ഗുജറാത്തില്‍ റാലിക്കിടെ ഹാര്‍ദിക് പട്ടേലിന് മര്‍ദനം
അഹമ്മദാബാദ്: പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനുനേരേ തെരഞ്ഞെടുപ്പ് യോഗത്തില്‍ മര്‍ദനം. ജന്‍ ആക്രോശ് എന്ന പേരില്‍ ഗുജറാത്തിലെ സുരേന്ദ്ര നഗറില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു തരുണ്‍ ഗുജ്ജാര്‍ എന്നുപേരുള്ള ഒരാള്‍ സ്റ്റേജില്‍ കയറി ഹാര്‍ദിക്കിന്റെ മുഖത്തടിച്ചത്.
അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേല്‍ മുഖത്തടിയേറ്റ ഉടന്‍ പതറിപോയെങ്കിലും ഉടന്‍ മനസാന്നിധ്യം കൈവരിച്ച് തന്നെ മര്‍ദിച്ചയാളെ നേരിട്ടു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് ഇയാളെ കീഴ്‌പ്പെടുത്തി. തന്നെ ആക്രമിച്ച ആള്‍ക്കെതിരേ ഹാര്‍ദിക് പട്ടേല്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ തന്റെ ഭാര്യയുടെയും കുട്ടിയുടെയും ആരോഗ്യത്തെ ബാധിച്ചുവെന്നാരോപിച്ചാണ് അക്രമം നടത്തിയതെന്ന് ഇയാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പട്ടേല്‍ സമുദായ സമരം നടക്കുമ്പോള്‍ തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഈ സമയം വലിയ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നത്. അന്ന് തീരുമാനിച്ചതാണ് ഹാര്‍ദിക് പട്ടേലിനെ നേരിടുമെന്നത്. എവിടെവച്ചെങ്കിലും അദ്ദേഹത്തിനോട് പകരം വീട്ടുമെന്ന് താന്‍ തീരുമാനിച്ചിരുന്നുവെന്നും തരുണ്‍ ഗുജ്ജാര്‍ പറഞ്ഞു.
അഹമ്മദാബാദില്‍ ഹാര്‍ദിക് പട്ടേലിന്റെ റാലി നടക്കുമ്പോഴാണ് മകന് മരുന്ന് വാങ്ങിക്കാനായി താന്‍ എത്തുന്നത്. എന്നാല്‍ കടകളെല്ലാം അടച്ചതുകാരണം മരുന്ന ലഭിച്ചില്ല. റോഡും കടകളുമെല്ലാം കൈയേറിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തിന്റെ ഹിറ്റ്‌ലറാകുകയാണെന്നും ഇയാള്‍ ആരോപിച്ചു. എന്നാല്‍ തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാവാമെന്നും അവര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഹാര്‍ദിക് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."