എച്ച്.എം.സി അംഗത്തിന്റെ നിയമനം; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
കൊല്ലം: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ എച്ച്.എം.സി അംഗത്തിന്റെ നിയമനത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം.
ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസറും എച്ച്.എം.സി അംഗങ്ങളും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെ ഇന്നലെ നടന്ന കര്‍ക്കിടക കഞ്ഞി കിറ്റ് വിതരണ ചടങ്ങില്‍ നിന്നും നാല് എച്ച്.എം.സി അംഗങ്ങള്‍ വിട്ടുനിന്നു. ഇതിനെ തുടര്‍ന്ന് ഇന്നു ചേരുന്ന എച്ച്.എം.സി യോഗം പ്രക്ഷുബ്ധമായേക്കും. ഡി.സി.സി അംഗം ഡി. സ്യമന്തഭദ്രനായിരുന്നു എച്ച്.എം.സി അംഗം. ആശുപത്രിയുടെ വികസന കാര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടാറുള്ള സ്യമന്തഭദ്രനെതിരെയുള്ള നീക്കത്തിന്റെ ഭാഗാമയിരുന്നു കോണ്‍ഗ്രസില്‍ നിന്നും പുതിയ അംഗത്തെ നിയോഗിച്ചതിന് പിന്നില്‍. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയായിരുന്നു കോണ്‍ഗ്രസ് പ്രതിനിധിയായി ഐ.എന്‍.ടി.യു.സി നേതാവായ കോതേത്ത് ഭാസുരന്റെ പേര് നിര്‍ദ്ദേശിച്ചത്.
ഇത് ഐ ഗ്രൂപ്പിലും ചേരിതിരിവിന് കാരണമായിട്ടുണ്ട്. ഇടതു അനുഭാവ സംഘടനാ നേതാവായ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍, ആശുപത്രി മുറ്റത്ത് സര്‍നവിസ് സംഘടനയുടെ കൊടിമരം സ്ഥാപിച്ചത് നേരത്തേ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഇത് നിയമവിരുദ്ധമാണെന്ന് എച്ച്.എം.സി അംഗങ്ങള്‍ പറയുന്നുണ്ട്. ഇതു കൂടാതെ ആശുപത്രിയുടെ ശോച്യാവസ്ഥയും വിമര്‍ശങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മഴയത്ത് ആശുപത്രി വാര്‍ഡുകളില്‍ വെള്ളംകയറുന്നതും കിടപ്പുരോഗികളെയും കൂട്ടിരിപ്പുകാരെയും എലി കരണ്ടുന്നതും നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."