വിഴിഞ്ഞം പുനരധിവാസ പാക്കേജ്: ആശങ്ക പരിഹരിക്കുമെന്ന് കലക്ടര്‍
വിഴിഞ്ഞം: വിഴിഞ്ഞം പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള എല്ലാ ആശങ്കയും പരിഹരിക്കുമെന്നു ജില്ലാ കലക്ടര്‍ കെ. വാസുകി. പാക്കേജിന്റെ ഗുണഭോക്തൃ പട്ടിക സംബന്ധിച്ചു മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കലക്ടര്‍ അറിയിച്ചു. പാക്കേജ് സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പദ്ധതി പ്രദേശത്തുനിന്നു തല്‍പര്യമുള്ള എല്ലാവര്‍ക്കും തുറമുഖാധിഷ്ഠിത ജോലികളില്‍ അദാനി പോര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കുമെന്ന് കമ്പനി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
പദ്ധതിക്കുവേണ്ടി മാറ്റിപ്പാര്‍പ്പിച്ച മുഴുവന്‍ ആളുകള്‍ക്കും ഉപാധി രഹിത പട്ടയം നല്‍കുന്നതിനു സര്‍ക്കാറിലേക്കു ശുപാര്‍ശ ചെയ്യും. പൈലിങ് ജോലികള്‍ നടക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണി ഈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. അദാനി പോര്‍ട്ടാണ് ഇതിനുള്ള ചെലവ് വഹിക്കേണ്ടത്. തഹസില്‍ദാര്‍ മേല്‍നോട്ടം വഹിക്കണം. ഫിഷറീസ്, സിവില്‍ സപ്ലൈസ് വകുപ്പുകളും മത്സ്യഫെഡും ചേര്‍ന്നു തയാറാക്കിയ മണ്ണെണ്ണ പെര്‍മിറ്റ് ഗുണഭോക്തൃ ലിസ്റ്റിലുള്ളവര്‍ക്കും സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ ലഭ്യമാക്കണമെന്ന ആവശ്യം പരിശോധിക്കും.
കമ്പവല, കട്ടമരം തൊഴിലാളികളുടെ നഷ്ടപരിഹാരം സംബന്ധിച്ചു മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങളും പരിശോധിക്കുമെന്നു കലക്ടര്‍ അറിയിച്ചു. എ.ഡി.എം വി.ആര്‍ വിനോദ്, വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡി. ജയകുമാര്‍, സി.എഫ്.ഒ ശ്യാം അരവിന്ദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി മോഹന്‍, ഫിഷറീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രദേശവാസികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."