നീനയിലൂടെ ഇന്ത്യക്ക് ആദ്യസ്വര്‍ണം; ആഹ്ലാദത്തിമിര്‍പ്പില്‍ മേപ്പയൂര്‍
മേപ്പയ്യൂര്‍: ചൈനയിലെ ജിയാക്സിങ്ങില് നടന്ന ഏഷ്യന്‍ ഗ്രാന്‍പ്രി രണ്ടാംപാത അത്ലറ്റിക് മീറ്റില്‍ ലോങ്ജംപില്‍ നീനയിലൂടെ ഇന്ത്യക്ക് ആദ്യസ്വര്‍ണം ലഭിച്ചതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് മേപ്പയൂര്‍ ഗ്രാമം. കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍ ജനിച്ച യുവതി തീവ്ര പരിശീലനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് സുവര്‍ണ നേട്ടം കൈവരിച്ചത്. ചൈനയിലെ ജിന്‍ഹുവയില്‍ മൂന്നുദിവസം മുന്‍പ് നടന്ന ഒന്നാംപാദ മത്സരത്തില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന നീന 6.37 മീറ്റര്‍ ചാടി ചൈനയുടെ സിയാവോലിങ്ങിനെ പിന്തള്ളിയാണ് സ്വര്‍ണം നേടിയത്. 2015-ലും 2016-ലും നടന്ന ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡലും 2014-ല്‍ വെള്ളിയും നേടിയിരുന്നു. ഹൈദരാബാദില്‍ നടന്ന ദേശീയ സീനിയര്‍ മീറ്റ്, ബംഗളൂരുവില്‍ നടന്ന മൂന്നാം ഗ്രാന്‍പ്രി, നാലാം ഗ്രാന്‍പ്രി, തായ്ലന്ഡ് അത്ലറ്റിക്സ് എന്നിവയിലും നീന സ്വര്‍ണത്തില്‍ മുത്തമിട്ടു. സീസണില്‍ അഞ്ചു സ്വര്‍ണം നേടിയ നീനയ്ക്ക് റിയോ ഒളിംപിക്സ് നഷ്ടമായത് നേരിയ വ്യത്യാസത്തിലാണ്. കഴിഞ്ഞമാസം ഒമാനിലേക്ക് പരിശീലനത്തിന് പോയ നീന അവിടെ നിന്നാണ് ചൈനയിലേക്ക് വിമാനം കയറിയത്.
ഇല്ലായ്മകള്‍ക്ക് നടുവിലും മകളെ ഉയരങ്ങളിലേക്ക് കൈപിടിച്ചു നടത്താന്‍ പ്രോത്സാഹനവുമായി പിതാവ് വരകില്‍ നാരായണനും മാതാവ് പ്രസന്നയും അനുജത്തി നീതുവും ഒപ്പമുണ്ട്. മേപ്പയൂര്‍ എല്‍.പി സ്കൂള്‍, എളമ്പിലാട് എം.യു.പി.എസ്, കൊയിലാണ്ടി ഗേള്‍സ് ഹൈസ്കൂള്‍, തലശേരി ഗവ. ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ച നീന തലശേരി സായിയില്‍ നിന്നാണ് ദേശീയ താരമായി ഉയര്‍ന്നത്. ഒരുവര്‍ഷം ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സില് നിന്ന് പരിശീലനവും ലഭിച്ചിരുന്നു. വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്കൂളിലെ കായികാധ്യാപകന് കെ.കെ രാമചന്ദ്രനാണ് നീനയിലെ കായിക താരത്തെ കണ്ടെത്തിയത്. വെസ്റ്റേണ്‍ റെയില്‍വേയില്‍ ഗുജറാത്തില്‍ ടി.ടിയായി ജോലിചെയ്യുകയാണിപ്പോള്‍.
രാജ്യത്തിന്റെ അഭിമാനം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച നീനയെ സ്വീകരിക്കാനുള്ള തറയാറെടുപ്പിലാണ് നാട്ടുകാര്‍. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമേ നീന നാട്ടില്‍ മടങ്ങിയെത്തുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."