കമ്മിഷനിങ്ങിനിടെ വിവിപാറ്റ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറിലായി
ഹരിപ്പാട്: വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാനുള്ള പരിശോധനയില്‍ വിവീപാറ്റ് യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറിലായത് ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി.
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ നൂറ്റിനാല്‍പ്പതോളം വിവീപാറ്റ് യന്ത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ 33 എണ്ണമാണ് തകരാറിലായത്. കായംകുളത്ത് ഇതേ സമയം 40 യന്ത്രങ്ങളും പരിശോധിച്ചത്. പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ എത്ര യന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമാണെന്ന് അറിയാന്‍ കഴിയുകയുള്ളു. ആവശ്യമുള്ളതിനേക്കാള്‍ അറുപതോളം യന്ത്രങ്ങള്‍ അധികമായി എത്തിച്ചിട്ടുണ്ട്. ഇതിനാല്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവയിലൊന്നും വോട്ട് തെറ്റായി രേഖപ്പെടുത്തുന്ന വിധത്തിലെ തകരാറുകളല്ല കണ്ടത്.
സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യന്ത്രത്തിലേക്ക് നല്‍കാന്‍ കഴിയുന്നില്ലായിരുന്നു. ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ എന്‍ജിനീയര്‍മാരാണ് വിവീപാറ്റ് യന്ത്രങ്ങള്‍ കമ്മീഷന്‍ ചെയ്യുന്നത്. എന്നാല്‍, തകരാര്‍ പരിഹരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഇവര്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. യന്ത്രങ്ങള്‍ കൂട്ടത്തോടെ തകരാറിലായതിനാല്‍ കമ്മീഷനിങ് ജോലികള്‍ അനിശ്ചിതമായി നീണ്ടു. ഇതിനാല്‍ രാത്രി 10 മണിയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച ജോലികള്‍ പുലര്‍ച്ചവരെ നീണ്ടുപോയി. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേര്, ചിത്രം, ചിഹ്നം എന്നിവ പതിപ്പിക്കും. ഇതേ വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്് വെയര്‍ മുഖേനെയാണ് വിവീപാറ്റിലേക്ക് നല്‍കുന്നത്.
ഒരാള്‍ ബാലറ്റ് യൂണിറ്റില്‍ അമര്‍ത്തി വോട്ടുചെയ്യുമ്പോള്‍, വിവീപാറ്റിലും അതേ സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന വിധത്തിലാണ് സജ്ജീകരണം. എല്ലാ ബൂത്തുകളിലും വിവീപാറ്റ് ഉപയോഗിക്കുന്ന ആദ്യതിരഞ്ഞെടുപ്പാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."