കേരള ബാങ്ക് രൂപീകരണം: പഠന സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
തിരുവനന്തപുരം: 1,000 കോടിയുടെ ബജറ്റ് സഹായം നല്‍കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുമായി കേരള ബാങ്ക് രൂപീകരണം സംബന്ധിച്ച പഠന സമിതി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. സമിതി തലവന്‍ ഡോ.എം.എസ് ശ്രീരാമിന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.
സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സഹകരണ സംഘങ്ങളെ നിയന്ത്രിക്കാനായി കേരള ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ട് ബാങ്ക് രൂപീകരിക്കാനുള്ള നടപടിക്രമങ്ങളാണ് തയാറാക്കിയിരിക്കുന്നത്. ഇതിനായി സഹകരണ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവരണമെന്നും റിസര്‍വ് ബാങ്ക്, നബാര്‍ഡ് അംഗീകാരം ലഭിക്കാന്‍ നടപടികളാരംഭിക്കണമെന്നും നിര്‍ദേശമുണ്ട്.
ജില്ലാ സഹകരണ ബാങ്ക് തലത്തില്‍ ആസ്തികള്‍ സംയോജിപ്പിക്കാനായി സ്‌പെഷല്‍ ഓഡിറ്റ് നടത്തണമെന്നും ശുപാര്‍ശയുണ്ട്. ജീവനക്കാരെ വെട്ടിക്കുറക്കാതെ പുനഃക്രമീകരിക്കണം. ബാങ്കുകളുടെ സാങ്കേതികവിദ്യാ സംയോജനം, പ്രവര്‍ത്തനങ്ങളുടെ സംയോജനം എന്നിവ ആദ്യം നടത്തണമെന്നും പിന്നീട് സാമ്പത്തിക ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും മനുഷ്യവിഭവശേഷിയുടെയും സംയോജനം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രാഥമിക ബാങ്കുകളെ കൂടുതല്‍ കരുത്തുറ്റതാക്കണം. ബാങ്കിങ് രംഗത്തെ ആധുനിക സേവനങ്ങളും സാമ്പത്തിക ഉല്‍പ്പന്നങ്ങളും കേരള ബാങ്കിലൂടെയും നിക്ഷേപം, വായ്പ തുടങ്ങിയവ പ്രാഥമിക ബാങ്കുകളിലൂടെയും നടത്തണം. പ്രൊഫഷനല്‍ സമീപനം, ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവനങ്ങള്‍ എന്നിവ സ്വീകരിക്കണം.
എന്നാല്‍, പ്രാഥമിക ബാങ്കുകളുമായി മത്സരിക്കേണ്ട. പ്രാഥമിക സഹകരണ സംഘങ്ങളെ പൂര്‍ണമായും ആശ്രയിക്കാതെ സഹകരണ സംഘങ്ങളിലെ എല്ലാ അംഗങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും നേരിട്ട് സേവനങ്ങള്‍ നല്‍കണം. സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നതോടൊപ്പം എല്ലാ ബാങ്കിങ് നിയമങ്ങളും പാലിക്കുന്ന മറ്റ് ബാങ്കുകളെപ്പോലെ പ്രവര്‍ത്തിക്കണമെന്നും ശുപാര്‍ശയുണ്ട്. ചെറുകിട വാണിജ്യ വ്യവസായ ബാങ്കിങ്, കോര്‍പറേറ്റ് ബാങ്കിങ്, കണ്‍സോര്‍ഷ്യം ലെന്‍ഡിങ്ങ്, ട്രഷറി മാനേജ്‌മെന്റ്, വിദേശ ധനവിനിമയം, വിദേശ നിക്ഷേപം തുടങ്ങി വന്‍കിട ബാങ്കിങ് സേവനങ്ങള്‍ കേരള ബാങ്ക് നിര്‍വഹിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് വിഘാതമാവാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വികസന പദ്ധതികളില്‍ പങ്കാളിത്തം വഹിക്കണം. സേവനങ്ങള്‍ക്ക് അമിതമായ ഫീസുകളും ചാര്‍ജുകളും ഈടാക്കരുത്. സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ക്കുമാത്രമേ പലിശ ഈടാക്കാവൂ. മൂന്നു റീജ്യനല്‍ ഓഫിസുകളും ബോര്‍ഡുകളും രൂപീകരിക്കണം. ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, പ്രത്യേക ബിസിനസ് ചാനലുകള്‍, മൂല്യവര്‍ധിത സേവനങ്ങള്‍ എന്നിവ കേന്ദ്ര ഓഫിസ് നിര്‍വഹിക്കണം. പ്രാഥമിക സംഘങ്ങളില്‍നിന്നുള്ള മൂലധനം കേരള ബാങ്കില്‍ ലയിപ്പിക്കണം. ജില്ലാ ബാങ്കുകളിലെ സ്റ്റാറ്റിയൂട്ടറി റിസര്‍വുകള്‍ അതത് ജില്ലകളിലെ പ്രാഥമിക ബാങ്കുകളുടെ ഷെയറുകളാക്കി ആനുപാതികാടിസ്ഥാനത്തില്‍ കണക്കാക്കി ലയിപ്പിക്കണം. പ്രാഥമിക ബാങ്കുകളുടെ മൂലധനം പ്രീമിയത്തോടെ മൂല്യനിര്‍ണയം നടത്തണം. കേരള ബാങ്കിന്റെ പ്രധാന ഉടമസ്ഥര്‍ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ ആയിരിക്കണം. എല്ലാ വിഭാഗം സഹകരണ സംഘങ്ങള്‍ക്കും അംഗത്വം അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. കേരള ബാങ്ക് വരുന്നതോടെ നിലവിലുള്ള സംസ്ഥാന, ജില്ലാ, പ്രാഥമിക എന്നീ സംവിധാനത്തിനുപകരം സംസ്ഥാന, പ്രാഥമിക എന്ന ദ്വിതല സംവിധാനം വരും. പ്രാഥമിക ബാങ്കുകളിലൂടെ നവീനമായ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ കേരള ബാങ്ക് ജനങ്ങളിലെത്തിക്കും. എല്ലാവര്‍ക്കും സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ ബാങ്കിങ് എന്നതാണ് കേരള ബാങ്കിന്റെ ലക്ഷ്യം. പഠന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുകയും ആവശ്യമായ പരിഷ്‌കരണങ്ങള്‍ നടത്തണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ, കേരള ബാങ്ക് 21 മാസത്തിനകം സജ്ജമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേരള സഹകരണ ബാങ്ക് എന്ന പേരിലായിരിക്കും കേരള ബാങ്ക് നിലവില്‍വരിക. 18 മുതല്‍ 21 മാസത്തിനുള്ളില്‍ ബാങ്ക് പൂര്‍ണമായും സജ്ജമാകും.റിസര്‍വ് ബാങ്ക് റഗുലേറ്ററി അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന നിലയിലായിരിക്കും ബാങ്കിന്റെ പ്രവര്‍ത്തനം. പ്രാഥമിക ബാങ്കുകളെ ആധുനിക രീതിയില്‍ നവീകരിക്കുമെന്നും ഐസക് പറഞ്ഞു. അതേസമയം, സഹകരണ ബാങ്കുകളിലെ ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കുന്ന കാര്യം ആലോചിച്ചതിനുശേഷം നടപ്പാക്കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക വേണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."