വേനല്‍മഴയില്‍ വ്യാപക നാശം
വെള്ളിയാമറ്റം: ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ വെള്ളിയാമറ്റം പഞ്ചായത്തിലെ കറുകപ്പള്ളി - തൊണ്ണൂറ്റിനാല് ഭാഗത്ത് മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് വ്യാപക നാശനഷ്ടം. വെള്ളിയാമറ്റം വടക്കേമുളഞ്ഞനാല്‍ വിത്സണ്‍ മാത്യു, കോതച്ചേരില്‍ സെബാസ്റ്റ്യന്‍, കാക്കത്തുരുത്തേല്‍ മാത്യു എന്നിവരുടെ വീടുകള്‍ക്കാണ് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. ഇവരുടെ വീടിനു പുറകില്‍ നിന്നിരുന്ന മാവ്, പ്ലാവ്, തെങ്ങ് തുടങ്ങിയ മരങ്ങളാണ് ശക്തമായ കാറ്റില്‍ നിലം പതിച്ചത്. ഇതില്‍ വിത്സണ്‍ മാത്യുവിന്റെ വീട് പൂര്‍ണമായും തകര്‍ന്നു. സംഭവസമയത്തു വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ ആളപായമില്ല. വെള്ളിയാമറ്റം വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു നാശനഷ്ടങ്ങള്‍ വിലയിരുത്തി. സമീപ പ്രദേശത്തെ കൃഷിയിടങ്ങളിലെ വാഴ, റബ്ബര്‍ തുടങ്ങിയവയ്ക്കും നാശനഷ്ടം ഉണ്ടായി. വീടുകള്‍ക്ക് പിറകിലായി വടക്കാനറിന്റെ തീരത്തായി വന്‍കിട കമ്പനിക്കാര്‍ അനധികൃതമായി ഉയര്‍ത്തുന്ന മതിലാണ് കാറ്റടിച്ചു നാശനഷ്ടമുണ്ടാക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഇന്നലെ വൈകിട്ട് തൊടുപുഴ ടൗണ്‍ മേഖലയിലും വ്യാപകമഴയും കാറ്റുമുണ്ടായി. നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ പറന്നുപോയി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."