കൃഷി വികസനത്തിന് വാഗ്ദാനങ്ങള്‍ ഒട്ടേറെ; പാടങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ സംവിധാനമില്ല
തൃക്കരിപ്പൂര്‍: അധികൃതരുടെ അനാസ്ഥ മൂലം തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ കൃഷിയിറക്കാന്‍ കഴിയാതെ നിരവധി കര്‍ഷകര്‍ ദുരിതത്തില്‍. പഞ്ചായത്ത്, മൈനര്‍ ഇറിഗേഷന്‍, കൃഷിവകുപ്പ് എന്നിവര്‍ കര്‍ഷകരോട് കാണിക്കുന്ന സമീപനം കാരണം ഹെക്ടര്‍ കണക്കിന് കൃഷിഭൂമിയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മിനി അണക്കെട്ടുകളുടെ അറ്റകുറ്റ പ്രവൃത്തി യഥാസമയം നടത്താത്തതും പഞ്ചായത്തിന്റെ അധീനതയിലുള്ള ചെറിയ ക്രോസ് ബാറുകളുടെ പലകകള്‍ മാറ്റി സ്ഥാപിക്കാത്തതുമാണ് ഉപ്പുവെള്ളം കയറാന്‍ കാരണമാകുന്നത്.
മൂന്നുവിളകള്‍ എടുത്തിരുന്ന പാടങ്ങളില്‍ മഴയാരംഭത്തില്‍ മാത്രമാണ് ഇപ്പോള്‍ കര്‍ഷകര്‍ ഒരു വിള മാത്രം ഇറക്കുന്നത്. രണ്ടാം വിളയും മൂന്നാം വിളയും കര്‍ഷകര്‍ മറന്ന മട്ടാണ്. ചില കര്‍ഷകര്‍ മൂന്നാം വിള ഇറക്കേണ്ട സമയത്ത് രണ്ടാം വിള ഇറക്കി പരീക്ഷിക്കാറുണ്ടെങ്കിലും ഉപ്പുവെള്ളം കയറി നെല്‍ചെടികള്‍ വളര്‍ച്ചയില്ലാതെ മുരടിക്കുന്ന അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഓരോ വര്‍ഷം കഴിയുന്തോറും പാടങ്ങളുടെ അളവ് ഉപ്പുവെള്ളം കയറി കുറഞ്ഞുവരുന്നുണ്ട്. ഉപ്പ് നഞ്ച് കയറിയാല്‍ പിന്നീട് പാടത്ത് കൃഷിയിറക്കാന്‍ സാധിക്കില്ല. ഇതാണ് മഴക്കാലത്ത് മാത്രം കൃഷി ഒതുങ്ങുന്നത്. വര്‍ഷാവര്‍ഷം ക്രോസ് ബാറുകള്‍ അറ്റകുറ്റപ്രവൃത്തി നടത്തിയാല്‍ മാത്രമേ ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് കൃഷി ഭൂമിയെ സംരക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നത്. ഏതാനും മീറ്ററുകള്‍ പലകയിട്ടാല്‍ പതിനായിരം ഏക്കര്‍ പാടം സംരക്ഷിക്കാം.
മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ തങ്കയം കക്കുന്നം മിനി അണക്കെട്ടിന് അറ്റകുറ്റ പ്രവൃത്തി നടത്താത്തതിനാല്‍ പതിനായിരക്കണക്കിന് ഏക്കര്‍ പാടമാണ് ഉപ്പുവെള്ളം കയറി നശിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയുടെ നെല്ലറയെന്നുവിശേഷിപ്പിക്കപ്പെടുന്ന പിലിക്കോട് പ്രദേശങ്ങലിലും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ നെല്‍പ്പാടങ്ങളിലും ഉപ്പുവെള്ളം കയറുന്നത് തടയാനാണ് 1963ല്‍ കക്കുന്നം മിനി അണക്കെട്ട് സ്ഥാപിച്ചത്. പിലിക്കോട്, പന്നിക്കാട്, ആനിയില്‍, കഞ്ചിയില്‍, ആറ്പൊതിപ്പാട്, പത്ത് പൊതിപ്പാട്, എലിക്കാട തുടങ്ങിയ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ അതിരു പങ്കിടുന്ന പ്രദേശങ്ങളിലെ നൂറോളം പാടങ്ങളില്‍ ഉപ്പുവെള്ളം ഈ മിനി അണക്കെട്ടില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നത്.
മിനി അണക്കെട്ടിന്റെ മധ്യഭാഗത്ത് ഷട്ടര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപ്പുവെളളം കയറുന്നത് തടയാനുള്ള പലക സ്ഥാപിച്ചിട്ടില്ല. രണ്ടു ഭാഗങ്ങളിലായി 300 മീറ്ററില്‍ താഴെ പലക സ്ഥാപിച്ചാല്‍ കൃഷി ഭൂമിയില്‍ ഉപ്പുവെള്ളം കയറുന്നത് തടയാനാകും. ആദ്യ കാലങ്ങളില്‍ ഇവിടെ രണ്ടും മൂന്നും വിളകളാണ് എടുത്തിരുന്നത്. കഴിഞ്ഞ തവണ കൃഷിയിറക്കിയ പലരും ഇത്തവണ കൃഷിയിറക്കാന്‍ തയാറായില്ല. വര്‍ഷാവര്‍ഷം പലകകള്‍ മാറ്റി അറ്റകുറ്റ പ്രവൃത്തി നടത്തിയിരുന്നെങ്കില്‍ ഓരോ വര്‍ഷവും നെല്‍പാടങ്ങളുടെ വിസ്തീര്‍ണ്ണം കുറഞ്ഞുവരികയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
തൃക്കരിപ്പൂര്‍ പഞ്ചായത്തിന്റെ കീഴിലുള്ള കൈക്കോട്ടുക്കടവ് ഉടുമ്പുന്തല ക്രോസ് ബാര്‍ കം ബ്രിഡ്ജിന്റെ പലക നശിച്ച് കൃഷിഭൂമിയിലേക്ക് ഉപ്പുവെള്ളം കയറുന്ന അവസ്ഥ കഴിഞ്ഞ മാസം വരെയുണ്ടായിരുന്നു. എന്നാല്‍ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആഴ്ചകള്‍ക്ക് മുന്‍പാണ് പലകയിട്ട് ഉപ്പുവെളളം കയറുന്നത് തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."