മഹാവ്യാധിയുടെ അന്ധകാരം; അധികാരത്തിന്റെ അന്ധത
1998ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച പോര്‍ച്ചുഗീസ് സാഹിത്യകാരനാണ് ജോസ് സരമാഗോ (സൂസെ സരമാഗോ എന്നാണ് പോര്‍ച്ചുഗീസ് ഉച്ചാരണം). അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ നോവലാണ് 'അന്ധത' (ബ്ലൈന്‍ഡ്‌നെസ്സ്). ഒരു നഗരത്തില്‍ അന്ധത എന്ന പകര്‍ച്ച മഹാമാരി കാട്ടുതീപോലെ പടരുന്നതാണ് കഥാതന്തു. രോഗത്തിന്റെ കാരണമോ പരിഹാരമോ ആര്‍ക്കുമറിയില്ല. അന്ധത ബാധിച്ച നിര്‍ഭാഗ്യവാന്മാരായ മനുഷ്യരുടെ വിഹ്വലതകളാണ് നോവലില്‍ പ്രതിപാദിക്കുന്നത്. അന്ധത ബാധിച്ച മനുഷ്യരെയും അവരെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന ഒരു ഡോക്ടറെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഒരു ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്തപ്പെട്ട രോഗികള്‍ കുടുംബസമാനമായ ഒരു ബന്ധം വളര്‍ത്തിയെടുക്കുന്നു.
എന്നാല്‍, ഭരണകൂടം ഈ മഹാമാരിയെ നേരിടുന്നത് തികച്ചും കഴിവുകെട്ട രീതിയില്‍ മര്‍ദന മുറകള്‍ ഉപയോഗിച്ചാണ്. ക്വാറന്റൈന്‍ കേന്ദ്രം സമൂഹത്തിന്റെ പരിച്ഛേദമാണ്. ചൂഷണവും അസമത്വവുമെല്ലാം അവിടെയുമുണ്ട്. അവസാനം ഭരണകൂടം അന്ധത ബാധിച്ച നിസ്സഹായരായ മനുഷ്യരെ വെടിവച്ചു കൊല്ലുന്ന അവസ്ഥവരെ സംജാതമാകുന്നു. ഭക്ഷണത്തിനുമേല്‍ അധികാരം ലഭിച്ച സായുധരായ മാഫിയ സംഘം, അന്ധത ബാധിച്ച നിസ്സഹായരായ മനുഷ്യരുടെമേല്‍ ബലാത്സംഗവും മറ്റു മനുഷ്യത്വ ഹീനമായ ക്രൂരതകളും ചെയ്യുന്നു. 'തോക്കേന്തിയ മനുഷ്യന്‍' എന്ന ഗുണ്ടയാണ് ഈ സംഘത്തിന്റെ തലവന്‍. നിരാശരായ അന്ധര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിനു തീകൊളുത്തി പരസ്പരം യുദ്ധം ചെയ്യുന്നു.
നോവലില്‍ ഹൃദയസ്പര്‍ശിയായ ഒരു രംഗമുണ്ട്. ആദ്യമായി അന്ധത ബാധിക്കുന്ന വ്യക്തിക്ക് അന്ധത ബാധിക്കുന്നത് കാറില്‍ ഒരു ട്രാഫിക് ജങ്ഷനില്‍ ഗ്രീന്‍ ലൈറ്റ് കാത്തുനില്‍ക്കുമ്പോഴാണ്. അയാള്‍ മറ്റൊരാളോട് തന്നെ വീട്ടില്‍ എത്തിക്കാന്‍ സഹായമഭ്യര്‍ഥിക്കുന്നു. അഭ്യര്‍ഥന സ്വീകരിച്ചയാള്‍, അന്ധനെ അയാളുടെ വീട്ടില്‍ എത്തിച്ചെങ്കിലും അന്ധത ബാധിച്ച നിര്‍ഭാഗ്യവാന്റെ കാറുമായി കടന്നുകളയുകയാണ് ഇയാള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ കൊവിഡ് മഹാവ്യാധി പടര്‍ന്ന് കയറുമ്പോള്‍, ജോസ് സരമാഗോവിന്റെ ഈ നോവലിനെ കുറിച്ച് ഓര്‍ത്തുപോകുന്നു. ഒരു ജനത സര്‍വ പ്രതീക്ഷകളും കൈവിട്ട് അന്ധാളിച്ചു നില്‍ക്കുമ്പോള്‍, ഭരണകൂടം സരമാഗോവിന്റെ നോവലിലെ സായുധ മാഫിയയെ പോലെയും കാര്‍ മോഷ്ടാവിനെ പോലെയുമാണ് പെരുമാറുന്നത്.
1971-86 കാലത്ത് ഹെയ്ത്തിയിലെ സ്വേച്ഛാധിപതിയായിരുന്ന ജീന്‍ ക്ലോഡ് ഡുവലിയര്‍ (ബേബി ഡോക്) പണം സമ്പാദിക്കാന്‍ സ്വന്തം ജനങ്ങളുടെ ശവശരീരംവരെ വിറ്റു എന്നത് സമകാലീന ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട സംഭവമാണ്. സമാനമായ സംഭവങ്ങളാണ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്ത്യയില്‍ അരങ്ങേറിയത്. ലക്ഷക്കണക്കിന് ദരിദ്ര തൊഴിലാളികള്‍ അവരുടെ കിടപ്പാടങ്ങളിലേക്കുള്ള നീണ്ടയാത്രയില്‍ വഴിമധ്യേ മരിച്ചു വീണു. അത്യുന്നത നീതിപീഠം പോലും ഈ ദുരന്തത്തിനു നേരെ കണ്ണടച്ചു ശിശിര നിദ്രയിലാണ്ടു പോയി. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 139 ദശലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. ഇവരെ പറ്റി നിമിഷാര്‍ധം പോലും ചിന്തിക്കാതെയാണ് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയില്‍ 400 ദശലക്ഷം തൊഴിലാളികള്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന പറയുന്നു. ഈ വിഷയത്തില്‍ സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ലജ്ജയില്ലാതെ നുണ പറയുകയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത സുപ്രിം കോടതിയില്‍ ചെയ്തത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപിത നയമാണ്. കശ്മിരിലെ കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോസിന്റെ ഭാര്യ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍, സോസ് തടവിലല്ല എന്ന കള്ളം കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവര്‍ത്തിച്ചു. റാഫേല്‍ കേസിലും സുപ്രിം കോടതിയെ കേന്ദ്രസര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്.
ലോക്ക്ഡൗണ്‍ കാരണം ദാരിദ്ര്യത്തില്‍ ആണ്ടുപോയ ജനതയോടാണ് 'ജയ് ജയ് മോദി, ഹര്‍ ഹര്‍ മോദി' എന്ന മന്ത്രം ഉരുവിടാന്‍ ഭരിക്കുന്ന പാര്‍ട്ടി ആവശ്യപ്പെടുന്നത്. 1965 മുതല്‍ 1997 വരെ കോംഗോ ഭരിച്ച ജോസഫ് മോബിട്ടു, ദാരിദ്രം കൊണ്ട് മരിച്ചു വീഴുന്ന തന്റെ ജനതയുടെ മുന്‍പില്‍ 'തന്റെ ഇച്ഛാശക്തി കൊണ്ട് എല്ലാം ജയിച്ചടക്കിയ, വിജയത്തില്‍നിന്ന് വിജയത്തിലേക്ക്, അഗ്നി വിതറി മുന്നേറുന്ന സര്‍വശക്തനായ പടയാളി' എന്ന് സ്വയം വിശേഷിപ്പിച്ച് ഞെളിഞ്ഞുനിന്ന കോമാളിത്തത്തെ ഇത് ഓര്‍മിപ്പിക്കുന്നു.
മഹാവ്യാധിയുടെ മറവില്‍ ജനാധിപത്യത്തിനെ തുരങ്കംവയ്ക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. ജനാധിപത്യത്തിന്റെ ആത്മാവ് ഇന്ത്യയില്‍നിന്ന് എന്നോ ചോര്‍ന്നുപോയിരിക്കുന്നു. അവശേഷിക്കുന്നത് ചില ജനാധിപത്യ നടപടിക്രമങ്ങള്‍ മാത്രമാണ്. മധ്യപ്രദേശില്‍ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയ ഭരണകൂടത്തെ മഹാവ്യാധിയുടെ മറവില്‍ ബി.ജെ.പി വൃത്തിഹീനമായ മാര്‍ഗത്തിലൂടെ അധികാര ഭ്രഷ്ടരാക്കി. ഇതോടെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന നാമമാത്ര ജനാധിപത്യവും കുടിയിറക്കപ്പെടുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയേയും ഇരുപത് എം.എല്‍.എമാരേയും വിലക്കെടുത്ത് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയ്ക്ക് ഒരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല. ഇതേ ജനാധിപത്യവിരുദ്ധ രാഷ്ട്രീയമാണ് രാജസ്ഥാനിലും ബി.ജെ.പി പയറ്റുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കഴിവുകേട് ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇവിടെ പരാജയപ്പെടുന്നത് കോണ്‍ഗ്രസല്ല; ജനാധിപത്യവും ജനങ്ങളുമാണ് എന്നതാണ് ദയനീയമായ വസ്തുത.
ഭരണഘടനാ മൂല്യങ്ങളെ നിരാകരിക്കുന്ന പുതിയ വിദ്യാഭ്യാസനയം കൊവിഡ് മഹാമാരിയുടെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കി കഴിഞ്ഞു. തീര്‍ത്തും ആര്‍എസ്.എസ് നയങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ വിദ്യാഭ്യാസനയം രൂപപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനത്തില്‍, വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലാണ് ഉള്‍പ്പെടുന്നത്. സ്വാഭാവികമായും സ്റ്റേറ്റുകളുമായി ഇക്കാര്യത്തില്‍ ഫലപ്രദമായ ചര്‍ച്ച നടത്തേണ്ടതായിരുന്നു. എന്നാല്‍, ആര്‍.എസ്.എസിന്റെ വിദ്യാഭ്യാസ നയം ഒരു കൂടിയാലോചനയും കൂടാതെ നടപ്പിലാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. മഹാമാരി കാരണം പ്രതിഷേധിക്കാന്‍ പോലും കഴിയാത്ത നിസ്സഹായതയിലാണ് പ്രതിപക്ഷം.
'നിങ്ങള്‍ ഒരു വര്‍ഷത്തേക്കാണ് ആസൂത്രണം ചെയ്യുന്നതെങ്കില്‍ നെല്ല് വിതയ്ക്കുക; നിങ്ങള്‍ പത്ത് വര്‍ഷത്തേക്കാണ് ആസൂത്രണം ചെയ്യുന്നതെങ്കില്‍ മരം നടുക; നിങ്ങള്‍ നൂറു വര്‍ഷത്തേക്കാണ് ആസൂത്രണം ചെയ്യുന്നതെങ്കില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക' - ചൈനീസ് തത്വജ്ഞാനിയായ കണ്‍ഫ്യൂഷ്യസ് പറയുകയുണ്ടായി. വിദ്യാഭ്യാസം, സമൂഹത്തിലും രാഷ്ട്രത്തിലും ദൂരവ്യാപകമായ പ്രഭാവം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. നമ്മുടെ ഭരണഘടനാ പിതാക്കള്‍ വിഭാവനം ചെയ്ത നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ നിരാകരിച്ചുകൊണ്ട്, അസമത്വത്തിലും അസ്വാതന്ത്ര്യത്തിലും അനീതിയിലും ഊന്നിയ ബ്രാഹ്മണിക് സമൂഹം കെട്ടിപ്പടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയം ആ ദിശയിലുള്ള നീക്കമാണ്. കൊവിഡ് മഹാമാരിയുടെ മറവില്‍ ഈ സംഘ്പരിവാര്‍ അജന്‍ഡയും കേന്ദ്രസര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നു.
മഹാമാരിയുടെ മഹാനരകത്തില്‍ പെട്ട് രാജ്യം ഉഴലുമ്പോള്‍, സംഘ്പരിവാര്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ടുപോകുകയാണ്. കശ്മിരിന്റെ പ്രത്യേക പദവി സ്വേച്ഛാധിപത്യ രീതിയില്‍ റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തുന്നത്. റോമാ നഗരം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് മോദി പെരുമാറുന്നത്.
ഇതിനു പുറമെ ഡല്‍ഹി വംശീയ ആക്രമണം, ഭീമകൊറഗാവ് ആക്രമണം എന്നീ കേസുകളില്‍ ഇരകളെ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ ചുമത്തി വേട്ടയാടുകയും അക്രമികള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ അവസരം നല്‍കുകയും ചെയ്തു. ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ എന്ന പരിസ്ഥിതി സംഘടനയ്‌ക്കെതിരേ, കേന്ദ്രമന്ത്രിക്ക് എന്‍വിറോണ്‍മെന്റ് ഇമ്പാക്ട് റൂള്‍സ്, കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് വേണ്ടി ഭേദഗതി ചെയ്യുന്നതിനെ എതിര്‍ത്ത് കൊണ്ട് ഇ-മെയില്‍ അയച്ചു എന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തുന്ന പരിഹാസ്യമായ സംഭവത്തിനും നമ്മള്‍ ഈ കൊവിഡ് മഹാമാരി കാലത്ത് സാക്ഷിയായി.
2006ല്‍ പ്രസിദ്ധീകരിച്ച സരമാഗോവിന്റെ 'കാഴ്ച' (സീയിങ്) എന്ന നോവല്‍ 'അന്ധത' എന്ന നോവലിന്റെ അനന്തര കഥയാണ്. ഈ നോവല്‍ തുടങ്ങുന്നത് ഒരു തെരഞ്ഞെടുപ്പ് ദിവസമാണ്. രാവിലെ മുതല്‍ കനത്ത മഴയാണ്. ആരും വോട്ട് ചെയ്യാന്‍ വരുന്നില്ല. ഉച്ച കഴിയുമ്പോള്‍ മഴ തോരുന്നു. ഓരോരുത്തരായി വോട്ട് ചെയ്യാനെത്തുന്നു. എന്നാല്‍, വോട്ട് എണ്ണുമ്പോഴാണ് ഭരണകൂടം ഞെട്ടുന്നത്. 70 ശതമാനം ബാലറ്റ് പേപ്പറുകളിലും ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഭരണകൂടം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ ഇത്തരം ശൂന്യ ബാലറ്റുകളുടെ എണ്ണം 83 ശതമാനമായി വര്‍ധിക്കുന്നു. ഭരണകൂടം അപകടം മണക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു.
'ഭരണകൂടങ്ങളുടെ പ്രഥമ മുന്‍ഗണന തങ്ങളുടെ അധികാരം സംരക്ഷിക്കുക എന്നതാണ്; അല്ലാതെ ജനതയുടെ ക്ഷേമമല്ല' - ജോസ് സരമാഗോ, നോവലില്‍ നിരീക്ഷിക്കുന്നുണ്ട്. വര്‍ത്തമാനകാല ഇന്ത്യയില്‍ സരമാഗോവിന്റെ നിരീക്ഷണം സത്യമായി പുലര്‍ന്നിരിക്കുന്നു. ഈ മഹാമാരി കാലത്തും തങ്ങളുടെ അധികാരമോഹവും വര്‍ഗീയ അജന്‍ഡയുമായി മുന്നോട്ടുചലിക്കുന്ന ഹൃദയശൂന്യമായ ഒരു ആസുര ഭരണകൂടമാണ് ഇന്ത്യയെ ഭരിക്കുന്നത്. അന്ധതയുടെ കാളരാത്രിക്ക് ശേഷം കാഴ്ചയുടെ സൂര്യനുദിക്കുമെന്നും അന്ന് ഇന്ത്യന്‍ ജനത ഭരണകൂടത്തിന്റെ ഹൃദയ ശൂന്യത മനസിലാക്കി ശക്തമായി പ്രതികരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."