കാരൂരിലെ തോട്ടാംകുളം ജലസമൃദ്ധിയില്‍
മാള: ആളൂര്‍ പഞ്ചായത്തിലെ തോട്ടാംകുളം ശുചീകരിച്ചതോടെ ജലസമൃദ്ധിയില്‍. പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് സംരക്ഷണ പ്രവര്‍ത്തനം നടത്തിയത്.
വലത്കര കനാലിലൂടെ ചാലക്കുടി പുഴയില്‍നിന്ന് വെള്ളമെത്തിയതോടെയാണ് കനാലിനു സമീപമുള്ള തോട്ടാംകുളത്തില് വെള്ളം നിറഞ്ഞത്. രൂക്ഷമായ ഈ വേനല്‍കാലത്ത് കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ആശ്രയിക്കാവുന്ന ജലസ്രോതസായി തോട്ടാംകുളം മാറിയിരിക്കുകയാണ്.
നിരവധി വര്‍ഷങ്ങളായി സംരക്ഷണമില്ലാതെ കാടുകയറി നശിച്ചുകൊണ്ടിരുന്ന തോട്ടാംകുളം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് സംരക്ഷണ നടപടിയുണ്ടായത്. പ്രദേശത്തെ ഒരു പ്രധാന ശുദ്ധജല സ്രോതസായിരുന്ന തോട്ടാംകുളം കാട് നിറഞ്ഞ് കുളമാണെന്നു തിരിച്ചറിയാത്ത വിധത്തില്‍ മാറിയിരുന്നു. പ്രദേശത്തെ കിണറുകളിലെ ജല ലഭ്യത ഉറപ്പു വരുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിരുന്ന തോട്ടാംകുളം കാടും പുല്ലും നിറഞ്ഞു വെറും ചതുപ്പു നിലം പോലെയായി മാറിയതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി.
കുളത്തില്‍ വളര്‍ന്ന കാടും പടലും പായലും ചണ്ടിയുമെല്ലാം നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ആദ്യം നടത്തിയത്.
കുളത്തില്‍ അടിഞ്ഞ ചളി നീക്കം ചെയ്ത് ആഴം വര്‍ധിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. കുളത്തിന്റെ സംരക്ഷണ ഭിത്തികള്‍ എല്ലാം നശിച്ചിരിക്കുകയാണ്.
പതിറ്റാണ്ടുള്ക്ക് മുന്‍പ് കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും ജലസേചനത്തിനുമെല്ലാം പ്രദേശ വാസികള്‍ ഉപയോഗിച്ചിരുന്ന തോട്ടാംകുളം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് അധികൃതര്‍ സംരക്ഷണത്തിന് തയാറായത്.
വേനല്‍ കാലത്തെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രയോജനപ്പെടുന്ന തോട്ടാംകുളം സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ച പഞ്ചായത്ത് അധികൃതരുടെ പ്രവര്‍ത്തനം നാട്ടുകാര്‍ സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."