ക്വാറിക്ക് പഞ്ചായത്ത് ഒത്താശ ചെയ്യുന്നുവെന്ന് ജനകീയ സമരസമിതി
തോണിച്ചാല്‍: എടവക പഞ്ചായത്തിലെ തോണിച്ചാല്‍ അത്തേരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്രഷറിനെ സഹായിക്കുന്ന നിലപാടില്‍ നിന്നും പഞ്ചായത്ത് ഭരണസമിതി പിന്തിരിയണമെന്ന് ജനകീയ സമരസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അനിശ്ചിതകാല സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. 2015-16 വര്‍ഷത്തെ പ്രവര്‍ത്തനാനുമതി ക്രഷറിന് പഞ്ചായത്ത് അനുവദിച്ചിരുന്നില്ല. ഇതിനെതിരെ ക്രഷറുടമ ഹൈക്കോടതിയിലും പഞ്ചായത്ത് ട്രിബ്യൂണല്‍ മുമ്പാകെയും നല്‍കിയ ഹര്‍ജികളില്‍ ഇനിയും തീര്‍പ്പുണ്ടായിട്ടില്ല. 2016-17 വര്‍ഷത്തേക്ക് സമര്‍പ്പിച്ച ട്രേഡ് ലൈസന്‍സിലും പഞ്ചായത്ത് സെക്രട്ടറി തീരുമാനമെടുക്കാത്തതിനെ തുടര്‍ന്ന് ഉടമ ട്രിബ്യൂണലിനെ സമീപിക്കുകയും ട്രിബ്യൂണല്‍ പഞ്ചായത്ത് ഭരണസമിതിക്ക് അപ്പീല്‍ സമര്‍പ്പിക്കാനും അപ്പീല്‍ തീര്‍പ്പാകുന്നത് വരെ സ്ഥാപനം പ്രവര്‍ത്തിക്കാനുമതി നല്‍കുകയുമാണുണ്ടായത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണസമിതി അന്തിമ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ്. ക്രഷറിന്റെ ചുറ്റുവട്ടത്തുമായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ക്രഷറിനാവശ്യമായ അളവില്‍ ഭൂമി ഉടമയുടെ കൈവശമില്ല. ഒട്ടനവധി പരാതികള്‍ ക്രഷറിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് ഭരണസമിതി ശക്തമായ തീരുമാനമെടുക്കാതെ കാലതാമസം വരുത്തുന്നതില്‍ ദുരൂഹതയുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. എം.പി വത്സന്‍, ഷീലാ കമലാ സന്‍, ജി.കെ മാധവന്‍, പ്രദീപ് കുമാര്‍, സാജന്‍, ത്രേസ്യാ മാത്യു, ലീലാ സുധാകരന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."