ഹജ്ജ് സെല്‍ 27 മുതല്‍; പാസ്‌പോര്‍ട്ടുകള്‍ കൊറിയര്‍ വഴിയെത്തും
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ യാത്രതിരിക്കുന്ന തീര്‍ഥാടകരുടെ വിമാന ഷെഡ്യൂള്‍ ഉള്‍പ്പെട്ട മാനിഫെസ്റ്റോ അടുത്തയാഴ്ച പുറത്തിറക്കും.സഊദി എയര്‍ലെന്‍സ് വിമാന കമ്പനിയാണ് ഒരോ തീര്‍ഥാടകന്റെയും യാത്രാ തിയതിയും വിമാന സമയവും വ്യക്തമാക്കുന്ന മാനിഫെസ്റ്റോ തയാറാക്കുന്നത്. തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പിങ് നടപടികള്‍ പൂര്‍ത്തിയായി വരികയാണ്. ഇവ ക്ലിയര്‍ ചെയ്‌തെടുക്കാന്‍ രണ്ടു ഹജ്ജ് വളണ്ടിയര്‍മാരും ഹജ്ജ് കമ്മറ്റി ഓഫിസ് ജീവനക്കാരനുമടക്കം നാളെ മുബൈയിലേക്ക് പോകും. ഇവര്‍ എണ്ണി ക്ലിപ്തപ്പെടുത്തിയ പാസ്‌പോര്‍ട്ടുകള്‍ കൊറിയര്‍വഴി അടുത്ത ദിവസം തന്നെ കൊച്ചിയിലെത്തും.കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള 11,844 പേരുടെ പാസ്‌പോര്‍ട്ടുകളാണ് വിസ സ്റ്റാമ്പിങ് ഇതുവരെ പൂര്‍ത്തീകരിച്ചത്.
നെടുമ്പാശ്ശേരിയിലെ സിയാല്‍ അക്കാദമിയില്‍ ഒരുക്കുന്ന ഹജ്ജ് ക്യാംപില്‍ ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനം 27 മുതല്‍ ആരംഭിക്കും.
ഹജ്ജ് തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ടുകള്‍ യാത്രാ ദിവസത്തിനനുസരിച്ച് പരിശോധിക്കുന്നത് ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരാണ്.ഹജ്ജ് സെല്‍ ആരംഭിക്കുന്നതിന് മുന്‍പായി കരിപ്പൂര്‍ ഹജ്ജ് ഹൗസിന്റെ പ്രവര്‍ത്തനങ്ങളും നെടുമ്പാശ്ശേരിയിലേക്ക് മാറ്റും. ഈ വര്‍ഷം മുതല്‍ തീര്‍ഥാടകര്‍ പുറപ്പെടുന്നതിന് രണ്ടുദിവസം മുന്‍പ് തന്നെ എമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കും.
കഴിഞ്ഞ വര്‍ഷം പൊലിസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാകാത്ത പാസ്‌പോര്‍ട്ട് ലഭിച്ചത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിദേശത്തേക്ക് പോകാന്‍ വിലക്കുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ അവസാന നിമിഷം തടയുന്നത് തീര്‍ഥാടകര്‍ക്കും പ്രതിസന്ധിയുണ്ടാക്കും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് എമിഗ്രേഷന്‍ നേരത്തേ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."