ഹെഡ് പോസ്റ്റോഫീസിലെ എടിഎം കൗണ്ടര്‍ നോക്കുകുത്തിയായി
പാലക്കാട്: രാജ്യത്തെ ഹെഡ്‌പോസ്റ്റോഫീസുകള്‍ തകരാതെ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് പോസ്റ്റോഫീസുകളില്‍ സേവിംഗ്‌സ് എടിഎം പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍ അതേ ഉദ്യോഗസ്ഥര്‍ തന്നെ പോസ്റ്റല്‍ സംവിധനത്തെ ജനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തി നശിപ്പിക്കുന്നു. തപാല്‍വകുപ്പിനെ നവീകരിച്ച് നിലനിര്‍ത്താനാണ് ബാങ്ക് ഇടപാടുകളും എടിഎമ്മുകളും സ്ഥാപിച്ചത്. എന്നാല്‍ എ.ടി.എം സ്ഥാപിച്ച് മൂന്നുമാസമായിട്ടും ഉദ്ഘാടനം കാരണമില്ലാതെ നീട്ടിക്കൊണ്ടു പോവുകയാണ്. കൗണ്ടറില്‍ തിരക്കു കൂടി എടിഎം തുറക്കണമെന്നാവശ്യപ്പെട്ട് ബഹളം വെച്ചാല്‍ മാത്രമെ പോസ്റ്റ് മാസ്റ്റര്‍ താല്‍ക്കാലികമായി ഇടപാടുകാര്‍ക്ക് എ.ടി.എം തുറന്നു കൊടുക്കുകയുള്ളു. എന്നാല്‍ ഇടപാടു നടത്തി പുറത്തിറങ്ങായില്‍ ഉടന്‍ എടിഎമ്മിന്റെ കൗണ്ടര്‍ പൂട്ടുകയാണ്.
ജില്ലയിലെ ഹെഡ്‌പോസ്‌റ്റോഫീസ് ജീവനക്കാരുടെ നിസ്സംഗതമൂലം ഇത്തരത്തിലുള്ള പദ്ധതികള്‍ തകരുകയാണ്. എറണാകുളത്തു നിന്നും പോസ്റ്റല്‍ സൂപ്രണ്ട് ട്രാന്‍സ്ഫറായി എത്തിയതോടെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ജീവനക്കാര്‍ വിലകല്‍പിക്കാതെയായി. ഇടപാടുകള്‍ നടത്തുന്നതിന് മണിക്കൂറുകളാണ് ഇവിടെ ക്യൂനില്‍ക്കേണ്ടിവരുന്നത്. ഇടപാടുകാര്‍ എത്ര വന്നാലും ജീവനക്കാരുടെ ഫോണ്‍ നിശബ്ദമാവില്ലെന്നും മണിക്കൂറുകളോളം സംസാരിക്കുന്നതായും പരാതിയുണ്ട്. ഏജന്റുമാരുടെ ഇടപാടുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കൗണ്ടറിലെ ജീവനക്കാരും വ്യത്യസ്ഥരല്ല. മണിക്കൂറുകള്‍ ക്യൂനിന്ന് വലയുന്നവര്‍ ബഹളം വെച്ചാല്‍പോലും മുന്നിലെ കൗണ്ടറിലെ ജീവനക്കാര്‍ക്ക് അനക്കമുണ്ടാവില്ലെന്നാണ് ജനങ്ങള്‍ പരാതി പറയുന്നത്. ആളുകള്‍ ബഹളം വെച്ചാല്‍ നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ലെന്നു പറഞ്ഞ് കൗണ്ടറില്‍ നിന്നും എണിറ്റുപോകുന്നതും നിത്യ സംഭവമാണ്. സാധാരണക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെയുള്ളവര്‍ വരുന്ന പോസ്റ്റോഫീസിനെ തകര്‍ക്കുന്നതിന് ശ്രമിക്കുന്ന ജീവനക്കാരെ ഒഴിവാക്കണമെന്ന് ഇടപാടുകാര്‍ ആവശ്യപ്പെടുന്നു.
മോദി സര്‍ക്കാര്‍ ജനക്ഷേമം മുന്‍ നിര്‍ത്തി ആരംഭിച്ച സ്ഥാപനത്തിലെ ചില ജീവനക്കാര്‍ പ്രസ്ഥാനത്തെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ മോദിസര്‍ക്കാരിന് പരാതി നല്‍കുന്നതിനുള്ള ശ്രമത്തിലാണ് ഇടപാടുകാര്‍. അഞ്ച് മണികഴിഞ്ഞാല്‍ എടിഎം അടയ്ക്കുന്നത് പതിവായിരിക്കുകയാണ്. ഇതുമൂലം ആവശ്യക്കാര്‍ കള്ളനെപ്പോലെ മതില്‍ ചാടേണ്ടിവരും. 24 മണികൂറും എടിഎം പ്രവര്‍ത്തിക്കണം എന്ന ബോര്‍ഡ് ഉണ്ടായിട്ടും അത് നോക്കുകുത്തിയായി മാറുകയാണ്. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വമുള്ള പോസ്റ്റല്‍ സൂപ്രണ്ട് ജീവനക്കാര്‍ക്ക് മുന്നില്‍ നിശ്ചലമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."