കരുതിയിരുന്നാല്‍ നന്ന്
ഇന്ന് സ്വാതന്ത്ര്യ ദിനം. ഈ ദിവസം വരുമ്പോള്‍ മാത്രം നാം ആണ്ടിലൊരിക്കല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നു. പിറ്റേന്നുതന്നെ അതേപ്പറ്റി എല്ലാം മറന്നുപോകുന്നു. ഇതു തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. സ്വാതന്ത്ര്യം ഫലവത്തായോ എന്ന കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം ഉണ്ടാക്കാന്‍ ഇതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. അക്കാര്യം തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പക്ഷേ, ആ വഴിക്കുള്ള കാര്യമായ ഒരു ശ്രമവും നടന്നുകാണുന്നില്ല. ഇത് സങ്കടകരമായ ഒരു അവസ്ഥയാണ്.
വിദേശികള്‍ നമ്മെ ഭരിച്ചിരുന്ന കാലത്തൊക്കെ അവര്‍ നമ്മളെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് നാം വിശ്വസിക്കുന്നുണ്ട്. മിക്കവാറും ശരിയുമാണ് ഇത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ഇന്ത്യക്കാരെ അവര്‍ യൂറോപ്പില്‍ പീരങ്കി തീറ്റ ആക്കിമാറ്റി. നമ്മുടെ വിഭവങ്ങള്‍ കൊണ്ടുപോയി ഉല്‍പന്നങ്ങള്‍ ആക്കിമാറ്റി ലോകത്തെങ്ങും വന്‍ വിലയ്ക്കു വിറ്റു. പക്ഷേ, ഇതൊക്കെ കഴിഞ്ഞിട്ടും അവര്‍ രാജ്യം സ്വതന്ത്രമാക്കി നമുക്കു തന്നിട്ടു പോകുമ്പോള്‍ ഇന്ത്യാ രാജ്യത്തിന് ഒരുപാട് വിദേശ പണനിക്ഷേപം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ഇത്രയും കാലത്തെ ഭരണശേഷം നമുക്ക് ലോകത്തോടുള്ളത് ഒടുങ്ങാത്ത കടമാണ്. കിട്ടാവുന്ന സ്ഥലത്തു നിന്നൊക്കെ കടം വാങ്ങി ഇരിക്കുകയാണ്. ഈ കടങ്ങള്‍ ഒന്നുംതന്നെ ലാഭകരമായി നിക്ഷേപിക്കാനും കഴിഞ്ഞിട്ടില്ല.
സ്വാതന്ത്ര്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ നമുക്ക് കാര്യമായ പുരോഗതിയുണ്ടായി. വന്‍ വ്യവസായങ്ങളും അണക്കെട്ടുകളും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും വന്നു. രാഷ്ട്രാന്തരീയ രംഗത്ത് നമുക്ക് ഒരു വലിയ രാഷ്ട്രം എന്ന പരിഗണനയും മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രം എന്ന പേരുമുണ്ടായി. പിന്നെ പിന്നെ ഇതു രണ്ടും പോയ കാലത്തെ കാര്യങ്ങളായി. ജനപങ്കാളിത്തം ഇല്ലാത്ത ജനായത്തം എന്നുവേണം നമുക്ക് നമ്മളെ തന്നെ വിളിക്കാന്‍. കാരണം ഇവിടെ ഭരിച്ച ഒരു സര്‍ക്കാരും ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെ പിന്തുണ ഉള്ളവര്‍ ആയിരുന്നില്ല.
പല പാര്‍ട്ടികളും മത്സരിക്കുന്നതില്‍ കൂട്ടത്തില്‍ വോട്ട് കിട്ടുന്നവര്‍ ഭരണം കൈയടക്കി. അവരുടെ ജനപിന്തുണ എപ്പോഴുമെപ്പോഴും ഭൂരിപക്ഷത്തില്‍ കുറവും ആയിരുന്നു. അതായത്, എക്കാലത്തും ഒരു ന്യൂനപക്ഷ ഭരണമാണ് ഇവിടെ നടന്നത്. ജനപ്രാതിനിധ്യം എന്നത് ഒരു കടംകഥ ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഭരണം നിലനിര്‍ത്താന്‍ എപ്പോഴും പലതരത്തിലുള്ള ബന്ധങ്ങളും കൂട്ടുകെട്ടുകളും അന്വേഷിക്കുന്നു. അവിശുദ്ധമായ കൂട്ടുകെട്ടുകള്‍ പോലും നിലവില്‍ വരുന്നു. ഭരണം നിലനിര്‍ത്താനുള്ള ബദ്ധപ്പാട് മറ്റെല്ലാം വിസ്മൃതമാക്കുന്നു.
ജാതിമത ഭേദങ്ങളാണ് പുതുതായി കണ്ടുപിടിച്ചിട്ടുള്ള വിദ്യകള്‍. ജനങ്ങള്‍ ഒരുമിക്കാതിരിക്കാന്‍ ഇതു മതിയാകുന്നു. ഒരുമയില്ലാത്ത ജനങ്ങളുടെ നാട്, എന്തൊരു നാട്. അങ്ങനെ ഒരു നാടിന് എന്തു പുരോഗതി ഉണ്ടാകാന്‍. ആകെയുള്ള ഒരു ആശ്വാസം, നമ്മളിനിയും ഒരു പട്ടാള ഭരണത്തിലേക്ക് വഴിമാറിപ്പോയിട്ടില്ല എന്നാണ്. ചീട്ട് കശക്കി കളിച്ചു തോല്‍ക്കുന്നവര്‍ അവസാനം അതിനും വഴിവച്ചു കൂടെന്നില്ല. അങ്ങനെ ഒരു മഹാവിപത്ത് നമുക്ക് സംഭവിക്കാതിരിക്കട്ടെ.
ഏതൊരു ജനതയ്ക്കും അവരര്‍ഹിക്കുന്ന ഒരു ഭരണമേ കിട്ടൂ എന്നു പറയാറുണ്ട്. ഒന്നിച്ചു നില്‍ക്കുന്ന ആളുകളായി മാറാന്‍ നമുക്ക് നാളെയെങ്കിലും കഴിയുമാറാകട്ടെ. അതു സാധിച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ സാര്‍ഥകമാവും. ഈ സ്വാതന്ത്ര്യദിനം അങ്ങനെ ഒരു മാറ്റത്തിനു തുടക്കം കുറിക്കുന്ന ശുഭനിമിഷം ആയിത്തീരട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."