കേസുണ്ടെങ്കിലും വിദേശികളായ തബ്‌ലീഗുകാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വിസാ ചട്ടലംഘനവുമായി ബന്ധപ്പെട്ട് കേസുണ്ടെങ്കിലും വിദേശികളായ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് അവരുടെ രാജ്യത്തേക്ക് മടങ്ങാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സഞ്ജയ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് മുന്‍പാകെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3,460 തബ്‌ലീഗ് ജമാഅത്തുകാര്‍ക്കെതിരേയാണ് കേസുള്ളത്. ഇവരില്‍ പലരും മടങ്ങി. ബാക്കിയുള്ളവര്‍ക്കും മടങ്ങാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് നിസാമുദ്ദീനിലെ തബ്‌ലീഗ് യോഗത്തില്‍ പങ്കെടുത്തതിനാണ് കേസ്. നാട്ടിലേക്ക് തിരിച്ചുപോകാന്‍ അനുമതി തേടി അധികൃതരെ സമീപിക്കാന്‍ നേരത്തെ ബെഞ്ച് ഇവരോട് നിര്‍ദേശിച്ചിരുന്നു.
അവര്‍ക്കെതിരേ കേസുണ്ടാവുകയും കൂടുതല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ശേഷം അവരെ രാജ്യം വിടാന്‍ അനുവദിക്കാന്‍ എങ്ങനെ കഴിയുമെന്ന് കോടതി ഇന്നലെ ചോദിച്ചു.
കേസുകളെല്ലാം ഒരു മാസത്തിനുള്ളില്‍ തീര്‍ക്കാമെന്ന് കോടതി സമ്മതിച്ചാല്‍ അതില്‍ പ്രയാസമുണ്ടാകില്ലെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ഇവര്‍ക്കെതിരായി രാജ്യത്തെ വിവിധ കോടതികളിലുള്ള കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായും തുഷാര്‍ മേത്ത അറിയിച്ചു.
കുറ്റം സമ്മതിച്ചവരില്‍ പലരും ഇതിനകം നാട്ടിലേക്ക് മടങ്ങി. കുറ്റം സമ്മതിക്കാതെ വിചാരണ നേരിടാന്‍ തയാറായി ഇവിടെ നില്‍ക്കുന്നവര്‍ക്കും മടങ്ങാം.
അവരുടെ ലിസ്റ്റ് തയാറാക്കി നല്‍കിയാല്‍ തീരുമാനമെടുക്കാനാവുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഒന്‍പത് പേരാണ് വിചാരണ നേരിടാന്‍ തയാറായതെന്ന് തബ്‌ലീഗ്കാരുടെ അഭിഭാഷകന്‍ ചാന്ദെര്‍ ഉദയ് സിങ് കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."