിക്കാനാവില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുവാന്‍ നേരത്തെ സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കുന്നതില്‍ ഉദാസീനമായ നിലപാടാണ് കേന്ദ്രസര്‍ക്കാരും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബി.ജെ.പി അവലംബിച്ചത്. ജനങ്ങളുടെ സുരക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ചിരിക്കുകയാണ്.
കോടതി നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ ഇന്ന് ചേരുന്ന വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനം സുപ്രിംകോടതി വിധിയനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ എത്രത്തോളം നടപ്പിലാക്കിയെന്ന് രണ്ട് ആഴ്ച്ചക്കുള്ളില്‍ കോടതിയെ ബോധിപ്പിക്കണമെന്ന് വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ബി.ജെ.പി സര്‍ക്കാര്‍ പാലിക്കുമെന്ന് തോന്നുന്നില്ല. ഏതാനും ദിവസത്തേക്ക് ചേരുന്ന വര്‍ഷകാല സമ്മേളനം കഴിഞ്ഞാല്‍ പിന്നെ പാര്‍ലമെന്റ് ചേരുക തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കായിരിക്കും. ആ സമ്മേളനത്തിലും സുപ്രിംകോടതി വിധിയനുസരിച്ച് ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കെതിരേ ബി.ജെ.പി സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുമെന്നതിന് യാതൊരു ഉറപ്പുമില്ല.
പശുവിന്റെ പേരില്‍ രാജ്യത്ത് നടമാടുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് തെഹ്‌സിന്‍ പൂനാവാല നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതിയുടെ അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിധി വന്നിരിക്കുന്നത്.
2015ല്‍ യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന വയോധികനെ വീട്ടില്‍ ഗോമാംസം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് സംഘ്പരിവാര്‍ അക്രമികള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് രാജ്യത്ത് ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയത്.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എണ്‍പതിലധികം പേര്‍ ഗോസംരക്ഷണ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ പകുതിയിലേറെയും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണുതാനും.
കഴിഞ്ഞ ജൂണ്‍ 20ന് യു.പിയില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ പശുവിനെ കടത്തുന്നുവെന്നാരോപിച്ച് ഒരു മുസ്‌ലിം ചെറുപ്പക്കാരനെ തല്ലിക്കൊന്നു. കാലിക്കച്ചവടം നടത്തി കുടുംബം പോറ്റുകയായിരുന്ന ഖാസിം എന്ന യുവാവിനെയാണ് ക്ഷേത്രവളപ്പിലേക്ക് വലിച്ചിഴച്ച് അക്രമികള്‍ കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന 65 കാരന്‍ ഗുരുതരമായ പരുക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ അക്രമികള്‍ക്കെതിരേ കൊലപാതക കുറ്റം ചുമത്തി കേസ് ചാര്‍ജ് ചെയ്തിട്ടില്ല. ഇതുവരെയുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിലേറെയും മുസ്‌ലിംകളാണ്.
ഗോസംരക്ഷണമാണ് സംഘ്പരിവാര്‍ ലക്ഷ്യമെങ്കില്‍ മുസ്‌ലിം പേരുകളില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന വന്‍തോതിലുള്ള കാലി കശാപ്പിനെതിരേയും ഗോമാംസം കയറ്റി അയക്കുന്നതിനെതിരേയും സംഘ്പരിവാര്‍ സമരം ചെയ്യേണ്ടതായിരുന്നു. മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ ദലിത് വിഭാഗങ്ങളുടെ ജീവിത മാര്‍ഗങ്ങള്‍ കൊട്ടിയടച്ച് അവരില്‍ ഭയം ഉളവാക്കുക എന്നത് തന്നെയാണ് ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടന്ന്‌കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍. ആട് മാടുകളെ കൈവശം വയ്ക്കുന്നതും കശാപ്പ് ചെയ്യുന്നതും മഹാരാഷ്ട്ര സര്‍ക്കാര്‍ ജാമ്യമില്ലാ കുറ്റമാക്കിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അഞ്ച് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ഇത്തരം കാടന്‍ നിയമങ്ങള്‍ക്കെതിരേയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരേയും കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നടപടികളൊന്നും എടുക്കുന്നില്ല. കൊലപാതകികള്‍ക്കെതിരേ നിസാര കുറ്റം ചുമത്തി അവരെ പുറത്ത് വിട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാവുക സ്വാഭാവികം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അന്യതാബോധം സൃഷ്ടിക്കാനുള്ള സംഘ്പരിവാറിന്റെ നിഗൂഢ പദ്ധതികളില്‍പെട്ടതാണ് ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍. ഇതിനെതിരേയാണ് സുപ്രിംകോടതിയുടെ കനത്തപ്രഹരം ഇന്നലെ ഉണ്ടായത്. ഗോസംരക്ഷണ ഗുണ്ടകള്‍ക്കെതിരേ നിയമ നിര്‍മാണം പാര്‍ലമെന്റ് പാസാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരിക്കുന്നത് സംഘ്പരിവാര്‍ ശക്തികള്‍ക്കുള്ള മുന്നറിയിപ്പാണ്. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ ഈ വിധി നടപ്പാക്കുന്നതിന് പകരം നേരത്തെ പുറപ്പെടുവിച്ചത് പോലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു നിസംഗത തുടരുവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."