യാക്കോബായ സഭ കോട്ടയം ഭദ്രാസന ഭരണസമിതി പിരിച്ചുവിട്ടു
കോട്ടയം: യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന ഭരണസമിതി പിരിച്ചുവിട്ട് ആകമാന സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ഉത്തരവിറക്കി. ഏറെ നാളായി ഭദ്രാസനത്തില്‍ ഉടലെടുത്ത തര്‍ക്കങ്ങളിലുള്ള തീര്‍പ്പായാണ് നടപടി. ഭദ്രാസന കൗണ്‍സില്‍, വൈദിക സമിതി തുടങ്ങിയവയും ഇതോടെ പിരിച്ചുവിടും. അതേസമയം, ഭദ്രാസനാധിപനായി തോമസ് മാര്‍ തിമോത്തിയോസ് തുടരാനും ഉത്തരവില്‍ പറയുന്നു.
ഇതോടെ യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമന്‍ ബാവയും കോട്ടയം ഭദ്രാസനാധിപനും തമ്മിലുടലെടുത്ത ശീതസമരത്തിനും തീര്‍പ്പായി. ഭദ്രാസന മെത്രാപ്പൊലീത്തയുടെയും അദ്ദേഹം നേതൃത്വംനല്‍കുന്ന ട്രസ്റ്റുകളുടെയും സ്വത്തുക്കളും സ്ഥാപനങ്ങളും സഭയുടെ ഉടമസ്ഥതയിലാക്കണം. ഭദ്രാസനാധിപനെന്ന അധികാരം നിലനിര്‍ത്തിയതില്‍ തിമോത്തിയോസിനും അദ്ദേഹത്തിന്റെ കീഴിലുള്ള സ്വത്തുക്കള്‍ സഭയിലേക്കു ചേര്‍ക്കപ്പെട്ടതോടെ ശ്രേഷ്ഠ കാതോലിക്കയ്ക്കും തീര്‍പ്പില്‍ വിജയം അവകാശപ്പെടാനാകും. സ്വത്തുക്കളുടെ മേലുള്ള അധികാരം സംബന്ധിച്ച തീര്‍പ്പ് ഭദ്രാസനാധിപന്മാരും ശ്രേഷ്ഠ കാതോലിക്കയും തമ്മില്‍ പുതിയ തര്‍ക്കങ്ങള്‍ക്കു വഴിതുറക്കാനും സാധ്യതയുണ്ട്.
സഭയുടെ 2002ലെ ഭരണഘടനയനുസരിച്ച് ഭദ്രാസന ഭരണം നടത്തണമെന്നു കല്‍പനയില്‍ പറയുന്നു. പള്ളികളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ പങ്കെടുപ്പിച്ചു ചേരുന്ന പള്ളിപ്രതിപുരുഷ യോഗത്തില്‍നിന്നു ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളെയും പുതിയ ഭരണസമിതിയെയും തെരഞ്ഞെടുക്കണം. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ, മെത്രാപ്പൊലീത്തമാരായ എബ്രഹാം മാര്‍ സേവേറിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്‌കോറോസ് എന്നിവര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനു നേതൃത്വം നല്‍കണം.
ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് അസൗകര്യമുള്ള പക്ഷം തോമസ് മാര്‍ തീമോത്തിയോസ് സൗകര്യമൊരുക്കി യോഗങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."