വനാവകാശനിയമം: 163.79 ഏക്കര്‍ ഭൂമിക്ക് കൈവശാവകാശ രേഖ
അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നും 2014 മുതലുളള 2167 അപേക്ഷകളാണ് രണ്ടാം ഘട്ടത്തില്‍ പരിഗണിച്ചത്. സബ്കലക്റ്റര്‍ ചെയര്‍മാനായുള്ള സബ്ഡിവിഷനല്‍ കമ്മിറ്റിയും തുടര്‍ന്ന് അന്തിമമായി ജില്ലാതല കമ്മിറ്റിയുമാണ് അപേക്ഷ പരിഗണിച്ചത്
പാലക്കാട്: ജില്ലയില്‍ വനാവകാശനിയമം 2006 പ്രകാരം ഭൂമിയുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്കുള്ള കൈവശരേഖ ലഭ്യമാകുന്നതിന് 101 അപേക്ഷകള്‍ക്ക്് ജില്ലാ കലക്ടര്‍ ചെയര്‍മാനായുളള ജില്ലാതല സമിതിയുടെ അംഗീകാരം ലഭിച്ചു.
ഇത് പ്രകാരം 163.79 ഏക്കര്‍ ഭൂമിക്കാണ് കൈവശരേഖ നല്‍കുക. അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നും 2014 മുതലുളള 2167 അപേക്ഷകളാണ് രണ്ടാം ഘട്ടത്തില്‍ പരിഗണിച്ചത്. സബ്കലക്റ്റര്‍ ചെയര്‍മാനായുള്ള സബ്ഡിവിഷനല്‍ കമ്മിറ്റിയും തുടര്‍ന്ന് അന്തിമമായി ജില്ലാതല കമ്മിറ്റിയുമാണ് അപേക്ഷ പരിഗണിച്ചത്. ആദ്യഘട്ടത്തില്‍ 60 അപേക്ഷകള്‍ക്ക്് അംഗീകാരം ലഭിച്ചിരുന്നു. ചേബറില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് 41 അപേക്ഷകള്‍ക്ക് കൂടി അംഗീകാരം നല്‍കിയത്.
അട്ടപ്പാടിയിലെ പൂതൂര്‍ ഗ്രാമപഞ്ചായത്തിലെ 53 അപേക്ഷകള്‍ പരിഗണിച്ചതിന്റെ ഭാഗമായി 90.67 ഏക്കറും ഷോളയൂരില്‍ ഏഴ് അപേക്ഷകള്‍ പ്രകാരം 10.25 ഏക്കറും അഗളി ഗൂളിക്കടവില്‍ 30 അപേക്ഷകള്‍ പ്രകാരം 31.32 ഏക്കറും പട്ടിമാളത്ത് 11 അപേക്ഷകളില്‍ 31.55 ഏക്കറിനുമാണ് കൈവശരേഖ ലഭ്യമാകുക. അതത് പ്രദേശത്തെ വനാവകാശ സമിതികളാണ് വനാവകാശനിയമപ്രകാരം ഭൂമിക്ക് കൈവശരേഖകള്‍ക്കായി അതത് ഗ്രാമസഭകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. അപേക്ഷകളില്‍ റവന്യു-വനം- പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയ ശേഷം സബ്ഡിവിഷനല്‍ കമ്മിറ്റിയുടെ പരിശോധനക്ക് സമര്‍പിക്കും. മൊത്തമുള്ള 2167 അപേക്ഷകളില്‍ 640 എണ്ണത്തില്‍ സംയുക്ത പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.1527 അപേക്ഷകളില്‍ സംയുക്ത പരിശോധന നടന്നു വരുന്നു. 568 അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയായി സര്‍വെ നടന്നു വരുന്നുണ്ട്.
നെല്ലിയാമ്പതിയിലെ 185 അപേക്ഷകളില്‍ ഇ.എഫ്.എല്‍ എന്ന നിലയില്‍ വനംവകുപ്പിന്റെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി സബ്ഡിവിഷനല്‍ തല പരിശോധന നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."