ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ വനിതാ വോളി ടീമിനെ മിനിമോള്‍ നയിക്കും
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ മിനിമോള്‍ നയിക്കും. വനിതാ ടീം നായിക ഉള്‍പ്പടെ പത്തു മലയാളികളാണ് ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചത്. പുരുഷ ടീമില്‍ രണ്ടു മലയാളി താരങ്ങളും ഇടംപിടിച്ചു. ദക്ഷിണ റെയില്‍വേയുടെ താരവും വര്‍ഷങ്ങളായി രാജ്യത്തിന്റെ ജേഴ്‌സി അണിയുന്ന രാജ്യാന്തരതാരം കണ്ണൂര്‍ സ്വദേശിനി മിനിമോള്‍ അബ്രഹാം ആണ് വനിത ടീമിന്റെ ക്യാപ്റ്റന്‍.
റെയില്‍വേ ടീമില്‍ നിന്നുള്ള മറ്റൊരു മലയാളി താരം അശ്വനി കണ്ടോത്താണ്. കെ.എസ്.ഇ.ബിയുടെ അഞ്ജു ബാലകൃഷ്ണന്‍, പി.ആര്‍ സൂര്യ, എസ്.രേഖ, കെ.പി അനുശ്രീ, എം. ശ്രുതി, അഞ്ജലി ബാബു, കെ.എസ് ജിനി, ആര്‍. ആശ്വതി എന്നിവരാണ് ഇന്ത്യന്‍ വനിതാ ടീമില്‍ ഇടംനേടിയ കേരള താരങ്ങള്‍. നിര്‍മല്‍, അനുശ്രീഘോഷ്, റുഖ്‌സാന ഖാത്തൂന്‍, പ്രിയങ്ക ഖേദ്കര്‍ എന്നിവരാണ് വനിതാ ടീമിലെ മറ്റംഗങ്ങള്‍. ജി.ഇ ശ്രീധരനാണ് പരിശീലകന്‍. ബംഗളൂരുവില്‍ നടന്ന പരിശീലന ക്യാംപിലാണ് ടീമിനെ തിരഞ്ഞെടുത്തത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ താരങ്ങളാണ് രേഖയും അനുശ്രീഘോഷും പ്രിയങ്ക ഖേദ്കറും. കണ്ണൂര്‍ കൊട്ടിയൂര്‍ ചുങ്കക്കുന്ന് സ്വദേശിനിയായ മിനിമോള്‍ ഇത് മുന്നാം തവണയാണ് ഇന്ത്യന്‍ ടീമിന്റെ നായികയാവുന്നത്. കൊച്ചി ബി.പി.സി.എല്ലിന്റെ താരങ്ങളായ അജിത് ലാലും ജി. അഖിനുമാണ് പുരുഷ ടീമില്‍ ഇടംനേടിയ മലയാളി താരങ്ങള്‍. കോഴിക്കോട് നടന്ന ദേശീയ വോളിബാള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ച തമിഴ്‌നാട്ടുകാരന്‍ ജെറോം വിനീതിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാടിന്റെ സീനിയര്‍താരം ഉക്ര പാണ്ഡ്യനാണ് പുരുഷ ടീം നായകന്‍. അശോക് കാര്‍ത്തിക്, ദീപേഷ് കുമാര്‍ സിന്‍ഹ, എസ്. പ്രഭാകരന്‍, അമിത്, രോഹിത് കുമാര്‍, ഗുരിന്ദര്‍ സിങ്, വിനീത് കുമാര്‍, രഞ്ജിത് സിങ്, പി. പ്രഭാകരന്‍, പങ്കജ് ശര്‍മ എന്നിവരാണ് മറ്റു ടീം അംഗങ്ങള്‍. ബിര്‍ സിങ് യാദവാണ് മുഖ്യപരിശീലകന്‍. പട്യാലയില്‍ നടന്ന ക്യാംപില്‍ നിന്നാണ് പുരുഷ ടീമിനെ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് കൂട്ടായ്മയിലെ രാജ്യങ്ങളുടെ അണ്ടര്‍ 21 വോളിബാള്‍ ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍ കെ.പി അനുശ്രീയടക്കം ഏഴ് മലയാളികളും ഇടംനേടിയിട്ടുണ്ട്.
അഞ്ജലി ബാബു, എന്‍.എസ് ശരണ്യ, എസ്. സൂര്യ, ലിന്റ സാബു, മരിയ സെബാസ്റ്റിയന്‍, എം.കെ സേതുലക്ഷ്മി എന്നിവരാണ് ടീമിലെ മലയാളി താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."