മാനവികതയും മതേതരത്വവും മോദി കേരളത്തില്‍നിന്ന് കണ്ടുപഠിക്കണം: യെച്ചൂരി
കോഴിക്കോട്: എല്ലാ മതവിഭാഗങ്ങളും മനുഷ്യനെ മനുഷ്യനായി കാണുന്ന കേരളത്തില്‍ നിന്നാണ് മാനവികതയും മതേതരത്വവും പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടുപഠിക്കേണ്ടതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൂട്ടാലിട, കക്കോടി, പേരാമ്പ്രയിലെ ചെമ്പ്ര റോഡ് മൈതാനം എന്നിവിടങ്ങളില്‍ നടന്ന എല്‍.ഡി.എഫ് പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളത്തിന്റെ സംസ്‌കാരവും മൂല്യങ്ങളും സംരക്ഷിക്കുമെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കേരളത്തിന്റെ സംസ്‌കാരത്തിനും ധാര്‍മിക മൂല്യങ്ങള്‍ക്കും വിരുദ്ധമായി, മാനവികതയെ തകര്‍ക്കുന്ന നിലപാടാണ് മോദി സ്വീകരിക്കുന്നതും പ്രചരിപ്പിക്കുന്നതെന്നും കേരളത്തില്‍ 20 സീറ്റില്‍ ഒന്നില്‍ പോലും ബി.ജെ.പി സ്ഥാനാര്‍ഥി ജയിക്കാതിരിക്കുക എന്നത് പ്രധാന ഉത്തരവദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്വേഷം, അക്രമം എന്നീ ആശയങ്ങളുടെ രാഷ്ട്രീയമാണ് മോദിയും കൂട്ടരും പ്രതിനിധീകരിക്കുന്നത്. സ്വകാര്യ പട്ടാളവും സദാചാര പൊലിസും ഇതിനായി ഇടപെടുന്നു. അഞ്ചുവയസുകാരിയെ കൂട്ടബലാത്സംഘം ചെയ്തവര്‍ക്കനുകൂലമായ നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചത്. കേരളത്തില്‍ ഒരു നിലപാടും കേരളത്തിന് പുറത്ത് മറ്റൊന്നുമാണ് ഇവര്‍ക്കുള്ളത്.
ഇന്ത്യ പുതിയ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്ന ഘട്ടത്തിലും രാഷ്ട്രീയ ധ്രുവീകരണത്തിന് വേദിയാകേണ്ട ഘട്ടത്തിലും മികച്ച ഇടപെടലാണ് കേളത്തിലെ ജനങ്ങള്‍ നടത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് ആവശ്യം കേവലം മതനിരപേക്ഷ സര്‍ക്കാര്‍ മാത്രമല്ല. മോദി സര്‍ക്കാരിന് ബദലാകാന്‍ സാധിക്കുന്ന സര്‍ക്കാരാണ് വേണ്ടത്. അതില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വലുതാണ്.
കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും എം.എല്‍.എമാര്‍ പരസ്പരം മാറിക്കൊണ്ടിരിക്കുന്നു. ഇവര്‍ക്ക് എങ്ങനെയാണ് മത്സരം നടത്താന്‍ സാധിക്കുക. സ്ഥിരമായ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തിന് മാത്രമേ വര്‍ഗീയതയെ ചെറുക്കാന്‍ സാധിക്കുകയുള്ളൂ. വര്‍ഗീയ കക്ഷികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."