ചീക്കോട് കുടിവെള്ള പദ്ധതി; ടാങ്കില്‍നിന്ന് വെള്ളമെടുത്തവരെ അധികൃതര്‍ തടഞ്ഞു
പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് കോമ്പറമ്പ് ടാങ്കില്‍നിന്നു വെള്ളമെടുത്ത പ്രദേശവാസികളെയാണ് ജലവിഭവ വകുപ്പ് അധികൃതര്‍ തടഞ്ഞത്
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് കോമ്പറമ്പ് ടാങ്കില്‍ നിന്നു ചുറ്റുവട്ടത്തുള്ള വീട്ടുകാര്‍ വെള്ളമെടുക്കുന്നത് സംസ്ഥാന ജലവിഭവ വകുപ്പ് തടഞ്ഞു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥരെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഭരണിയില്‍ നിന്നു ലോറിയില്‍ 21 വാര്‍ഡുകളിലേക്കു വിതരണത്തിന് വെള്ളം കൊണ്ട് പോകുന്നതും പ്രദേശവാസികള്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസും ജനപ്രതിനിധികളും എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
സംഭരണിയുടെ ചുറ്റുവട്ടത്തുള്ള വീട്ടുകാര്‍ അനധികൃതമായിട്ടാണ് വെള്ളമെടുത്തിരുന്നതെന്നും ഇത് നിര്‍ത്തണമെന്ന് ഒന്നര മാസം മുന്‍പ് തന്നെ ഇവരോടാവശ്യപ്പെട്ടിരുന്നുവെന്നും ജലവിഭവ വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. അറിയിപ്പ് കൊടുത്ത ശേഷവും വെള്ളമെടുത്തതിനാലാണ് കണക്ഷന്‍ വിച്ഛേദിച്ചത്.
സംഭരണിയുടെ 60 മീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ജലവിഭവ വകുപ്പ് വെള്ളം നല്‍കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതിന്റെ പൈപ്പ് ലൈന്‍ ചെലവുകള്‍ ഉപഭോക്താക്കള്‍ വഹിക്കണം. നിലവില്‍ കുറച്ചാളുകള്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കുള്ള പൈപ്പ് ലൈന്‍ പ്രവൃത്തികള്‍ നടന്നുവരുന്നുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചീരങ്ങന്‍ മുഹമ്മദ് മാസ്റ്റര്‍, പഞ്ചായത്ത് അംഗം കെ.വി ഹുസ്സന്‍കുട്ടി, പൊലിസുദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ചുറ്റുവട്ടത്തുള്ള വീട്ടുകാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ കൊടുക്കുന്ന പോലെ വാഹനത്തില്‍ വെള്ളം എത്തിച്ചു കൊടുക്കും. ജലവിഭവ വകുപ്പ് അസി.എന്‍ജിനീയറുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിനുള്ളില്‍ വെള്ളമെടുക്കുന്നത് പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്നും ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."