ജില്ലയില്‍ തസ്തിക നിര്‍ണയപ്രകാരം പുറത്താകുന്നത് 788 അധ്യാപകര്‍
പാലക്കാട് : ജില്ലയില്‍ തസ്തിക നിര്‍ണയ പ്രകാരം 788 അധ്യാപകര്‍ പുറത്താകും. നേരത്തെ ഏപ്രില്‍ മാസത്തില്‍ നടന്ന തസ്തിക നിര്‍ണയത്തില്‍ 466 അധ്യാപകര്‍ പുറത്തായിരുന്നു. ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പു പ്രകാരം 322 അധ്യാപകര്‍ പുറത്താകുന്ന സാഹചര്യമാണ് രൂപപ്പെട്ടത്. ഇങ്ങനെ ആകെയുള്ള കണക്കുപ്രകാരമാണ് 788 അധ്യാപകര്‍ പുറത്താകുന്നത്. 2015-16ല്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞതുമൂലം ഡിവിഷനുകള്‍ നഷ്ടമാകുകയും ഏപ്രില്‍, മെയ് മാസത്തില്‍ നടത്തിയ തസ്തിക നിര്‍ണയപ്രകാരം 466 അധ്യാപകരാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ഇവരെ എങ്ങനെ വിന്യസിപ്പിക്കണമെന്ന കാര്യത്തില്‍ അധികൃതര്‍ കുഴപ്പത്തിലായിരിക്കുകയാണ്. 2016-17 വര്‍ഷത്തെ കണക്ക് എടുത്തപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,818 കുട്ടികളുടെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസില്‍ 2571 കുട്ടികള്‍ കുറഞ്ഞതിനാല്‍ 1:30 പ്രകാരം 86പേര്‍ പുറത്താകും. ആറ്, ഏഴ്, എട്ട് ക്ലാസില്‍ 5562 കുട്ടികള്‍ കുറഞ്ഞതോടെ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:35 പ്രകാരം 159പേരും ഒമ്പത്, പത്ത് ക്ലാസുകളില്‍ 2685 കുട്ടികളുടെ കുറവു വന്നതിനാല്‍ കുറഞ്ഞത് 77 അധ്യാപകരും പുറത്താകും.
അതായത് പൊതു വിദ്യാലയങ്ങളില്‍ ആകെ 322 അധ്യാപകരെകൂടി ഈ വര്‍ഷം സംരക്ഷിക്കേണ്ടിവരും. അണ്‍ എയ്ഡഡ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം 30 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ ഈ വര്‍ഷത്തെ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2722 കുട്ടികള്‍ കൂടുതലായി എത്തിയെന്നാണ് കണക്ക്. ഈ മുപ്പത് സ്‌കൂളുകളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ വര്‍ഷം കൂടുതലായി എത്തിയത് 203 കുട്ടികളാണ്. ഈ അധ്യയന വര്‍ഷം 42569 കുട്ടികളാണ് അണ്‍ എയ്ഡഡില്‍ ഉള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ 240 കുട്ടികള്‍ കുറഞ്ഞപ്പോള്‍ എയ്ഡഡില്‍ 632 കുട്ടികളുടെ കുറവാണുണ്ടായത്. അണ്‍എയ്ഡഡില്‍ ഒന്നാംക്ലാസില്‍ 500 കുട്ടകള്‍ കൂടുതലായെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."