രമ്യക്കെതിരായ പരാമര്‍ശം: എ. വിജയരാഘവന് താക്കീത്
തിരുവനന്തപുരം: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണെന്നും പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വിലയിരുത്തി.
ജനപ്രാതിനിധ്യ നിയമം 123(4)ന്റെ ലംഘനമാണിതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നല്കി. എല്‍.ഡി.എഫ് കണ്‍വീനറുടെ മോശം പരാമര്‍ശത്തിനെതിരേ ആലത്തൂര്‍ കോടതിയില്‍ രമ്യ ഹരിദാസ് പരാതി നല്‍കിയിരുന്നു. പൊലിസ് കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി. കെ. സുധാകരനും എ. വിജയരാഘവനും രണ്ട് നീതിയാണെന്ന് രമ്യ ഇന്നലെ വനിതാ കമ്മിഷനെതിരേയും ആരോപണമുന്നയിച്ചിരുന്നു. സുധാകരനെതിരേ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും എ. വിജയരാഘവനെതിരേ പരാതി നല്കിയിട്ടുപോലും വനിതാ കമ്മിഷന് അനക്കമില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.
ഈ മാസം ഒന്നാം തിയതി പൊന്നാനിയില്‍ പി.വി അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്ത് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് ദ്വയാര്‍ഥ പരാമര്‍ശം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."