മഞ്ചേരി മെഡിക്കല്‍ കോളജ് ;പുതിയ ലൈബ്രറിയും പരിശോധനാ സംവിധാനങ്ങളും ഉദ്ഘാടനം ചെയ്തു
കോഴിക്കോട് മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് കൂടുതല്‍ പ്രസവ ചികിത്സകള്‍ നടക്കുന്നതു മഞ്ചേരി മെഡിക്കല്‍ കോളജിലാണ്
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ സെന്‍ട്രല്‍ ലൈബ്രറിയുടേയും കളര്‍ ഡോപ്ലര്‍, എക്കോ കാര്‍ഡിയോഗ്രാഫ് എന്നീ മെഷീനുകളുടേയും ഉദ്ഘാടനം എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിച്ചു. ഹൃദയരോഗ ചികിത്സയ്ക്കു കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. മെഡിക്കല്‍ കോളജിന്റെ വികസനത്തിനായി കിഫ്ബിയില്‍ 145 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 75 കോടിയുടെ പ്രവൃത്തികള്‍ക്കു ഭരണാനുമതിയായിട്ടുമുണ്ട്. കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതിന് ഒരു കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഇതോടെ മാമോഗ്രാം ടെസ്റ്റ് നടത്തുന്നതിനു സൗകര്യമുള്ള ജില്ലയിലെ ആദ്യത്തെ സര്‍ക്കാര്‍ ആശുപത്രിയാകും മഞ്ചേരി മെഡിക്കല്‍ കോളജ്. എം.ആര്‍.ഐ സ്‌കാനിങ് സൗകര്യം സജ്ജമാക്കുന്നതിനും നടപടി പുരോഗമിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം 700 സര്‍ജറികളാണ് മെഡിക്കല്‍ കോളജില്‍ നടത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് കൂടുതല്‍ പ്രസവ ചികിത്സകള്‍ നടക്കുന്നതു മഞ്ചേരിയിലാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന്‍, മഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, വാര്‍ഡ് കൗണ്‍സിലര്‍മാരായ അഡ്വ. ഫിറോസ് ബാബു, കൃഷ്ണദാസ് രാജ, പി.ജി ഉപേന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ സിറിയക് ജോബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."