പൊതുമാപ്പ് ആനുകൂല്യവും വെല്ലുവിളിയും
കേരളീയരുടെ പ്രതീക്ഷയുടെ തുരുത്താണു ഗള്‍ഫ്. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും നടുവില്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോഴും കേരളത്തില്‍നിന്നു വിദേശങ്ങളിലേക്കു തൊഴില്‍തേടിപ്പോകുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. പ്രവാസികാര്യവകുപ്പ് (നോര്‍ക്ക) വിദേശ തൊഴിലന്വേഷകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിലെയും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനു വേണ്ടി നോര്‍ക്കാ റൂട്ട്‌സില്‍ എത്തുന്നവരുടെയും എണ്ണത്തില്‍നിന്ന് ഇതു വ്യക്തമാകും. അതേസമയം, ജി.സി.സി രാജ്യങ്ങളിലെല്ലാം നടപ്പാക്കിവരുന്നതും ആഗസ്റ്റ് ഒന്നുമുതല്‍ മൂന്നുമാസം യു.എ.ഇയില്‍ വരാന്‍പോകുന്നതുമായ പൊതുമാപ്പ്, മലയാളികള്‍ ഉള്‍പ്പെടെയെുള്ള വിദേശികള്‍ക്ക് ഒരേസമയം അനുഗ്രഹവും കടുത്തവെല്ലുവിളിയുമാണ്. സ്വദേശിവല്‍ക്കരണവും ഒട്ടേറെപ്പേരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
നിയമലംഘകരായി കഴിയുന്ന വിദേശികള്‍ക്കു ശിക്ഷയില്ലാതെ നിശ്ചിത കാലയളവിനകം സ്വദേശത്തേക്കു തിരിച്ചുപോകാനും രാജ്യത്തെ തൊഴിലും താമസവും നിയമാനുസൃതമാക്കാനും സര്‍ക്കാര്‍ അനുവദിക്കുന്ന സുവര്‍ണാവസരമാണു പൊതുമാപ്പ്. എല്ലാ രാജ്യത്തും പൊതുമാപ്പു പ്രഖ്യാപിക്കാറുണ്ട്. ലക്ഷക്കണക്കിനു വിദേശികളാണു പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങുന്നത്.
പൊതുമാപ്പ് എക്കാലത്തും തുടരുന്ന പ്രക്രിയയായി പ്രതീക്ഷിച്ചുകൂടാ. പൊതുമാപ്പിന്റെ അവസരം കാത്ത് ഒളിവിലും മറവിലും കഴിയുന്നതിന് അറുതിവരണം. ഇനി പൊതുമാപ്പില്ലെന്നു ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ പതിനായിരക്കണക്കിനു മലയാളികള്‍ ഗള്‍ഫില്‍ കുടുങ്ങും. നിയമാനുസൃതമായ ശിക്ഷയോ പിഴയോ കൂടാതെ ഇവര്‍ക്കു നാടു കാണാന്‍ കഴിയില്ല.
ഗള്‍ഫിലെ പൊതുമാപ്പ് മടങ്ങിവരുന്ന പ്രവാസിക്കും കുടുംബത്തിനും മാത്രമല്ല, സമൂഹത്തിനും നാടിനും ഭരണകൂടത്തിനും വെല്ലുവിളിയാണ്. ഗള്‍ഫുകാരന്റെ തിരിച്ചുവരവിനെ ആശ്രയിച്ചിരിക്കും പ്രത്യാഘാതത്തിന്റെ ഏറ്റക്കുറച്ചില്‍. നാട്ടില്‍ വരുമാന മാര്‍ഗമൊന്നുമില്ലാത്തവര്‍ ബാധ്യതകള്‍ ബാക്കിവച്ച്, പ്രതിസന്ധികളെ അതിജീവിക്കാതെ തിരിച്ചുപോരുമ്പോള്‍ കുടുംബം ഗതികേടിലാകും. ഗള്‍ഫിന്റെ പച്ചപ്പു മുന്നില്‍ക്കണ്ട് ആരംഭിച്ച വീടുപണിയും മക്കളുടെ വിദ്യാഭ്യാസവും കടംവാങ്ങി നടത്തിയതും ഇനി നടത്താനുള്ളതുമായ വിവാഹങ്ങളും താളംതെറ്റും. അപ്രതീക്ഷിത മടക്കം ആശ്രിതര്‍ക്കെല്ലാം ആഘാതമാകും.
അത്രയൊക്കെ ആശ്രിതരുണ്ടാകുമോ എന്ന ചോദ്യമുയരാം. ആരാണിവിടെ ഗള്‍ഫുകാരുടെ ആശ്രിതരല്ലാത്തവര്‍ എന്ന് ആലോചിക്കുന്നതാകും നല്ലത്. നേരിട്ടല്ലെങ്കിലും ഏതെങ്കിലും വിധേന ഗള്‍ഫുകാരന്റെ പ്രയോജനം അനുഭവിക്കാത്തവര്‍ വിരളം. നാടിന്റെ വികസനത്തിലും സാമ്പത്തികഭദ്രതയിലും ഗള്‍ഫ് മലയാളികള്‍ക്കുള്ള പങ്കു വലുതാണ്.
അതിനാല്‍, നാട്ടിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്കൊപ്പം അവരുടെ കുടുംബവും ആശ്രിതരും സമൂഹവും സര്‍ക്കാരുമെല്ലാം സഗൗരവം ആലോചനക്കെടുക്കേണ്ട സംഗതിയാണു പൊതുമാപ്പും സ്വദേശിവല്‍ക്കരണവും പുതിയ തൊഴില്‍,കുടിയേറ്റ,താമസനിയമങ്ങളും നിബന്ധനകളും മറ്റു വെല്ലുവിളികളും. അല്ലെങ്കില്‍ നിലവിലുള്ള അവസ്ഥ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.
പുതുതായി ഗള്‍ഫിലേക്കു പോകുന്നവരും നാളെ പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ തിരിച്ചുവരേണ്ടവരായി മാറിയേക്കും. ഗള്‍ഫ് വറ്റാത്ത ഉറവയല്ലെന്നും ഗള്‍ഫുകാരന്‍ ഏതു നിമിഷവും നാട്ടിലേക്കു തിരിച്ചുവരേണ്ടവനാണെന്നുമുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതോടൊപ്പം കുടുംബം ഉള്‍പ്പെടെയുള്ള ആശ്രിതരെ ബോധ്യപ്പെടുത്തുകയും ചെയ്യണം. കുടുംബത്തിന്റെ .ജീവിതരീതിയിലും ഭവനനിര്‍മാണത്തിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലുമെല്ലാം ഈ അവബോധം എല്ലാവരിലും ഉണ്ടായിരിക്കണം.
പൊതുമാപ്പും സ്വദേശിവല്‍ക്കരണവും വിദേശതൊഴിലാളികളോടുള്ള ശത്രുതാപരമായ നടപടിയോ വിദേശികളെ തുരത്താനുള്ള തന്ത്രമോ ആയി ചിത്രീകരിച്ചുകൂടാ. തൊഴില്‍, താമസ നിയമലംഘനങ്ങള്‍ ഇല്ലാതാക്കുകയെന്നതാണു ബന്ധപ്പെട്ടവര്‍ ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. അതിനാല്‍ ഗള്‍ഫ് യാത്രയും തൊഴിലും നിയമാനുസൃതമാവുകയെന്നതാണു പരിഹാരമാര്‍ഗം.
ലക്ഷക്കണക്കിനു വിദേശികളെയാണ് ഓരോ രാജ്യത്തും മൂന്നും നാലും വര്‍ഷം കൂടുമ്പോഴേയ്ക്കു നിയമലംഘകരായി കണ്ടെത്തപ്പെടുന്നത്. 2018 ജനുവരി 29 നു കുവൈത്തില്‍ പൊതുമാപ്പു പ്രഖ്യാപിക്കുമ്പോള്‍ 1,30,000 നിയമലംഘകര്‍ അവിടെയുണ്ടായിരുന്നു. സഊദി അറേബ്യയിലെ പൊതുമാപ്പില്‍ 50,000 ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങുകയും ആറു ലക്ഷംപേര്‍ താമസവും ജോലിയും നിയമാനുസൃതമാക്കുകയും ചെയ്തു.
2016 ലെ ഖത്തര്‍ പൊതുമാപ്പില്‍ 9000 വിദേശികളും 2015 ല്‍ ഒമാന്‍ പൊതുമാപ്പില്‍ 50,000 പേരും നാടുവിട്ടു. 2007 ല്‍ യു.എ.ഇയില്‍ പൊതുമാപ്പു പ്രഖ്യാപിക്കുമ്പോള്‍ മൂന്നരലക്ഷം നിയമലംഘകര്‍ നാടുവിടാനുണ്ടായിരുന്നു. 2013 ലും ഇവിടെ പൊതുമാപ്പു പ്രഖ്യാപിച്ചു. ഇതിനുപുറമെ കേസുകളില്‍പ്പെട്ട് ഉഴലുന്നവരും ജയിലുകളില്‍ കഴിയുന്നവരും മറ്റു പ്രതിസന്ധികളാല്‍ നാട്ടിലേക്കു മടങ്ങാന്‍ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുന്നവരും ഗള്‍ഫ് രാജ്യങ്ങളിലുണ്ട്.
ഗള്‍ഫിലെത്തിയശേഷം കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടു കുടുങ്ങിയവരല്ല നിയമലംഘകരും നാട്ടിലേക്കു മടങ്ങാന്‍ പൊതുമാപ്പിന്റെ ആനുകൂല്യം കാത്തു കഴിയുന്നവരും. ഗള്‍ഫിലേക്കു വിമാനംകയറുന്നതിനുമുന്‍പു സസൂക്ഷ്മം പരിശോധിക്കുകയും മനസിലാക്കുകയും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയുള്ള അറിവില്ലായ്മയോ നിയമലംഘനം നിസാരമായി കണ്ടതോ മൂലം വന്നു ഭവിച്ചതാണു പ്രശ്‌നങ്ങളേറെയും. കൈയില്‍ കിട്ടിയ വിസയുടെ നിജസ്ഥിതി മനസിലാക്കാതെ ആരുടെയൊക്കെയോ വാക്കുകളില്‍ വിശ്വസിച്ചും സാഹചര്യത്തിന്റെ സമ്മര്‍ദംകൊണ്ടും അധികമൊന്നുമാലോചിക്കാതെ വിമാനം കയറിയവരാണു ഗല്‍ഫില്‍ കുടുങ്ങിയവരില്‍ അധികവും. തൊഴില്‍ദാതാക്കളുടെ നിയമവിരുദ്ധമായ നടപടികളാല്‍ ദുരിതത്തിലായവരുമുണ്ട്. വിദേശത്തേക്കു തൊഴില്‍ തേടിപ്പോകുന്നവരെപ്പറ്റി സര്‍ക്കാറിനു വ്യക്തമായ ബോധ്യമുണ്ടാവണം. ഫിലിപ്പൈന്‍ പോലുള്ള ചില രാജ്യങ്ങളില്‍ നിന്നുള്ള ഓരോ തൊഴിലാളിയെക്കുറിച്ചും എംബസിയിലും സര്‍ക്കാറിലും വ്യക്തമായ വിവരമുണ്ട്. വിദേശത്തു ജോലി ചെയ്യുന്ന മലായാളികളെക്കുറിച്ചുള്ള കൃത്യമായ കണക്കുപോലും എവിടെയുമില്ല. പോക്കിനും വരവിനും ഔദ്യോഗിക കണക്കില്ല. ഈ നില തുടര്‍ന്നുകൂടാ.
ഗള്‍ഫിലേക്കു തൊഴില്‍തേടി പുറപ്പെടുന്നവരുടെ വിസ, ജോലി, വേതനം, സ്‌പോണ്‍സര്‍, തൊഴില്‍കരാര്‍ , പുറപ്പെടുന്ന രാജ്യം, ജീവിതരീതി, സംസ്‌കാരം തുടങ്ങിയവ സംബന്ധിച്ച നിജസ്ഥിതി മനസിലാക്കാന്‍ സുതാര്യവും ലളിതവും വിപുലവുമായ സംവിധാനം എല്ലാ ജില്ലകളിലുമുണ്ടാകണം. കേവലം ഏജന്റിന്റെ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിലുള്ള പുറപ്പാടിന് അറുതിവരണം. വിസ കിട്ടിയാല്‍ രക്ഷപ്പെട്ടു, എന്ന കാഴ്ചപ്പാടിനു മാറ്റം വരണം. എങ്കിലേ ഗള്‍ഫിലേക്കുള്ള ഒഴുക്കും കണ്ണീരോടെയുള്ള മടക്കയാത്രയും തനിയാവര്‍ത്തനമാകാതിരിക്കൂ.
(നോര്‍ക്ക പ്രീ ഡിപ്പാര്‍ച്ചര്‍
ഓറിയന്റേഷന്‍ പ്രോഗ്രാം (ഗള്‍ഫ്)
ഫാക്കല്‍റ്റിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."