മഞ്ഞപ്പിത്തം: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: കരളിനെ ബാധിക്കുന്ന വൈറസ് രോഗമായ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലിനമായ ജലസ്രോതസുകള്‍ വഴിയും ഭക്ഷണ-പാനീയങ്ങള്‍ വഴിയുമാണ് മഞ്ഞപ്പിത്തം പടരുന്നത്.
പനി, ആഹാരത്തോട് വെറുപ്പ്, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, അമിതമായ ശരീരക്ഷീണം, കണ്ണിലും മൂത്രത്തിലും മഞ്ഞ നിറം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം തടയാന്‍ താഴെപറയുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ളതും മൂടിയുള്ളതുമായ പാത്രങ്ങളില്‍ വെള്ളം സൂക്ഷിക്കുക, കിണറുകള്‍ മലിനമാകാതെ സൂക്ഷിക്കുക, കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, പഴകിയതും മലിനവുമായ ആഹാരസാധനങ്ങള്‍ കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ്‌ക്രീം, സിപ്പ്അപ്പ്, സുരക്ഷിതമല്ലാത്ത അച്ചാറുകള്‍ എന്നിവ വര്‍ജിക്കുക, ശുദ്ധജല ദൗര്‍ലഭ്യമുള്ളതിനാല്‍ യാത്രാ വേളകളില്‍ തിളപ്പിച്ചാറിയ വെള്ളം കൈയില്‍ കരുതണം, രോഗമുള്ളവര്‍ ഭക്ഷണ-പാനീയങ്ങല്‍ പാകം ചെയ്യുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."