ഒളവട്ടൂരില്‍ പേപ്പര്‍ കവര്‍ നിര്‍മാണ യന്ത്രം തുരുമ്പെടുത്ത് നശിക്കുന്നു
കൊണ്ടോട്ടി: മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് തൊഴില്‍പരിശീലനം നല്‍കാനായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയ ലക്ഷങ്ങളുടെ പേപ്പര്‍ കവര്‍ നിര്‍മാണ യന്ത്രം തുരുമ്പെടുത്ത് നശിക്കുന്നു. പുളിക്കല്‍ പഞ്ചായത്തിലെ ഒളവട്ടൂര്‍ കൊരണ്ടിപറമ്പില്‍ 1998ല്‍ ആരംഭിച്ച മാനസിക ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നവരുടെ വിദ്യാലയത്തിലേക്ക് 2001 ല്‍ ലഭിച്ചതായിരുന്നു യന്ത്രം.
ആറു മാസത്തോളം പ്രദേശത്ത് തന്നെ സ്ഥാപിച്ച യന്ത്രം പിന്നീട് പ്രവര്‍ത്തിപ്പിക്കാന്‍ ത്രീ ഫേസ് ലൈന്‍ കണക്ഷന്‍ വേണമെന്നതിനാല്‍ രണ്ടു കിലോമീറ്റര്‍ അപ്പുറമുള്ള സൗകര്യപ്രദമായ യതീംഖാനക്കടുത്തുള്ള വെളുത്തപറമ്പില്‍ കൊണ്ടു പോയി പ്രവര്‍ത്തിപ്പിച്ചിരുന്നു. മൂന്നര ലക്ഷത്തോളം മുടക്കി വാങ്ങിയ യന്ത്രം ഒരു വര്‍ഷം മാത്രമേ പ്രവര്‍ത്തിപ്പിച്ചിട്ടുള്ളൂ. ഇപ്പോള്‍ വെളുത്ത പറമ്പില്‍ സ്വകാര്യകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ യന്ത്രവും പേപ്പറുകളും നശിച്ചുകിടക്കുകയാണ്.
2003 ല്‍ കെട്ടിട ഉടമയുടെ പരാതിയെത്തുടര്‍ന്ന് യന്ത്രം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല. ഉപയോഗശൂന്യമായ ഈ യന്ത്രമൊന്ന് ഒഴിവായിക്കിട്ടിയാല്‍ അങ്കണവാടിയിലെ കുട്ടികള്‍ക്കെങ്കിലും സൗകര്യമാവുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നു. അധികാരികള്‍ക്കൊന്നും ഇങ്ങനെയൊരു യന്ത്രത്തെക്കുറിച്ച് അറിയുകയുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."