ആശ്വാസമായി മഴയെത്തി; ജില്ലയില്‍ ജലക്ഷാമം പഴയപടി തന്നെ
പാലക്കാട്: ചൂടിനെ ശമിപ്പിക്കാന്‍ മഴയെത്തിയെങ്കിലും ചൂടിന് ശമനമില്ലാതെ പാലാക്കാട്. കഴിഞ്ഞ ഒരു മാസമായി തുടരുന്ന കൊടും ചൂടും, കടുത്ത വരള്‍ച്ചയും ജനങ്ങളെ വലച്ചിരുന്നു. ഇതിന് ആശ്വാസമായി ശനിയാഴ്ച വൈകിട്ടോടെ മഴ ലഭിച്ചുവെങ്കിലും ചൂട് കുറയ്ക്കാനുള്ള മഴ പെയ്തില്ല. 39 ഡിഗ്രി കടന്ന ചൂടില്‍ പാലക്കാട് വെന്തുരുക്കുകയാണ്.
വരള്‍ച്ചയും, കുടിവെള്ള ക്ഷാമവും രൂക്ഷമാക്കുന്ന ഈ സാഹചര്യത്തില്‍നല്ലൊരു മഴ പെയ്യുന്നതും കാത്തിരിക്കുകയാണ് ജനങ്ങള്‍. കൊടും വേനലില്‍ ജില്ലയിലെ കുടിവെള്ള സ്രോതസുകളെല്ലാം വറ്റിവരണ്ടിരിക്കുകയാണ്. ദാഹമകറ്റാന്‍ പോലും ഒരു തുള്ളി വെള്ളം ലഭിക്കാതെ ജില്ല വിയര്‍ത്തൊഴുകുകയാണ്.
കേരളത്തിന്റെ നെല്ലറയായ പാലക്കാട് ഇപ്പോള്‍ നെല്ല് പോലും അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് കൊണ്ടുവരുന്നത്. ഇനിയിപ്പോള്‍ കുടിക്കാന്‍ വെള്ളം കൂടി അവരില്‍നിന്ന് പൈസകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ്. കേരളത്തിനര്‍ഹതപ്പെട്ട ജലം പോലും നേടിയെടുക്കാതെ അധികാരികള്‍ നോക്കുകുത്തികളാകുമ്പോള്‍ പൈസകൊടുത്ത് തന്നെ സാധാരണക്കാര്‍ അവര്‍ക്കാവശ്യമായ വെള്ളം വാങ്ങിക്കേണ്ടി വരും.
കടുത്ത വരള്‍ച്ചയില്‍ ജില്ലയിലെ നെല്‍പാടങ്ങളെല്ലാം വീണ്ടുകീറിയിരിക്കുകയാണ്. വേനല്‍മഴ പെയ്താല്‍ മാത്രമേ ഒന്നാം വിളകൃഷിയിറക്കുവാന്‍ സാധിക്കുകയുള്ളു. വേനല്‍മഴയെ ആശ്രയിച്ചാണ് ജില്ലയിലെ കര്‍ഷകര്‍ കഴിയുന്നത്. ശനിയാഴ്ച പെയ്തമഴ ജില്ലയെ കുളിപ്പിച്ചുവെങ്കിലും കുടിവെള്ള പ്രശ്‌നം പരിഹരിച്ചിട്ടില്ല. ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള പ്രശ്‌നം ഇപ്പോള്‍തന്നെ രൂക്ഷമാണ്. ഇടവിട്ട് വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ കൊടുംചൂടില്‍നിന്നും വരള്‍ച്ചയില്‍നിന്നും ജില്ലയെ രക്ഷിയ്ക്കാനാവു. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ഈ ആഴ്ചയോടെ ജില്ലയില്‍ ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് കരുതുന്നത്. അതിനിടയില്‍ ശക്തമായ വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ ജില്ലയിലെ ചൂട് നിയന്ത്രിക്കാനാവൂ.
മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസം ഇരിക്കെ ജില്ലയാക്കെ ദാഹിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇടവിട്ട് വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ഒരു മാസം കൊണ്ട് ജില്ല ഒരു മരുഭൂമിക്ക് സമമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."