ജില്ലാ വികസന സമിതി കിഫ്ബി പദ്ധതികള്‍ വേഗത്തിലാക്കണം
കണ്ണൂര്‍: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) വഴി സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ അനുവദിച്ച വിവിധ പദ്ധതികളുടെ വേഗം കൂട്ടാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജയിംസ് മാത്യു എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ ആവശ്യപ്പെട്ടു. 2016-17 ബജറ്റില്‍ അനുവദിച്ച പദ്ധതികളില്‍ ഒരു വര്‍ഷമായിട്ടും ഇന്‍വെസ്റ്റിഗേഷന്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് ശക്തമായ ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റോഡരികില്‍ അപകടകരമാം വിധം നില്‍ക്കുന്ന വൈദ്യുത തൂണുകള്‍ മാറ്റിസ്ഥാപിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മലയോര റോഡുകള്‍, പെരിങ്ങോം-ചെറുപുഴ റോഡ്, കണ്ണൂര്‍ പ്രസ് ക്ലബ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളുടെ വശങ്ങളില്‍ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കാന്‍ ദുരന്തനിവാരണ നിയമപ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അധികാരമുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതിക്കായി കാത്തുനില്‍ക്കേണ്ടതില്ലെന്നും കലക്ടര്‍ മീര്‍ മുഹമ്മദലി യോഗത്തെ അറിയിച്ചു.
പഴയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ കഴിയാത്തതു കാരണം പുതിയവ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിക്കാനാവാതെ നഷ്ടപ്പെട്ടുപോവുന്ന അവസ്ഥയാണെന്ന് ടി.വി രാജേഷ് എം.എല്‍.എ കുറ്റപ്പെടുത്തി.
മണല്‍ വാരുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കാരണം കരിഞ്ചന്തയില്‍ മണല്‍വില്‍പന വ്യാപകമാണെന്നു ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. വെള്ളത്തിനടിയിലെ മണല്‍ വാരാന്‍ നിലവിലെ കേന്ദ്ര നിയമം അനുവദിക്കാത്തതാണ് മണല്‍ വാരലിന് അനുമതി നല്‍കാന്‍ തടസമെന്ന് കലക്ടര്‍ പറഞ്ഞു. വളപട്ടണം പുഴയ്ക്ക് കുറുകെ തടയണ കെട്ടുന്നതിന് ജലസേചന വകുപ്പ് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും ജയിംസ് മാത്യു എം.എല്‍.എ അറിയിച്ചു. എം.എല്‍.എ ഫണ്ടില്‍ നിന്ന് സ്‌കൂളുകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച കംപ്യൂട്ടര്‍ക്കും അടുത്ത അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് സണ്ണി ജോസഫ് എം.എല്‍.എ നിര്‍ദേശം നല്‍കി.
യോഗത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എല്‍.എമാരായ സി. കൃഷ്ണന്‍, ജയിംസ് മാത്യു, സണ്ണി ജോസഫ്, ടി.വി രാജേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമള, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, ആരോഗ്യ മന്ത്രിയുടെ മണ്ഡലം പ്രതിനിധി എം. സുരേന്ദ്രന്‍, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ കെ.പി ഷാജു, വകുപ്പു മേധാവികള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."