കടല്‍ഭിത്തി നിര്‍മിച്ചത് അശാസ്ത്രീയമായെന്ന് ആക്ഷേപം; കടല്‍ 'കരകയറുന്നു'
പൊന്നാനി: മഴ തുടരുന്നതോടൊപ്പം കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുന്നു. പൊന്നാനി തീരത്ത് കടല്‍ഭിത്തിയും തകര്‍ത്തു കടല്‍ കരയിലേക്കു കയറിയിരിക്കുകയാണ്. കടല്‍ഭിത്തിയുടെ അശാസ്ത്രീയ നിര്‍മാണമാണ് ഇവിടെ കടലാക്രമണം രൂക്ഷമാകാന്‍ കാരണമെന്നാണ് നിരീക്ഷണം.
കടലിന്റെ കിടപ്പനുസരിച്ച് ഇവിടെ ചെറുതും വലുതുമായ പുലിമുട്ടുകളാണ് ആവശ്യമെന്നു വിദഗ്ധര്‍ പറയുന്നു. കൂറ്റന്‍ കരിങ്കല്ലുകള്‍ കൂട്ടത്തോടെ കടലിലേക്കിടുന്നതാണ് കേരള തീരത്തെ ഭിത്തി നിര്‍മാണം. തിരയടിക്കുമ്പോഴേക്കും മുകളിലെ കല്ല് മറിഞ്ഞ് ആഴത്തിലേക്കു പതിക്കും. ഇതോടെ പഴുതുകളുണ്ടാക്കി തിര ആഞ്ഞടിക്കാന്‍ തുടങ്ങും. ഇത്തരത്തില്‍ കടല്‍ഭിത്തിയും ഭേദിച്ചാണ് പൊന്നാനിയിലെ നൂറുകണക്കിനു കുടുംബങ്ങളിലേക്കു കടല്‍ വെള്ളം ഇരമ്പിയെത്തുന്നത്.
കരിങ്കല്ല് അലക്ഷ്യമായി കടലിലേക്കിട്ടു തിരയെ തടയുന്ന ഭാഗങ്ങളിലാണ് കൂടുതല്‍ കടലാക്രമണം ഉണ്ടാകുന്നതെന്നും ആക്ഷേപമുണ്ട്. ഇതാണ് പൊന്നാനിയിലും സംഭവിക്കുന്നത്. ഭിത്തിയുള്ള പ്രദേശങ്ങളിലെ കടലിന്റെ ആഴം തിട്ടപ്പെടുത്താന്‍ സാധിക്കാത്തതാണ് പ്രധാന പ്രശ്‌നം.
പൊന്നാനിയിലെ പല ഭാഗത്തും കടലില്‍നിന്ന് അര കിലോമീറ്ററിലധികം ദൂരെമാറി വീടുവച്ചവര്‍ക്കു പോലും ഇപ്പോള്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെടുകയാണ്. പൊന്നാനിയിലെ അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണംമൂലം കടല്‍ഭിത്തി നിര്‍മിക്കാത്ത ഭാഗങ്ങളില്‍നിന്നു കടല്‍ക്ഷോഭത്തില്‍ 15 വര്‍ഷത്തിനിടയില്‍ നഷ്ടപ്പെട്ടത് 10 ഏക്കര്‍ കരഭൂമിയാണ്.
അളവില്ലാതെന്ത് കണക്ക്..!
പൊന്നാനി: കടല്‍ഭിത്തി നിര്‍മിക്കുന്നതിനായി എത്ര കരിങ്കല്ലുകളാണ് കടലില്‍ നിക്ഷേപിക്കുന്നതെന്നതു രഹസ്യമാണ്. ഇവയുടെ എണ്ണമെടുക്കാന്‍ ആരും വരില്ലെന്നതും കണക്കെടുക്കാന്‍ സാധിക്കില്ലെന്നതും അഴിമതിക്കും കാരണമാകുന്നുണ്ടെന്നാണ് ആരോപണമുയരുന്നത്.
കടലില്‍ ഇടുന്ന കല്ലിന്റെ അളവ് ഉദ്യോഗസ്ഥര്‍ നല്‍കുന്നതിനനുസരിച്ചാണ്. പിന്നീട് ആരോപണമോ പരാതിയോ ഉയര്‍ന്നാല്‍ തെളിവെടുപ്പും പരിശോധനയും അസാധ്യവുമാണ്. ഒരു കല്ലിന്റെ പലഭാഗത്തായി ഒന്നിലേറെ നമ്പറിട്ട് എണ്ണത്തില്‍ തട്ടിപ്പു നടത്തുന്നതായി വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ ഏജന്‍സികള്‍ക്കായില്ലെന്നതു തിരിമറികള്‍ക്കു ബലമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."