നന്മ നിറഞ്ഞവര്‍ മലപ്പുറത്തുകാര്‍
ദുബൈയില്‍നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ തകര്‍ന്നുവീഴുന്നത് കണ്ട് അവര്‍ കുതിച്ചെത്തി. കോരിച്ചൊരിയുന്ന മഴയും കൊവിഡ് മഹാമാരിയുടെ ഭീഷണിയുമൊന്നും അവരെ പിന്തിരിപ്പിച്ചില്ല. രണ്ടായി പിളര്‍ന്നു തകര്‍ന്ന വിമാനത്തില്‍നിന്ന് ഇന്ധനം ചോര്‍ന്ന് വന്‍ തീപ്പിടിത്തമുണ്ടാവാമെന്ന പേടിയും അവര്‍ അവഗണിച്ചു. തകര്‍ന്ന വിമാനത്തില്‍ കുടുങ്ങി മരണത്തിനു തൊട്ടുമുന്നിലെത്തിയവരെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു അവരുടെ ലക്ഷ്യം. പേടിച്ചരണ്ട യാത്രക്കാര്‍- സ്ത്രീകളും ഗര്‍ഭിണികളും കുഞ്ഞുങ്ങളുമൊക്കെയായി 190 പേര്‍, അവരെ രക്ഷിക്കുക എന്നത് അവര്‍ സ്വന്തം ദൗത്യമായി ഏറ്റെടുത്തു. ആരും അവരോട് ഒന്നും പറഞ്ഞില്ല. ആരോടും അവര്‍ ഒന്നും ചോദിച്ചുമില്ല. തകര്‍ന്ന വിമാനത്തില്‍നിന്ന് യാത്രക്കാരെ ഒന്നൊന്നായി വാരിയെടുത്ത് അവര്‍ ആശുപത്രിയിലേക്കോടി, സ്വന്തം വാഹനങ്ങളിലും മുന്നില്‍ കണ്ട ഓട്ടോയിലും ടാക്‌സിയിലുമൊക്കെയായി. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അടിയന്തരമായി രക്തം വേണമെന്ന് അറിയിപ്പുണ്ടായപ്പോള്‍ അവര്‍ ആശുപത്രികള്‍ക്ക് മുന്നില്‍ നിരനിരയായി നിന്നു. രക്ഷാപ്രവര്‍ത്തനം മുഴുവന്‍ അവര്‍ ഏറ്റെടുക്കുകയായിരുന്നു.
ഒരു വലിയ ദുരന്തത്തില്‍പ്പെട്ടവരെ മുഴുവന്‍ ദുര്‍ഘടമായ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി ആശുപത്രികളിലെത്തിക്കാന്‍ അവര്‍ക്ക് വേണ്ടിവന്നത് ഏതാണ്ട് രണ്ടു മണിക്കൂര്‍ മാത്രം. അവര്‍ മലപ്പുറത്തുകാര്‍. സാധാരണക്കാരില്‍ സാധാരണക്കാര്‍. പലരും കൊവിഡ് അടിച്ചേല്‍പ്പിച്ച നിയന്ത്രണ മേഖലകളില്‍ കഴിയുന്നവര്‍. ഒന്നുമോര്‍ക്കാതെ, ഒന്നും വകവയ്ക്കാതെ അവര്‍ മനുഷ്യജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തുകയായിരുന്നു. അവര്‍ - നന്മ നിറഞ്ഞ മലപ്പുറത്തുകാര്‍.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് കരിപ്പൂര്‍ വിമാനത്താവളം. കൊണ്ടോട്ടി പ്രദേശമാകെ കണ്ടെയിന്‍മെന്റ് സോണിലും. ഇടവഴികളൊക്കെയും അടച്ചിരിക്കുന്നു. റണ്‍വേയുടെ അവസാന ഭാഗവും പിന്നിട്ടു താഴേയ്ക്ക് തകര്‍ന്നുവീണ സ്ഥലമായ പാലക്കാപറമ്പ് പ്രദേശത്തെ ആളുകളാണ് സംഭവസ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത്. വിമാനം അപകടത്തില്‍പ്പെട്ടാല്‍ ഉടനുണ്ടാവുക പൊട്ടിത്തെറിയും തീപ്പിടിത്തവുമാണ്. അപകടത്തില്‍ ഇന്ധന ടാങ്ക് പൊട്ടുക സ്വാഭാവികം. ദുബൈയില്‍നിന്ന് പറന്നെത്തുന്ന വിമാനത്തില്‍ ഇന്ധനം ടാങ്ക് നിറച്ചുണ്ടാവില്ലെന്നത്, ഒരു കാര്യം. പക്ഷേ, അടിയന്തര സാഹചര്യത്തില്‍ അടുത്തുള്ള വിമാനത്തവളത്തിലേക്ക്, ഇവിടെ കൊച്ചിയിലോ കണ്ണൂരിലോ എത്താനുള്ള ഇന്ധനം അതിലുണ്ടായിരിക്കും. ഇന്ധന ടാങ്ക് പൊട്ടുകയും ഇന്ധനം ചോര്‍ന്നൊഴുകുകയും ചെയ്താല്‍ ചെറിയൊരു തീപ്പൊരി മതി വിമാനം പൊട്ടിത്തെറിക്കാന്‍. അതിവേഗം പറന്നുവരുന്ന വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ പൊട്ടിത്തെറിയും തീപ്പിടിത്തവും സാധാരണയാണ്. അതുകൊണ്ടാണ് വിമാനത്താവളങ്ങളില്‍ എപ്പോഴും ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നത്. ഓരോ വിമാനവും ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് താഴെ ഫയര്‍ഫോഴ്‌സ് വാഹനങ്ങളും തയാറായി നില്‍ക്കും. ഏതൊരു വിമാനത്തിന്റെയും ലാന്‍ഡിങ് ദുഷ്‌കരമാണ്, അപകടകരവും. അതുകൊണ്ടാണ് ലാന്‍ഡിങ് സമയത്തൊക്കെയും ഫയര്‍ എന്‍ജിനുകള്‍ ശ്രദ്ധയോടെ എല്ലാ തയാറെടുപ്പും നടത്തി തയാറായി നില്‍ക്കുന്നത്. കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെട്ടയുടനെ തന്നെ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ പാഞ്ഞെത്തി ചുറ്റും വെള്ളം ചീറ്റി. കോരിച്ചൊരിയുന്ന മഴ പുറമെയും. തീപ്പിടിത്തമുണ്ടാവാതിരുന്നത് യാത്രക്കാരുടെയും രക്ഷയ്‌ക്കെത്തിയ നാട്ടുകാരുടെയും ഭാഗ്യം.
റണ്‍വേ തീരുന്നതിനടുത്തുള്ള പ്രദേശങ്ങളില്‍നിന്നാണ് നാട്ടുകാര്‍ ഓടിയടുത്തത്. കാവല്‍നിന്ന സി.ഐ.എസ്.എഫ് ഭടന്മാര്‍ അവരെ തടഞ്ഞു. കൂടുതല്‍ പേര്‍ ഓടിയെത്തുകയും എല്ലാവരും ബഹളംവയ്ക്കുകയും ചെയ്തു. ഒപ്പം തകര്‍ന്ന വിമാനത്തില്‍നിന്ന് അലമുറയിട്ടു കരയുന്ന യാത്രക്കാരും. നാട്ടുകാര്‍ ബലമായിത്തന്നെ റണ്‍വേ ഭാഗത്തേക്ക് കയറുകയായിരുന്നു. കിട്ടിയവരെയൊക്കെ അവര്‍ താഴെയിറക്കി. കണ്ണില്‍ കണ്ട വാഹനങ്ങളില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു. ചിലര്‍ എത്തിയത് സ്വന്തം വാഹനങ്ങളില്‍ തന്നെയാണ്. ഓരോരുത്തരും കിട്ടിയവരെ വാഹനത്തിലെത്തിച്ച് നേരെ ആശുപത്രികളിലേക്ക്. അപകടത്തിന്റെ ഗൗരവവും ഭീകരതയും ഉള്‍ക്കൊണ്ട് നാട്ടുകാര്‍ ഓരോരുത്തരും അവസരത്തിനൊത്ത് ഉയരുകയായിരുന്നു. ആരും മടിച്ചുനിന്നില്ല. കൊവിഡും മഴയും ഒന്നും ആരും വകവച്ചില്ല. നാട്ടുകാര്‍ ഒറ്റക്കെട്ടായി നീങ്ങി. ഓരോരുത്തരും യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ മുന്നേറി. നാട്ടുകാരോടൊപ്പം വിമാനത്താവളത്തിലെ ജീവനക്കാരും പൊലിസുകാരും സി.ഐ.എസ്.എഫ് ഭടന്മാരും ഒത്തുചേര്‍ന്നു. പ്രഥമ ശുശ്രൂഷ നല്‍കാന്‍ ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെ മുന്‍കൈയെടുത്തു. കോഴിക്കോട്ടെ ആശുപത്രികളിലും നാട്ടുകാര്‍ ഇതേ കൂട്ടായ്മയും സഹകരണവുമായി ഓടിയെത്തി. പരുക്കേറ്റവര്‍ക്ക് രക്തം വേണ്ടിവരുമെന്നറിഞ്ഞ് അര്‍ധരാത്രിയോടെ രക്തം നല്‍കാന്‍ തയാറായെത്തിയവരുടെ നിര ആശുപത്രികള്‍ക്ക് മുന്നില്‍ നീളുന്നതും കേരളം കണ്ടു.
ഓടിക്കൂടിയ നാട്ടുകാര്‍ ഓരോരുത്തരും ഓരോ ജോലിയും ചുമതലയും ഏറ്റെടുക്കുന്നതാണ് കണ്ടത്. ആദ്യമെത്തിയവര്‍ തകര്‍ന്ന വിമാനത്തിനുള്ളിലേക്ക് കയറി പരുക്കേറ്റവരെ പുറത്തെടുക്കാനുള്ള ശ്രമത്തില്‍ മുഴുകി. പുറത്തെത്തിയവരെ വാഹനങ്ങളിലേക്ക് മാറ്റാന്‍ മറ്റൊരു കൂട്ടര്‍. ഗുരുതരമായി പരുക്കേറ്റവരെ വാരിയെടുത്ത് ചിലര്‍ വാഹനങ്ങളിലും ആംബുലന്‍സുകളിലും കയറി ആശുപത്രിയിലെത്തിക്കാനും കൂട്ടുനിന്നു. വിവരമറിഞ്ഞ മറ്റു ചിലര്‍ നേരെ ആശുപത്രികളിലേക്ക് പാഞ്ഞു. പരുക്കേറ്റവരെ വാഹനങ്ങളില്‍ നിന്നിറക്കാനും കാഷ്വാലിറ്റിയിലേക്കും മറ്റും എത്തിക്കാനും ഇക്കൂട്ടരാണ് സഹായിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമൊക്കെയും അപ്പോഴേക്ക് മടങ്ങിയെത്തിയിരുന്നു. അപകടം നടന്ന് ആദ്യത്തെ രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പരുക്കേറ്റവരെയൊക്കെയും ആശുപത്രികളിലെത്തിക്കാന്‍ കഴിഞ്ഞതാണ് വലിയ നേട്ടമായത്. മരണസംഖ്യ കുറയ്ക്കാനും പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ശുശ്രൂഷയും ആശ്വാസവും നല്‍കാനും കഴിഞ്ഞത് നാട്ടുകാരുടെ പൂര്‍ണ സഹകരണം കൊണ്ടു മാത്രമാണ്.
മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചില്‍ ഒട്ടുവളരെ കുടുംബങ്ങളെയാണ് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയത്. രാത്രി നടന്ന അപകടമായതിനാല്‍ പുറംലോകം വിവരമറിഞ്ഞത് പുലര്‍ച്ചെക്കുമാത്രം. സംഭവം നടന്നയുടനെ ഓടിക്കൂടിയത് നാട്ടുകാര്‍. കടുത്ത ഇരുട്ടില്‍ ടോര്‍ച്ചും മറ്റും മാത്രമായിരുന്നു വെളിച്ചം നല്‍കാനുണ്ടായിരുന്നത്. കോരിച്ചൊരിയുന്ന മഴയും. പൊലിസും രക്ഷാപ്രവര്‍ത്തകരും എത്തുന്നതിനു മുന്‍പ് തന്നെ ഇരുന്നൂറിലേറെ സ്ഥലവാസികളും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളും രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഒട്ടേറെപ്പേര്‍ മരണത്തില്‍നിന്നു രക്ഷപ്പെട്ടു. ഉരുള്‍പൊട്ടി മണ്ണിന്റെയും കൂറ്റന്‍ പാറത്തുണ്ടുകളുടെയും അടിയില്‍പ്പെട്ടുപോയവരും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍. എല്ലാവരും പാവപ്പെട്ടവര്‍. സമൂഹത്തിലെ താഴേത്തട്ടില്‍ കഴിയുന്നവര്‍. മിക്ക കുടുംബങ്ങളും അപ്പാടേ കൂറ്റന്‍ പാറക്കല്ലുകള്‍ക്കുള്ളില്‍പ്പെട്ട് എന്നെന്നേക്കുമായി മറഞ്ഞുപോയി. ഒട്ടധികം പേരെ മരണത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നതാണ് വലിയകാര്യം. നാട്ടുകാരോടൊപ്പം ആശുപത്രികളില്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഓരോ ജീവനുവേണ്ടിയും കഠിനമായി പ്രയത്‌നിച്ചു. പൊലിസുകാരും ദുരന്തനിവാരണ സേനാംഗങ്ങളുമെല്ലാം ഏറെ അധ്വാനിച്ചു. ഇവരുടെയെല്ലാം സമയോചിതമായ ഇടപെടലില്‍ത്തന്നെ ധാരാളം പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി.
കരിപ്പൂര്‍, പെട്ടിമുടി ദുരന്തങ്ങളില്‍ പെട്ടവരെ സംബന്ധിച്ച് പൊതുവായ ഒരു കാര്യമുണ്ട്. പെട്ടിമുടിയില്‍ അപകടത്തില്‍പ്പെട്ടവരൊക്കെയും വളരെ കുറഞ്ഞ വരുമാനം മാത്രമുള്ള പാവപ്പെട്ട തേയിലത്തോട്ട തൊഴിലാളികളാണ്. വിമാനാപകടത്തില്‍ പെട്ടവരിലധികവും കൊവിഡ് ഭീതിയില്‍ ദുബൈയില്‍നിന്ന് എല്ലാം നഷ്ടമായവര്‍. പലരും ജോലി നഷ്ടമായതിനെ തുടര്‍ന്ന് മടങ്ങിയെത്തിയവരാണ്. മരണമടഞ്ഞവരില്‍ ഇത്തരക്കാരുമുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്ക് ആശ്രയവുമായിരുന്നു ഇവര്‍. പെട്ടിമുടിയിലും കരിപ്പൂരിലും കഷ്ടനഷ്ടങ്ങള്‍ നേരിട്ടവരെ രക്ഷിക്കാനുള്ള ബാധ്യത ഇനി സര്‍ക്കാരിനും പൊതുസമൂഹത്തിനുമാണ്.
കരിപ്പൂരിലും പെട്ടിമുടിയിലും ജീവന്‍ രക്ഷിക്കാന്‍ എല്ലാം മറന്നിറങ്ങിയ സാധാരണക്കാരെ വാഴ്ത്തുമ്പോള്‍ ഒരു വൈപരീത്യംകൂടി ശ്രദ്ധിക്കണം. കോഴിക്കോട്ട് പെരുമണ്ണയില്‍ റോഡരികത്തു കുഴഞ്ഞുവീണ ജിനീഷ് എന്ന 41 കാരനെ കൊവിഡ് പേടിച്ച് ആരും തിരിഞ്ഞുനോക്കിയില്ലെന്ന പത്രവാര്‍ത്തയും കേരളം കണ്ടു. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതുകൊണ്ട് ജിനീഷ് മരിച്ചു. കോട്ടയത്ത് പള്ളിസെമിത്തേരിയില്‍ സ്ഥലമില്ലായിരുന്നതിനാല്‍ കൊവിഡ് ബാധിച്ചയാളെ പൊതുശ്മശാനത്തില്‍ ദഹിപ്പിക്കാനൊരുങ്ങിയപ്പോള്‍ ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ചില നാട്ടുകാര്‍ തടയാന്‍ ശ്രമിക്കുന്നതും കേരളം കണ്ടു. കേരളത്തില്‍ എവിടെയായാലും നടുറോഡില്‍ ഒരപകടമുണ്ടായാല്‍ ഓടിയെത്താനും പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും സാധാരണക്കാരില്‍ സാധാരണക്കാരായ നാട്ടുകാര്‍, പ്രത്യേകിച്ച് ടാക്‌സി- ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിയെത്തുന്നത് പതിവു കാഴ്ചയാണെന്ന കാര്യം മറക്കരുത്. ഇതാണ് കേരളം. ഇതാണ് മലയാളികളുടെ മനസിന്റെ നന്മയും മഹത്വവും സംസ്‌കാരവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."