കണ്ണൂര്‍ വിശപ്പുരഹിത നഗരമാവുന്നു
കണ്ണൂര്‍: നഗരത്തിലെത്തുന്ന ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം ലഭ്യമാക്കിക്കൊണ്ട് കണ്ണൂര്‍ വിശപ്പുരഹിത നഗരമായി മാറുന്നു. 'കണ്ണൂര്‍ കാലത്തിനൊപ്പം' എന്ന പേരില്‍ നടക്കുന്ന നിയോജക മണ്ഡലം വികസന കാംപയിന്റെ ഭാഗമായാണ് വിശപ്പുരഹിത നഗരം പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ പാവങ്ങള്‍ക്കും പുറത്തുനിന്നെത്തി കാശില്ലാതെ പട്ടിണി കിടക്കേണ്ടി വരുന്നവര്‍ക്കും മാന്യമായി ഉച്ചഭക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. നഗരത്തിലെ ഹോട്ടലുമായി സഹകരിച്ച് പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി മെയ് പകുതിയോടെ ആരംഭിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. റെയില്‍വേ സ്റ്റേഷന്‍, പഴയ ബസ്സ്റ്റാന്റ്, തെക്കിബസാര്‍ തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് ഉച്ചഭക്ഷണത്തിന്റെ കൂപ്പണ്‍ വിതരണം ചെയ്യാന്‍ ക്രമീകരണമേര്‍പ്പെടുത്താനാണ് പരിപാടി. തെരഞ്ഞെടുക്കപ്പെട്ട പ്രദേശത്തെ ഹോട്ടലുകള്‍, കോഫിഹൗസ്, കാന്റീനുകള്‍ എന്നിവിടങ്ങളില്‍ കൂപ്പണ്‍ നല്‍കിയാല്‍ അവിടെ നിന്ന് ഉച്ചഭക്ഷണം കഴിക്കാം. വിശക്കുന്നവര്‍ക്ക് അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതെ സൗജന്യമായി ഭക്ഷണം നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മേയര്‍ ഇ.പി ലത, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, വികസന സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി കെ.എന്‍ ഭൂപേഷ്, പി സുമേഷ് സംസാരിച്ചു. പദ്ധതിയുടെ വിജയത്തിനായി മേയര്‍ ഇ.പി ലത ചെയര്‍മാനും യു ബാബു ഗോപിനാഥ് കണ്‍വീനറുമായി മോണിറ്ററിങ് കമ്മിറ്റിക്ക് രൂപം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."