'ജലത്തെ ബഹുമാനിക്കാന്‍ നമുക്കാവണം'
നദികളും പുഴകളുമൊക്കെ വറ്റിവരളുന്ന കാലത്ത് പ്രതീക്ഷാ നിര്‍ഭരമാവുകയാണ് ഡോ. രാജേന്ദ്രസിങിന്റെ വാക്കുകള്‍. ജല സംരക്ഷണ പ്രവര്‍ത്തനത്തിന് മാഗ്‌സസെ അവാര്‍ഡ് നേടിയ അദ്ദേഹം ഇന്ത്യയുടെ വാട്ടര്‍മാന്‍ എന്നാണ് ലോകം മുഴുവന്‍ അറിയപ്പെടുന്നത്. പ്ലാച്ചിമട ജലസമരത്തിന്റെ 15ാം വാര്‍ഷിക ദിനത്തില്‍ തുടങ്ങിയ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യാന്‍ പാലക്കാട്ടെത്തിയ രാജേന്ദ്രസിങ് സംസാരിക്കുന്നു.
ബ്രൗണ്‍ നിറമുള്ള നീളന്‍ കുര്‍ത്തക്കുള്ളില്‍ നില്‍ക്കുന്ന തലയെടുപ്പുള്ള മനുഷ്യന്‍. വെളുത്ത പൈജാമയും വെള്ളിനിറമുള്ള മുടിയിഴകളും അദ്ദേഹത്തിന്റെ ആകാരവുമായി പൊരുത്തപ്പെടുന്നുണ്ട്. ഡോ. രാജേന്ദ്രസിങിന് ആകാരമായിരുന്നില്ല അലങ്കാരം, പ്രവൃത്തിയും കര്‍മകുശലതയുമാണ്. കിണര്‍ വറ്റുമ്പോഴാണ് ജലത്തിന്റെ മൂല്യമറിയുന്നത് എന്ന ബെഞ്ചമിന്‍ ഫ്രാങ്കഌന്റെ വാക്കുകള്‍ നമ്മള്‍ മനസിലാക്കിത്തുടങ്ങുന്ന കാലഘട്ടത്തില്‍ രാജേന്ദ്രസിങ് പറയുന്ന കാര്യങ്ങള്‍ ഇത്തിരി സമയമെടുത്ത് ശ്രദ്ധിക്കേണ്ടി വരും.
വരണ്ടുണങ്ങിയ രാജസ്ഥാനിലെ ആല്‍വാറിനെ ജലസമൃദ്ധമാക്കിയ മഹാമനുഷ്യനാണ് ഡോ. രാജേന്ദ്രസിങ്. കത്തുന്ന വേനല്‍ച്ചൂടില്‍ പ്ലാച്ചിമടയിലെ സാധാരണക്കാരോട് 'വെള്ളം അതാണ് നമുക്കെല്ലാം' എന്ന് വീട്ടുകാരന്റെ സ്വാതന്ത്ര്യത്തോടെ ലളിതമായി ഉദ്‌ബോധിപ്പിച്ചു ഈ മനുഷ്യസ്‌നേഹി. വാക്കിലും നോക്കിലും ശരീരഭാഷയിലുമെല്ലാം തന്നെ കറകളഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍. നിസ്വാര്‍ഥന്‍. ജലത്തിനുവേണ്ടി മാത്രം ജീവിക്കുന്നയാള്‍. ഓരോ തുള്ളി ജലവും സംരക്ഷിക്കണമെന്ന് വാദിക്കുന്നയാള്‍. ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു മാഗ്‌സാസെ അവാര്‍ഡ് രാജേന്ദ്രസിങിനെ തേടിയെത്തിയത്. പ്രപഞ്ച സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ലോകത്തെ 50 പ്രശസ്ത വ്യക്തികളിലൊരാളായി ദി ഗാര്‍ഡിയന്‍ പത്രം തിരഞ്ഞെടുത്ത വ്യക്തി കൂടിയാണ്.
ഭൗമ ദിനത്തില്‍ പാലക്കാട് സിവില്‍ സ്റ്റഷനു മുന്നിലായിരുന്നു പ്ലാച്ചിമടക്കാരുടെ സമരം. നിലനില്‍പ്പിനും അതിജീവനത്തിനും വേണ്ടിയുള്ള സമരമായാണ് കേരളവും ലോകവും ഇതിനെ നോക്കിക്കാണുന്നത്. 15 വര്‍ഷം മുന്‍പ് കൊക്കോകോള എന്ന കോര്‍പ്പറേറ്റ് ഭീമനെ കെട്ടുകെട്ടിക്കാനായി നടത്തിയ സമരം ചില വിജയങ്ങള്‍ നേടിയെങ്കിലും ജലചൂഷണത്തിന് വിധേയരായ ഗ്രാമീണര്‍ക്ക് നഷ്ടപരിഹാരം ഇതുവരെ ലഭ്യമായിട്ടില്ല. വീണ്ടും ഒരു സമരമുഖത്ത് അവരെ എത്തിച്ചതും മറ്റൊന്നല്ല. സര്‍വ്വ പിന്തുണയുമായാണ് ഡോ. രാജേന്ദ്രസിങ് പ്ലാച്ചിമടയിലേക്കെത്തിയിരിക്കുന്നത്. ജലത്തിന്റെ രാഷ്ട്രീയമാണ് എല്ലായിടത്തും ഇദ്ദേഹം ഓര്‍മിപ്പിക്കുന്നത്. ഭൂഗര്‍ഭജലത്തിന്റെ നേരവകാശികള്‍ അവിടുത്തെ തദ്ദേശീയരാണെന്ന പാഠവും അതിലുണ്ട്.
കേരള സന്ദര്‍ശനത്തിനിടയില്‍ വരള്‍ച്ചയെയും ജലക്ഷാമത്തെയും കുറിച്ച് അദ്ദേഹം പ്രതികരിച്ചു. അനുദിനം ജലലഭ്യത കുറഞ്ഞുവരുന്ന കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളും പങ്കുവച്ചു. ഈ അവസ്ഥ ഉണ്ടാക്കിയതില്‍ നമ്മളെല്ലാം ഉത്തരവാദികളാണെന്ന സൂചനയും വാക്കുകളില്‍ നിഴലിച്ചു.
ജലത്തെ അറിയുക എന്നതു തന്നെയാണ് പ്രാഥമികാര്‍ഥത്തില്‍ ജലസാക്ഷരത കൊണ്ടുദ്ദേശിക്കുന്നത്. നമ്മള്‍ ജലത്തെ അറിയുന്നില്ലെന്നതാണ് വാസ്തവം. അതിന്റെ ഉപയോഗം, ലഭ്യത എന്നീ വിഷയങ്ങളില്‍ നമുക്ക് ഉള്‍ക്കാഴ്ചയുണ്ടാവേണ്ടിയിരിക്കുന്നു. എല്ലാറ്റിനുമുപരി ജലാവകാശങ്ങളെക്കുറിച്ച് ഓരോ വ്യക്തിയിലും ഉണ്ടാകേണ്ട ബോധം പ്രധാനമാണ്. ജലം ഉപയോഗിക്കുന്ന കാര്യത്തില്‍ നമ്മള്‍ വിവേകശൂന്യരാണ്. അതിന്റെ മൂല്യം നമുക്കറിയില്ല.
നമുക്ക് വാട്ടര്‍ ബജറ്റിങും വാട്ടര്‍ ഓഡിറ്റിങും അറിയില്ല. എത്ര ജലമാണ് ഉപയോഗിക്കപ്പെടുന്നതെന്ന കണക്കുപോലും പറയാനാവില്ല. ആധുനിക കാലത്ത് വിപണി
നിയന്ത്രിക്കുന്ന ഒരു ഇടപാടായി കൃഷി മാറിയിരിക്കുന്നു. വ്യവസായങ്ങളാണെങ്കില്‍ മാലിന്യഉല്‍പാദനവും അന്തരീക്ഷ മലിനീ കരണവും ഉണ്ടാക്കുന്ന ഇടങ്ങളായി. ചില വ്യവസായങ്ങള്‍ അന്തരീക്ഷമലിനീ കരണത്തിലൂടെ മനുഷ്യരാശിയെ കൊന്നൊടുക്കുകയാണ്. മലിനീകരണം അവരുടെ അവകാശമായി കൊണ്ടു നടക്കുന്നവരാണ് ഇക്കൂട്ടര്‍. മൂന്നാം ക്ലാസുമുതല്‍ ഇത് ആരംഭിക്കണം. പ്ലസ്ടു തലം വരെയെങ്കിലും ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഇക്കാര്യം പഠിപ്പിക്കണം. പ്രത്യേകിച്ച് നമ്മുടെ രാഷ്ട്രീയക്കാരെ. അവരാണല്ലോ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍. രാഷ്ട്രീയക്കാര്‍, ബ്യൂ റോക്രാറ്റുകള്‍, ടെക്‌നോക്രാറ്റുകള്‍ അങ്ങനെ എല്ലാവരും ജലത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായാലേ രാജ്യവും ജനതയും രക്ഷപ്പെടുകയുള്ളൂ.
മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ താരതമ്യം ചെയ്തു നോക്കുമ്പോള്‍ മലയാളികള്‍ ഭാഗ്യവാന്മാരാണ്. ഇത്രയും ചെറിയ സംസ്ഥാനത്ത് മാത്രമായി 44 നദികള്‍ ഒഴുകുന്നു. രാജസ്ഥാനിലെ വലിയ ജില്ലയായ ജയ്‌സാല്‍മീറിന്റെ വിസ്തൃതി കേരളത്തിന് സമാനമാണ്. പക്ഷേ ഒറ്റ നദിയും ജയ്‌സാല്‍മീറില്‍ ഒഴുകുന്നില്ലെന്ന് ഓര്‍ക്കണം. പക്ഷേ ഇവിടുത്തെ നദികളുടെ അവസ്ഥ എന്താണ്?
മലിനീകരണം തന്നെയല്ലേ നടക്കുന്നത്. ശാസ്ത്രീയമായ രീതിയിലുള്ള ഒരു ജലമാനേജ്‌മെന്റ് സംവിധാനം കേരളത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കുറഞ്ഞുവരുന്ന ജലലഭ്യതക്ക് അതൊരു പരിഹാരമായി മാറുമെന്നാണ് എന്റെ പ്രതീക്ഷ.
വളരെ വൈരുധ്യം തോന്നുന്ന സംഗതിയെന്താണെന്നുവച്ചാല്‍ കുടിക്കാനു ള്ള വെള്ളം ഉപയോഗിക്കുന്നത് വ്യവസായത്തിനും വ്യവസായത്തിനുള്ള വെള്ളം ഉപയോഗിക്കുന്നത് കുടിക്കാനു മാണ്. കിണറിലേയും പുഴകളിലേയും വെള്ളം വ്യവസായികള്‍ ഉപയോഗിക്കുമ്പോള്‍ ഇത്തരം പ്രവൃത്തികളിലൂടെ ബാക്കിവച്ച വെള്ളമാണ് മനുഷ്യന് കുടിക്കാന്‍ ലഭിക്കുന്നത് എന്നതല്ലേ സത്യം. ഒരച്ചടക്കവുമില്ല ഇവിടെ ഒന്നിനും.
നമ്മുടെ രക്തമോടുന്ന സിരകളില്‍ ഒരു തടസം നേരിട്ടാല്‍ അതിന്റെ പ്രത്യാഘാതം എങ്ങനെയായിരിക്കുമോ അതുപോലെയാണ്
പുഴകളുടെ കാര്യവും. അതിനാല്‍
പുഴയുടെ അവകാശം സംരക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ്. മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന നമ്മള്‍ പുഴയുടെയോ ജലത്തിന്റെയോ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാറില്ല.
ഡോ. രാജേന്ദ്രസിങ് കടന്നുവന്ന വഴികള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അറിയേണ്ടതും പഠിക്കേണ്ടതുമാണ്. ജലം കിട്ടാക്കനിയായ ഗ്രാമങ്ങളെ, അതിരൂക്ഷമായ വരള്‍ച്ചയെ നേരിടുന്ന ഉത്തരേന്ത്യന്‍ നാട്ടിന്‍
പുറങ്ങളെ വെള്ളത്തിന്റെ ലഭ്യതകൊണ്ട് വിസ്മയിപ്പിച്ചയാളാണ് ഈ യു.പി സ്വദേശി. തടയണകള്‍ നിര്‍മിച്ച് നീരുറവകളെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് രാജേന്ദ്രസിങിന്റെ ശൈലി. ഇത് അദ്ദേഹം രാജസ്ഥാനില്‍ പരീക്ഷിച്ചു വിജയിച്ചതാണ്. രാജസ്ഥാനിലെ ഭഗാനി, ജഹജ്വാലി, അര്‍വാരി, രുപാരെല്‍, സര്‍സ തുടങ്ങിയ നദികളുടെ അവസ്ഥ എല്ലാക്കാലത്തും പരിതാപകരമായിരുന്നു. ഒരു തുള്ളി വെള്ളം പോലും നദികളെന്ന് പറയപ്പെടുന്ന ഇവയില്‍ നിന്ന് കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജലസംരക്ഷണപ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രസിങ് ഇടപെടുന്നത്. ഇത് എല്ലാവര്‍ക്കും അനുകരിക്കാവുന്ന മാതൃകയുമായി.
ഉത്തര്‍പ്രദേശിലെ ദൗലയിലാണ് രാജേന്ദ്രസിങ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ കര്‍മമേഖല രാജസ്ഥാനിലായിരുന്നു. ആല്‍വാര്‍ ജില്ലയിലെ ജലസംരക്ഷണപ്രവര്‍ത്തനങ്ങളാണ് രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തരുണ്‍ ഭാരത് സംഘ് എന്ന സന്നദ്ധ സംഘടന രാജേന്ദ്രസിങിന്റെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി. 1915ല്‍ സ്ഥാ
പിതമായ സംഘടന രാജസ്ഥാനിലെ നദികളെ പുനരുജ്ജീവിപ്പിക്കാനുള്ള കര്‍മ പദ്ധതിയുടെ ഭാഗമായി. ജാഹാദുകള്‍ എന്നു വിളിക്കപ്പെടുന്ന 8600 ഓളം ചെറിയ ടാങ്കുകളാണ് അവര്‍
നിര്‍മിച്ചത്. ആയിരത്തോളം ഗ്രാമങ്ങളില്‍ ജലക്ഷാമം ഏറെക്കുറെ പരിഹരിക്കാന്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്നത് ആരെയും വിസ്മയിപ്പിക്കുന്ന കാര്യമാണ്. 1985ലാണ് ജോലിയുമായി ബന്ധപ്പെട്ട് രാജേന്ദ്രസിങ് രാജസ്ഥാനിലെത്തുന്നത്. അക്കാലം മുതല്‍ തരുണ്‍ ഭാരത് സംഘുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. പ്രാദേശികമായ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളായിരുന്നു ഈ സംഘടന ആദ്യകാലങ്ങളില്‍ നടത്തിയിരുന്നത്. അതും രാജേന്ദ്രസിങിന്റെ മാര്‍ഗ നിര്‍ദേശത്തില്‍. അദ്ദേഹത്തിന്റെ പുതിയ രീതികള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ജലസംരക്ഷണം തന്നെയാണ് രാജസ്ഥാനി ലെ ഏറ്റവും വലിയ പരിസ്ഥിതി പ്രവര്‍ത്തനം എന്ന് തിരിച്ചറിയാന്‍ അധികകാലം വേണ്ടി വന്നില്ല. മഴവെള്ളം സംഭരിക്കുകയാണ് ആദ്യപടി. ഇതിനായി പുതിയ പദ്ധതികള്‍ കണ്ടെത്തുകയായിരുന്നു. ചന്ദ്രാകൃതിയിലുള്ള ചെറിയ ടാങ്കുകളാണ് ജാഹാദുകള്‍. ഒന്നോ രണ്ടോ അല്ല ആയിരക്കണക്കിന് ടാങ്കുകളാണ് രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ രൂപപ്പെട്ടത്. ഒരു വര്‍ഷം മുഴുവന്‍ മഴവെള്ളം സംഭരിക്കാനുള്ള ശേഷി ഇത്തരം ജാഹാദുകള്‍ക്കുണ്ടായിരുന്നു. ഇതിനു പുറമെ കിണര്‍ റീച്ചാര്‍ജിങിലൂടെയും ഗ്രാമങ്ങള്‍ ജലസമൃദ്ധമായി. ദശകങ്ങളായി ഒഴുകാതിരുന്ന നദികളൊക്കെ പുനരുജ്ജീവനത്തിന്റെ പാതയില്‍ തിരിച്ചെത്തി. കമ്മ്യൂനിറ്റി ലീഡര്‍ഷിപ്പ് പ്രവര്‍ത്തനത്തിനാണ് 2001ല്‍ രാജേന്ദ്രസിങിന് മാഗ്‌സസെ അവാര്‍ഡ് ലഭിച്ചത്. 2015ല്‍ നോബല്‍ പ്രൈസ് ഓഫ് വാട്ടര്‍ എന്നറിയപ്പെടുന്ന സ്റ്റോക്‌ഹോം വാട്ടര്‍ പ്രൈസും അദ്ദേഹത്തെ തേടിയെത്തി.
1959 ആഗസ്ത് ആറിനാണ് രാജേന്ദ്രസിങിന്റെ ജനനം. ഹൈസ്‌കൂള്‍ പഠനകാലത്ത് ഗാന്ധി പീസ് ഫൗണ്ടഷേന്‍ തന്റെ ഗ്രാമത്തിലേക്ക് നടത്തിയ സന്ദര്‍ശനമാണ് ജീവിതത്തില്‍ വഴിത്തിരിവായത്. 14ാം വയസില്‍ മദ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് സാമൂഹികരംഗത്തേക്ക് കടന്നുവന്നത്. 1975ലെ അടിയന്തരാവസ്ഥക്കാലം ജനാധിപത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ പു തിയ ചിന്തകള്‍ ഉണര്‍ത്തി. സ്വതന്ത്ര വീക്ഷണം പുലര്‍ത്തുന്ന വ്യക്തിയായി അദ്ദേഹം മാറി. ആയുര്‍വേദത്തിലും സര്‍ജറിയിലും ബിരുദം നേടിയ ഈ ജലസ്‌നേഹി ഹിന്ദി സാഹിത്യത്തിലും തല്‍പരനാണ്. ഈ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 1984ല്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച അദ്ദേഹം തന്റെ വീട്ടുസാധനങ്ങള്‍ 23,000 രൂപക്ക് വിറ്റ് ഗോപാല്‍പുരയില്‍ ചെറിയ ആയുര്‍വേദ കേന്ദ്രം തുടങ്ങി. ഗ്രാമത്തിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തു. ഡാര്‍ക് സോണുകള്‍ എന്നറിയപ്പെട്ടിരുന്ന വരണ്ടപ്രദേശങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി വൈറ്റ്‌സോണുകളായി മാറി. പുഴകളെ മാലിന്യ വിമുക്തമാക്കുക എന്ന സന്ദേശമുയര്‍ത്തി 2014ല്‍ ഗോദാവരി തീരത്ത് സംഘടിപ്പിക്കപ്പെട്ട വാക്കത്തോണ്‍ പ്രശംസ പിടിച്ചുപറ്റി. തരുണ്‍ ഭാരത് സംഘ് 1000 ഗ്രാമങ്ങളിലേക്കാണ് ഇപ്പോള്‍ ശുദ്ധജലം എത്തിക്കുന്നത്. ഭാഗീരഥി നദിയില്‍ നിര്‍മിക്കാനുദ്ദേശിച്ച ലൊഹാരിനാഗ് ഹൈഡ്രോ ഇലക്ട്രിക്കല്‍ പ്രൊജക്ടിനെതിരേ രംഗത്തുവരികയും അത് നിര്‍ത്തിവക്കുന്നതിനാ വശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന് ചുക്കാന്‍ പിടിച്ചത് രാജേന്ദ്രസിങ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."