നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍വേ അട്ടിമറിക്കാന്‍ ശ്രമം
സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍വേ അട്ടിമറിക്കാന്‍ ഗൂഢനീക്കമെന്ന് ആക്ഷേപം.
നിര്‍ദിഷ്ടപാതയുടെ ഡി.പി.ആര്‍ തയാറാക്കാന്‍ നിയോഗിക്കപ്പെട്ട ഡി.എം.ആര്‍.സി.ക്ക് സര്‍ക്കാര്‍ അനുവദിച്ച പണം നല്‍കാതെയാണ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമം.
ആദ്യഘട്ടമെന്ന നിലയില്‍ ഡി.എം.ആര്‍.സിക്ക് നല്‍കേണ്ട രണ്ട് കോടി രൂപ നല്‍കാതെ കമ്പനിയെ പദ്ധതിയില്‍ നിന്നു പിന്മാറ്റാണ് നീക്കം.
വയനാടന്‍ ജനതയുടെ ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള സ്വപ്നത്തിന്നാണ് ഇതോടെ തിരിച്ചടിയാവുന്നത്. പാത യാഥാര്‍ഥ്യമാകുമെന്ന സാഹചര്യത്തിലാണ് പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആരോപണമുയരുന്നത്.
പദ്ധതിയുടെ ആകെ തുകയുടെ പകുതി 2500 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ മാറ്റിവെച്ച പദ്ധതിയാണ് ഇപ്പോള്‍ അട്ടിമറി സാധ്യതയില്‍ നില്‍ക്കുന്നതെന്ന് വയനാട്-നീലഗിരി-നിലമ്പൂര്‍ റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായ അഡ്വ. റഷീദ് ആരോപിച്ചു. പാതയുടെ ഡി.പി.ആര്‍ തയാറാക്കുന്നതിനായി എട്ട് കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവെച്ചത്.
ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ രണ്ടര കോടി രൂപ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഡി.എം.ആര്‍.സിക്ക് നല്‍കാനായിരുന്നു തീരുമാനം.
എന്നാല്‍ ഇതുവരെ ഈ തുക നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്നുകൂടി പണം ലഭിച്ചില്ലെങ്കില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതലയില്‍ നിന്നും ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡി.എം.ആര്‍.സി പിന്‍മാറുമെന്ന് സര്‍ക്കാറിനെ അറിയിച്ചതായാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ പണം നല്‍കാനുള്ള സാധ്യത കുറവാണെന്ന് ആക്ഷന്‍കമ്മറ്റി ഭാരവാഹികള്‍ പറയുന്നത്.
നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് പാതയെ അട്ടിമറിക്കുന്നതിന് പിന്നില്‍ തലശ്ശേരി-മൈസൂര് പാതക്കായി പ്രര്‍ത്തിക്കുന്ന ലോബിയാണന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."