ശോഭാ സുരേന്ദ്രന്റെ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘര്‍ഷം: എട്ടുപേര്‍ അറസ്റ്റില്‍
കല്ലമ്പലം: പള്ളിക്കലില്‍ ആറ്റിങ്ങല്‍ ലോക്‌സഭാ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാസുരേന്ദ്രന്റെ പര്യടന വാഹനം കഴിഞ്ഞ ദിവസം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് മൂതലയിലും പള്ളിക്കലിലും ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിലും അക്രമത്തിലും എട്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
സി.പി.എം പ്രവര്‍ത്തകരായ പള്ളിക്കല്‍ മുക്കംകോട് യാസ്മിന മന്‍സിലില്‍ സജീവ് റാഷിം(50), മടവൂര്‍ പുലിയൂര്‍ക്കോണം പുതുവല്‍ പുത്തന്‍ വീട്ടില്‍ ജഹാംഗീര്‍ (39), പള്ളിക്കല്‍ വാറുവിളാകം വീട്ടില്‍ യാസര്‍ എം. ബഷീര്‍ (39), പള്ളിക്കല്‍ എല്‍.പി.എസിന് സമീപം പുളിമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് മര്‍ഫി (40)എന്നിവരും ബി.ജെ.പി പ്രവര്‍ത്തകരായ പള്ളിക്കല്‍ മൂതല പനവിള വീട്ടില്‍ വിശ്വനാഥന്‍ (53), മൂതല മൂലഭാഗം അനിക വിലാസം വീട്ടില്‍ അനില്‍കുമാര്‍ (43), മൂതല പൊയ്കവിള പുത്തന്‍ വീട്ടില്‍ ജയന്‍ (36), മൂതല തെങ്ങുവിളവീട്ടില്‍ വിജയന്‍ (48) എന്നിവരുമാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാത്രി പള്ളിക്കല്‍ ജങ്ഷനില്‍ പ്രസംഗിക്കുവാന്‍ പര്യടന വാഹനത്തിലെത്തിയ ശോഭാസുരേന്ദ്രനെയാണ് ഇവിടെ പ്രസംഗിക്കുവാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് 50 ഓളം സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞത്. എന്നാല്‍ ശോഭാസുരേന്ദ്രന്‍ പ്രസംഗിക്കാതെ മടങ്ങില്ലെന്ന് പറഞ്ഞു. പ്രസംഗം ആരംഭിച്ചതോടെ ശോഭാസുരേന്ദ്രനെ ആക്രമിക്കാന്‍ ശ്രമിച്ച സി.പി.എം പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. ഇതില്‍ ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലിസ് എത്തിയാണ് ശോഭാ സുരേന്ദ്രന്റെ പര്യടനം തുടര്‍ന്നത്. എന്നാല്‍ മൂതലയിലും സമാന സംഭവം അരങ്ങേറി.
തുടര്‍ന്ന് ബുധനാഴ്ച രാവിലെ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കം നൂറോളം പേര്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ശോഭാ സുരേന്ദ്രന്റെ വാഹനം തടഞ്ഞിട്ടില്ലെന്നും പ്രകോപനപരമായ പ്രസംഗം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയാണുണ്ടായതെന്നും ബി.ജെ.പി ആണ് ആക്രമണം നടത്താന്‍ ശ്രമിച്ചതെന്നും സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."