പൊരിവെയിലത്തും രാഹുലിനെ കാത്തിരുന്നത് ജനസാഗരം
തിരുവമ്പാടി: കനത്ത വെയിലത്തും രാഹുല്‍ ഗാന്ധിയെ ഒരുനോക്ക് കാണാന്‍ തിരുവമ്പാടിയില്‍ കാത്തിരുന്നത് ജനസാഗരമായിരുന്നു. തിരുവമ്പാടിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ ജനങ്ങള്‍ പങ്കെടുത്ത പരിപാടിനടന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തിരുവമ്പാടിയിലെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത് വലിയ അവേശത്തോടെയാണ്. ഉച്ചക്ക് 1.25 ഓടെയാണ് രാഹുല്‍ തിരുവമ്പാടിയില്‍ എത്തിയതെങ്കിലും രാവിലെ ഒന്‍പത് മുതല്‍ തന്നെ രാഹുലിനെ കാണാനായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന പതിനായിരങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. വന്ന ഓരോ പ്രവര്‍ത്തകരും വളരെ അടുത്തുനിന്ന് രാഹുല്‍ ഗാന്ധിയെ കാണുന്നതിനായി മുന്‍ നിരയില്‍ തന്നെ സീറ്റുറപ്പിച്ചു. 11 ആയപ്പോഴേക്കും തിരുവമ്പാടിയിലെ ഹൈസ്കൂള്‍ ഗ്രൗണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു.
കത്തുന്ന വേനല്‍ ചൂടിനെ പോലും വകവയ്ക്കാതെ ആയിരങ്ങളാണ് പൊതുസമ്മേളനഗരിയിലേക്ക് ഒഴുകിയത്. കൂറ്റന്‍ കൊടികളും ബാനറുകളുമായാണ് ഭൂരിഭാഗം പ്രവര്‍ത്തകരും എത്തിയത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വലിയ സുരക്ഷാ സംവിധാനങ്ങളും പൊലിസും എസ്.പി.ജിയും ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."