മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അമിത ദേശീയത
ഇന്ത്യയില്‍ ദേശീയവാദം അമിതമായതോടെ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവരികയാണെന്ന് ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട ് ബോര്‍ഡേഴ്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഹൈന്ദവതയെ ദേശീയതയുമായി കൂട്ടിച്ചേര്‍ക്കുകയും അത് തീവ്ര ദേശീയതയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയിലാണ് സംഘ്പരിവാര്‍ എര്‍പ്പെട്ടിരിക്കുന്നത്. ഹൈന്ദവതയെ വിമര്‍ശിക്കുന്നവരെ ദേശവിരുദ്ധരായി മുദ്ര കുത്തുകയും അവരെ മര്‍ദനങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരണത്തിനും വിധേയരാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ യാഥാര്‍ഥ്യം ചൂണ്ടിക്കാട്ടുന്ന മാധ്യമങ്ങള്‍ക്ക് മേല്‍ മാധ്യമ സെന്‍സര്‍ഷിപ്പ് നടത്തിക്കൊണ്ടിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയോ കൊല്ലുകയോ ചെയ്യുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ പുറത്ത് കൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഭീഷണി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനെ തുടര്‍ന്നാണ് ഇത്തരം പ്രവണതകള്‍ ഇന്ത്യയില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. പൊതുജീവിതം ഇതിനാല്‍ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങളില്‍ നിന്നും അവരുടെ ശ്രദ്ധ ബോധപൂര്‍വം തിരിച്ചു ദേശീയതയുടെ പേരില്‍ അവരെ മാസ് ഹിസ്റ്റീരിയക്ക് വിധേയമാക്കി ആക്രമണോത്സുകരാക്കുന്ന പ്രക്രിയയാണ് ഇന്ത്യയില്‍ ബി.ജെ.പി പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഹൈന്ദവ സമൂഹത്തിന് ആരാധ്യമായ പശുവിനെ മതേതര രാഷ്ട്രമായ ഇന്ത്യയില്‍ ഇതരമതസ്ഥര്‍ക്കും പൂജ്യവസ്തുവാക്കി മാറ്റാന്‍ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ദേശീയതയായി ചിത്രീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളായി വായിച്ചെടുക്കാം.
ബ്രാഹ്മണിക് വിഭാഗം ദേശീയതയെ കൂട്ടുപിടിച്ച് ചാതുര്‍വര്‍ണ്യം പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളെ ബി.ജെ.പിയിലെ അധ:സ്ഥിത വിഭാഗം മനസിലാക്കാതെ പോവുകയും ചെയ്യുന്നു. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്ന മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ് ഇന്ത്യയില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ മാധ്യമ സ്വാതന്ത്ര്യം മുന്‍പത്തെക്കാളും ഉപരിയായി ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് ഇന്നത്തെ ഇന്ത്യയില്‍. ദേശീയഗാനത്തെ അപലപിച്ച സംഘ്പരിവാര്‍ സിനിമാശാലകളില്‍ പ്രദര്‍ശനങ്ങള്‍ക്ക് മുന്‍പ് ദേശീയഗാനം ആലപിക്കണമെന്ന് സുപ്രിംകോടതി വിധി വന്നപ്പോള്‍ ദേശീയ ഗാനത്തിന്റെ വക്താക്കളായി. ബ്രിട്ടീഷ് രാജാവിനെ പുകഴ്ത്തുന്നതാണ് ഇന്ത്യന്‍ ദേശീയഗാനം എന്നും വന്ദേമാതരമാണ് ദേശീയഗാനമെന്നും അടുത്ത നാളു വരെ വാദിച്ചവര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീട്ടുപടിക്കല്‍ വരെ ചെന്ന് കമാലുദ്ദീനെ എന്ന് അലറിയത് വ്യാജ ദേശസ്‌നേഹത്തെ കടുത്ത വര്‍ഗീയതയായി പരിവര്‍ത്തിപ്പിച്ചതിന്റെ ഫലമായിട്ടായിരുന്നു.
ഭരണഘടന നിലനില്‍ക്കേണ്ടിടത്തോളം ഏക സിവില്‍കോഡ് ഇന്ത്യയില്‍ നടപ്പിലാവുകയില്ലെന്നറിഞ്ഞിട്ടും ബി.ജെ.പി ഇടക്കിടെ ഈ വിഷയം എടുത്തു ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് വേളകളിലാണ്. അടുത്തിടെ കഴിഞ്ഞ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ യു.പിയിലെ ഖബര്‍സ്ഥാന്‍ വിഷയം എടുത്തിട്ടു വര്‍ഗീയതയുടെ വക്താവായി മാറുന്നത് ഇന്ത്യ കണ്ടു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള പട്ടാളനടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അടുത്തിടെ പാകിസ്താന്‍ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ബി.ജെ.പി അമിത ദേശീയതയായി പൊലിപ്പിക്കുകയും അതുവഴി വര്‍ഗീയത പ്രചരിപ്പിക്കുകയുമായിരുന്നു. ഇന്ത്യയിലെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാതെ തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനാവുകയില്ല എന്ന ഗൃഹപാഠത്തില്‍ നിന്നാണ് തൊടുന്നതിലെല്ലാം അമിത ദേശീയത ദര്‍ശിക്കുവാനും പ്രയോഗിക്കുവാനും ബി.ജെ.പി ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. ദേശീയതയും രാജ്യസ്‌നേഹവും ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്പോളത്തില്‍ വിറ്റഴിക്കാനുള്ള വില്‍പന ചരക്കാണെന്ന് ഇന്ത്യന്‍ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സും പരാജയപ്പെട്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലാഴ്മയും വിലക്കയറ്റവും ആര്‍ക്കും വലിയ വിഷയമാവാത്തത് കൊണ്ടാണ് ദേശീയതയെവര്‍ഗീയമായി ബി.ജെ.പി ഉപയോഗപ്പെടുത്തുന്നത്. ഈ സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങളാകട്ടെ ഉന്മൂലന ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."