പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചതായി ബാലാവകാശ കമ്മിഷന്‍
കാക്കനാട്: ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍. കമ്മിഷന്‍ അംഗം ഡോ.എം.പി ആന്റണിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ നടന്ന ക്യാംപ് സിറ്റിങ്ങിനെ തുടര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്.
ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പുകളോട് പൊതുജനങ്ങള്‍ക്ക് ആഭിമുഖ്യം കുറഞ്ഞതായി ലഭിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് ആരോഗ്യ വകുപ്പിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലയിലെ നാല് മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്നു നടത്തിയ പ്രോജക്ട് പ്രവര്‍ത്തനം വഴി പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതായും അവയുടെ സ്വീകാര്യത വര്‍ധിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ടു നല്‍കി. ആലുവ മുന്‍സിപ്പാലിറ്റിക്കു കീഴിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്ക് മൂന്നു മാസത്തിനകം നവീകരിക്കാനും കുട്ടികള്‍ക്ക് തുറന്നുകൊടുക്കാനും കമ്മിഷന്‍ ഉത്തരവിട്ടു.
കൊച്ചി കോര്‍പറേഷനു കീഴിലുള്ള കരിന്തല കോളനിയിലെ മോഡല്‍ അങ്കണവാടി കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. അങ്കണവാടി നിര്‍മാണത്തിന് തറക്കല്ലിട്ടെങ്കിലും പ്രദേശത്തു സ്ഥാപിച്ചിട്ടുള്ള വൈദ്യുത പോസ്റ്റ് മാറ്റാത്തതിനാല്‍ കരാറുകാരന്‍ പണി ഏറ്റെടുത്തിരുന്നില്ല. വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിച്ച് അങ്കണവാടി കെട്ടിടത്തിന്റെ പണി നടത്തുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കമ്മിഷന് റിപ്പോര്‍ട്ട് നല്‍കാനും ആവശ്യപ്പെട്ടു.
ജില്ലയില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി ആരോപണമുയര്‍ന്ന അങ്കണവാടിയില്‍ ഉപയോഗിച്ച കുടിവെള്ളം അണുബാധയോ മാലിന്യമോ ഇല്ലാത്തതും തൃപ്തികരവുമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യവകുപ്പ് കമ്മിഷന്‍ മുമ്പാകെ അറിയിച്ചു. ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനാഫലം ഉടന്‍ ലഭ്യമാക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ അധികൃതര്‍ ശാരീരികശിക്ഷ നല്‍കിയെന്നാരോപിച്ചു സമര്‍പ്പിച്ച പരാതി, ബാലവേല സംബന്ധിച്ച കേസ്, അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ പ്രവര്‍ത്തനം തുടങ്ങിയ കേസുകളിലും കമ്മിഷന്‍ വാദം കേട്ടു. എട്ടു കേസുകള്‍ തീര്‍പ്പാക്കി. കമ്മിഷന്‍ അംഗങ്ങളായ ഡോ.എം.പി ആന്റണി, സിസ്റ്റര്‍ ബിജി ജോസ് എന്നിവരാണ് കേസുകളില്‍ തീര്‍പ്പുകല്‍പ്പിച്ചത്. കമ്മിഷന്റെ കോര്‍ട്ട് ഓഫീസര്‍ ആകാശ് രവിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഉദ്യോഗസ്ഥരും സിറ്റിങ് നടപടികള്‍ ഏകോപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."