പാകിസ്താനില്‍ ബസുകള്‍ തടഞ്ഞ് 14 യാത്രക്കാരെ വെടിവച്ചുകൊന്നു
ബലൂച് സായുധസംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു
ഇസ്്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബസുകള്‍ തടഞ്ഞ് 14 യാത്രക്കാരെ വെടിവച്ചു കൊന്നു. ഇവരെ ബസില്‍ നിന്നിറക്കി കൈകള്‍ ബന്ധിച്ച് സമീപത്തെ കുന്നിന്‍ മുകളില്‍ കൊണ്ടുപോയി നിറയൊഴിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
ഒര്‍മേരയിലെ ജനവാസമില്ലാത്ത പ്രദേശത്തുവച്ച് നിരവധി ബസുകള്‍ തടഞ്ഞ് യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ബലൂചികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വാര്‍ത്താവിതരണ മന്ത്രി സഹൂര്‍ ബുലദി പറഞ്ഞു.
തുറമുഖ നഗരമായ ഗ്വാദാറില്‍ നിന്ന് കറാച്ചിയിലേക്കു പോവുകയായിരുന്ന ബസുകളിലുള്ളവരാണ് കൊല്ലപ്പെട്ടത്.
ബലൂച് വിഘടനവാദി സംഘടനയുടെ ഭാഗമായ ബലൂച് രാജി ആജോയി സന്‍ഗാര്‍(ബ്രാസ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്്. പാക് നാവികസേനയിലെയും തീരദേശസേനയിലെയും അംഗങ്ങളെയാണ് കൊലപ്പെടുത്തിയതെന്ന് ബ്രാസ് വക്താവ് ബലോച് ഖാന്‍ അവകാശപ്പെട്ടു.
ഒരു ദശാബ്ദത്തിലേറെയായി പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യമാവശ്യപ്പെട്ട് സായുധസമരം നടത്തുന്നവരാണ് ബലൂച് വിഘടനവാദികള്‍. ഖനി വിഭവങ്ങള്‍ കൂടുതലുള്ള ബലൂചിസ്ഥാന്‍ ജനസാന്ദ്രത കുറഞ്ഞതെങ്കിലും വിശാലമായ ഭൂപ്രദേശമാണ്.
കഴിഞ്ഞവര്‍ഷം പാകിസ്താനിലെ ചൈനീസ് കോണ്‍സുലേറ്റിനു നേരെയുണ്ടായ ബലൂച് തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ട് പൊലിസ് ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."